ആത്മഹത്യാ ഭീഷണി മുഴക്കി ലോക്കോ പൈലറ്റ്; മാനസിക ചികിത്സാ കേന്ദ്രത്തിലേക്ക് അയച്ച റെയില്‍വെ നടപടിയില്‍ പ്രതിഷേധം

By Web Team  |  First Published Nov 10, 2023, 8:33 AM IST

 മികച്ച പ്രവര്‍ത്തനത്തിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ക്കും ഉള്‍പ്പെടെ പലതവണ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ശ്യാമിന് 2022ല്‍ ഒരു ചെറിയ പിഴവിന്റെ പേരില്‍ നോട്ടീസ് ലഭിച്ചു. അന്ന് മുതലാണ് സംഭവങ്ങളുടെ തുടക്കം.


ന്യൂഡല്‍ഹി: താന്‍ നല്‍കിയ പരാതികളില്‍ നടപടി സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടി ആത്മഹത്യാ ഭീഷണി മുഴക്കിയ ലോക്കോ പൈലറ്റിനെ മാനസിക ചികിത്സാ കേന്ദ്രത്തിലേക്ക് അയച്ച് റെയില്‍വെ. ഒന്‍പത് ദിവസം മാനസിക രോഗ കേന്ദ്രത്തില്‍ കഴിഞ്ഞ് രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് നേടി തിരികെയെത്തിയപ്പോള്‍ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതിന് മുമ്പ് റിഫ്രഷര്‍ കോഴ്സ് കൂടി അറ്റന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ്  ആഗ്ര റെയില്‍ ഡിവിഷന്‍ അധികൃതര്‍ പകപോക്കുന്നതെന്ന് ലോക്കോ പൈലറ്റുമാരുടെ സംഘടന ആരോപിച്ചു.

ആഗ്ര ഡിവിഷനിലെ ലോക്കോ പൈലറ്റ് ശ്യാം സിങിനെതിരെയാണ് നടപടികള്‍. 1996ല്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റായി ജോലിയില്‍ പ്രവേശിച്ച ശ്യാം കഴിഞ്ഞ ഒരു വര്‍ഷമായി സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ യുദ്ധത്തിലാണ്. മികച്ച പ്രവര്‍ത്തനത്തിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ക്കും ഉള്‍പ്പെടെ പലതവണ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ശ്യാമിന് 2022ല്‍ ഒരു ചെറിയ പിഴവിന്റെ പേരില്‍ നോട്ടീസ് ലഭിച്ചു. ഇതിനുള്ള മറുപടിയില്‍ ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിക്കുകയും ഒപ്പം തന്നോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പകപോക്കുകയാണെന്നും ആരോപിച്ചു. 

Latest Videos

undefined

എന്നാല്‍ മറുപടി പരിഗണിക്കപ്പെടുകയോ നടപടികളുണ്ടാവുകയോ ചെയ്യാതെ വന്നതിനെ തുടര്‍ന്ന് 2023 ഡിസംബര്‍ 23ന് സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കി. പിന്നീട് സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പലരും സ്വയം വിരമിക്കരുതെന്നും നിയമ പോരാട്ടം നടത്തണമെന്നും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സ്വയം വിരമിക്കല്‍ അപേക്ഷ പിന്‍വലിച്ചു. എന്നാല്‍ ഇത് ഇത് പരിഗണിക്കാതിരുന്ന അധികൃതര്‍ 2023 ഫെബ്രുവരി പത്തിന് അദ്ദേഹത്തെ ജോലിയില്‍ നിന്ന് ഒഴിവാക്കി. ഈ നടപടിക്കെതിരെ അലഹബാദ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് സ്റ്റേ വാങ്ങി.

Read also:  'റെയില്‍വേ പാളം ഇതിനുള്ള സ്ഥലമല്ല'; യൂട്യൂബറെ കണ്ടെത്തി കേസെടുത്ത് ആര്‍പിഎഫ്

ജോലിയില്‍ തിരിച്ചെത്തിയെങ്കിലും അവഗണന തുടര്‍ന്നു. പരിചയ സമ്പന്നനായ ലോക്കോ പൈലറ്റാണെങ്കിലും താഴ്ന്ന പദവിയിലുള്ള ജോലികള്‍ നല്‍കി. ചരക്ക് ട്രെയിനുകളില്‍ അസിസ്റ്റന്റ് ഡ്രൈവറായി നിയോഗിച്ചു. ഇത്തരം നടപടികള്‍ റെയില്‍വെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഇന്ത്യന്‍ റെയില്‍വെ ലോക്കോ റണ്ണിങ്മെന്‍ ഓര്‍ഗനൈസേഷന്‍ ആരോപിക്കുന്നു. സംഘടനയാണ് ശ്യാം സിങിന് നിയമ സഹായം നല്‍കുന്നത്.

തന്നെ മെയില്‍, എക്സ്പ്രസ് ട്രെയിനുകളില്‍ ജോലിക്ക് നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ കത്ത് നല്‍കിയിട്ടും അതെല്ലാം അവഗണിച്ചു. തുടര്‍ന്നാണ് ജീവനക്കാര്‍ക്കുള്ള പരാതി ബുക്കില്‍,  തന്റെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ അവഗണന അവസാനിപ്പിക്കാന്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് എഴുതിവെച്ചത്. ഇത് ആയുധമാക്കിയ അധികൃതര്‍ മാനസിക നില പരിശോധിക്കണമെന്ന നിലപാടെടുത്തു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ആവശ്യപ്പെടുന്നതെന്ന് ചോദിച്ചെങ്കിലും നിരവധി ആളുകളുടെ സുരക്ഷയുടെ പ്രശ്നമാണെന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു അധികൃതര്‍ മറുപടി നല്‍കിയത്. കൗണ്‍സിലിങ് നടത്തി പരാതികള്‍ കേള്‍ക്കുന്നതിന് പകരം പരാതി നല്‍കുന്നവനെ അതിന്റെ പേരില്‍ പിന്നെയും ദ്രേഹിക്കുകയാണ് റെയില്‍വെ എന്ന് സംഘടന കുറ്റപ്പെടുത്തുന്നു.  റെയില്‍വെ ബോര്‍ഡ് വിഷയത്തില്‍ ഇടപടണമെന്നും സംഘടന ആവശ്യപ്പെടുന്നു.

ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 9 ദിവസം മാനസിക രോഗ ചികിത്സാ കേന്ദ്രത്തില്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ എന്‍.സി.സി.ടി എന്ന മറ്റൊരു സ്കാനിങ് പരിശോധനയ്ക്ക് അയച്ചു. അതിലും പ്രശ്നമില്ലെന്ന് കണ്ടെത്തിയപ്പോള്‍ റീഫ്രഷന്‍ കോഴ്സ് അറ്റന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചു. ലോക്കോ പൈലറ്റുമാര്‍ക്ക് മൂന്ന് വര്‍ഷത്തിലൊരിക്കലാണ് റിഫ്രഷര്‍ കോഴ്സ്. ശ്യാമിന്റെ റിഫ്രഷര്‍ കോഴ്സ് അടുത്ത വര്‍ഷമാണ് നടക്കേണ്ടത്. എന്നാല്‍ പ്രതികാര നടപടിയായി ഇപ്പോള്‍ തന്നെ കോഴ്സിന് അയക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 

അതേസമയം ആരോപണങ്ങള്‍ റെയില്‍വെ അധികൃതര്‍ നിഷേധിച്ചു. സിങിന്റെ പരാതികള്‍ പരിഗണിച്ചിട്ടുണ്ടെന്നും അനീതി സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും ഡിവിഷണല്‍ പി.ആര്‍.ഒ പറയുന്നു. മാനസിക നില ശരിയാണെന്ന് ഉറപ്പിക്കാനാണ് പരിശോധന നടത്തിയതെന്നും സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!