ഏറ്റവും വെല്ലുവിളി നിറഞ്ഞ മത്സരപരീക്ഷകളിലൊന്നാണ് സിവിൽ സർവീസ്. ചിട്ടയായ പഠനം ഉണ്ടെങ്കിൽ മാത്രമേ ഉദ്യോഗാർത്ഥികൾക്ക് വിജയിക്കാൻ സാധിക്കൂ.
ദില്ലി: ഒരു ലക്ഷ്യമുണ്ടായിരിക്കുകയും അതിലേക്കെത്താൻ കഠിനാധ്വാനം നടത്തുകയും ചെയ്യുന്ന ആളുകൾക്ക് വിജയം സുനിശ്ചിതമാണ്. അത്തരത്തിൽ വിജയം നേടിയ നിരവധി വ്യക്തികൾ നമ്മുടെ കൺമുന്നിൽ തന്നെയുണ്ട്. അതിലൊരാളാണ് ഹരിയാനയിൽ നിന്നുള്ള കനിക ഗോയൽ എന്ന 23കാരി. കുട്ടിക്കാലം മുതൽ സിവിൽ സർവീസായിരുന്നു കനികയുടെ സ്വപ്നം. ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ തന്റെ
സ്വപ്നത്തിന് പിന്നാലെ കനിക സഞ്ചരിച്ചു തുടങ്ങി. ഒടുവിൽ 10 വർഷത്തിന് ശേഷം തന്റെ സ്വപ്നത്തെ ഈ പെൺകുട്ടി കൈപ്പിടിയിലൊതുക്കുക തന്നെ ചെയ്തു.
ഏറ്റവും വെല്ലുവിളി നിറഞ്ഞ മത്സരപരീക്ഷകളിലൊന്നാണ് സിവിൽ സർവീസ്. ചിട്ടയായ പഠനം ഉണ്ടെങ്കിൽ മാത്രമേ ഉദ്യോഗാർത്ഥികൾക്ക് വിജയിക്കാൻ സാധിക്കൂ. അതുകൊണ്ട് തന്നെ പഠനത്തിൽ മികവ് പുലർത്താൻ കനിക സ്കൂൾകാലം മുതൽ ശ്രദ്ധിച്ചിരുന്നു. പത്താം ക്ലാസിൽ മികച്ച മാർക്കോടെ പാസായ കനിക പന്ത്രണ്ടാം ക്ലാസിൽ സംസ്ഥാന തലത്തിൽ മികച്ച വിദ്യാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടു. ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രശസ്തമായ ലേഡി ശ്രീറാം കോളേജിലായിരുന്നു കനികയുടെ ഉന്നതവിദ്യാഭ്യാസം.
undefined
2022ൽ രണ്ടാം തവണത്തെ ശ്രമത്തിലാണ് കനിക സിവിൽ സർവീസ് നേടിയത്. ആദ്യശ്രമത്തിൽ പ്രിലിമിനറി മാത്രം കടക്കാനേ കനികക്ക് സാധിച്ചുള്ളൂ. അഖിലേന്ത്യാ തലത്തിൽ 9ാം റാങ്കോടെയായിരുന്നു കനികയുടെ ഐഎഎസ് വിജയം. മികച്ച റാങ്ക് നേടിയ ആദ്യത്തെ പത്ത് പേരിൽ പേര് കണ്ടപ്പോൾ എന്ത് തോന്നി എന്ന ചോദ്യത്തിന് കനികയുടെ മറുപടി ഇങ്ങനെ. ''എന്റെ പേര് 9ാം സ്ഥാനത്ത് കണ്ടപ്പോൾ ഞാനത് വീണ്ടും വീണ്ടും പരിശോധിച്ചു, ഉറപ്പാക്കാൻ വേണ്ടി. ഞാനൊരിക്കലും ഇത്രയും മികച്ച വിജയം പ്രതീക്ഷിച്ചിരുന്നില്ല.'' കഴിഞ്ഞ പത്ത് വർഷമായുള്ള പരിശ്രമം ഫലവത്തായി എന്നായിരുന്നു അഭിമാനത്തോടെയുള്ള കനികയുടെ മറുപടി.
സിവിൽ സർവീസ് പരീക്ഷയിലെ തൻ്റെ വിജയത്തിന് കാരണം എപ്പോഴും പിന്തുണയും പ്രോത്സാഹനവും നൽകി കൂടെ നിന്ന മാതാപിതാക്കളാണെന്ന് കനിക പറയുന്നു. മികച്ച റാങ്ക് നേടാനായതിന്റെ മുഴുവൻ കടപ്പാടും അവൾ മാതാപിതാക്കൾക്കാണ് നൽകുന്നത്. ഏഴാം ക്ലാസ് മുതൽ സിവിൽ സർവ്വീസ് എന്ന ഒറ്റ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടായിരുന്നു കനിക പഠനം മുന്നോട്ട് കൊണ്ടുപോയത്. ഭക്ഷണം കഴിക്കാനും ഉറങ്ങാനും മറ്റ് കാര്യങ്ങൾക്കും സമയം ക്രമീകരിച്ചു. അതിന് ശേഷമായിരുന്നു പഠനം. പഠനവും ഒപ്പം തന്നെ വിശ്രമവും പ്രധാനപ്പെട്ടതാണന്ന് കനിക ചൂണ്ടിക്കാണിക്കുന്നു. ഒരു ദിവസം 10 മണിക്കൂർ പഠനത്തിനായി മാറ്റിവെച്ചു. ബിരുദ പഠനത്തിന്റെ മൂന്നാം വർഷം മുതൽ സിവിൽ സർവീസ് പഠനത്തിനായി മാത്രം മാറ്റിവെച്ചു.
തോൽവികളിൽ നിരാശരാകരുതെന്ന് ഈ പെൺകുട്ടി പറയുന്നു. ''കഠിനാധ്വാനം തുടരുക, സ്‌മാർട്ട് വർക്ക് ചെയ്യുക. തീക്ഷ്ണമായ പരിശ്രമം ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ അത് നേടാൻ സാധിക്കും. പ്രിലിമിനറി ആയാലും മെയിൻ ആയാലും ഇൻ്റർവ്യൂ ആയാലും ഏത് ഘട്ടത്തിലും നിങ്ങൾക്ക് തിരിച്ചടി നേരിട്ടാലും അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് മുന്നോട്ട് പോകുക. നിങ്ങൾ തീർച്ചയായും വിജയിക്കും.'' കനികയുടെ വാക്കുകളിങ്ങനെ.
11ാം വയസ്സിൽ വിവാഹം, 20ാമത്തെ വയസ്സിൽ പിതാവ്, 21ാമത്തെ വയസ്സിൽ നീറ്റ് പരീക്ഷയിൽ ഉന്നതവിജയം