എന്നാൽ പരീക്ഷ ഫലം എന്ന് പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
ദില്ലി: സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം ഇനിയും വൈകാൻ സാധ്യത. പരീക്ഷ ഫലം പ്രസിദ്ധീകരിക്കാത്തത് ഉപരിപഠനത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. ഫലം വരുന്നത് വരെ സർവ്വകലാശാല പ്രവേശനം തുടങ്ങരുതെന്ന് സിബിഎസ്ഇ യുജിസിക്ക് കത്തയച്ചു.
സംസ്ഥാന ബോർഡുകളുടെ ഫലം പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്ക് ശേഷവും സിബിഎസ്ഇ ഫലം പുറത്തുവരാത്തതിന്റെ ആശങ്കയിലാണ് വിദ്യാർത്ഥികൾ. മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ പ്രൊഫഷണൽ കോളേജുകളിലേക്കുള്ള പ്രവേശനം തുടങ്ങികഴിഞ്ഞു. പലയിടങ്ങളിലും അപേക്ഷ നൽകാനുള്ള അവസാന തീയ്യതി ഈ ആഴ്ച അവസാനിക്കുകയാണ്. ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ സിബിഎസ്ഇ പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാൻ സാധിക്കുന്നില്ല.
undefined
വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സിബിഎസ്ഇ ഇക്കാര്യത്തിൽ യുജിസിക്ക് കത്തയച്ചത്. സിബിഎസ്ഇ ഫലം വരുന്നത് വരെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി നീട്ടി വെക്കാൻ സർവ്വകലാശാലകൾക്ക് നിർദേശം നൽകണമെന്നാണ് സിബിഎസ്ഇ കത്തിൽ ആവശ്യപ്പെട്ടത്. പ്രവേശന നടപടികൾ പാടില്ലെന്ന് നിർദ്ദേശിക്കണമെന്നും സിബിഎസ്ഇയുടെ കത്തിൽ പറയുന്നു.
ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്നോ, വൈകുന്നതിന്റെ കാരണമെന്തെന്നോ സിബിഎസ്ഇ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അസമിലെ വെള്ളപ്പൊക്കം ഉൾപ്പടെയുള്ള വിഷയങ്ങൾ ബാധിച്ചു എന്നാണ് സിബിഎസ്ഇ വൃത്തങ്ങൾ പറയുന്നത്. ജൂലൈ നാലിനും പത്തിനുമായി ഫലം പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും വൈകുമെന്ന് സിബിഎസ്ഇ അധികൃതർ തന്നെ വ്യക്തമാക്കുകയായിരുന്നു.