പത്താം ക്ലാസുകാർക്ക് പോസ്റ്റ് ഓഫീസില്‍ ഗ്രാമീൺ ഡാക് സേവക് ഒഴിവുകൾ; അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ!

By Web Team  |  First Published Feb 15, 2023, 11:16 AM IST

ഇതിൽ 2462 ഒഴിവുകൾ കേരള സർക്കിളിലാണ്. പത്താം ക്ലാസ് പാസ്സായവർക്കാണ് അവസരം. ഡിവിഷനുകൾ തിരിച്ചാണ് ഒഴിവുകൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്. 


തിരുവനന്തപുരം: തപാൽ  വകുപ്പിൽ ​ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) നിയമനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 16 നാളെ അവസാനിക്കും. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ/ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകൾ. രാജ്യത്താകെ 34 പോസ്റ്റൽ സർക്കിളുകളിലായി 40889 ഒഴിവുകളാണുള്ളത്. ഇതിൽ 2462 ഒഴിവുകൾ കേരള സർക്കിളിലാണ്. പത്താം ക്ലാസ് പാസ്സായവർക്കാണ് അവസരം. ഡിവിഷനുകൾ തിരിച്ചാണ് ഒഴിവുകൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്. 

ജോലി ചെയ്യുന്ന സമയം കൂടി പരി​ഗണിച്ചാണ് ശമ്പളം നിശ്ചയിക്കുക. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് 12000 രൂപ മുതൽ 29380 രൂപ വരെ ലഭിക്കും. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ/ഡാക്  സേവക് തസ്തികയിൽ നാലു മണിക്കൂറിന് 10000 രൂപ മുതൽ 24470 രൂപ വരെ ലഭിക്കും. അപേക്ഷകർ മാത്തമാറ്റിക്സും ഇം​ഗ്ലീളും ഉൾപ്പെട്ടെ പത്താം ക്ലാസ് പരീക്ഷ പാസ്സായിരിക്കണം. പ്രാദേശിക ഭാഷയും ഒരു വിഷയമായി പഠിച്ചിരിക്കണം. കേരള, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ മലയാളമാണ് ഔ​ദ്യോ​ഗിക പ്രാദേശിക ഭാഷ. കംപ്യൂട്ടർ പരിജ്ഞാനം വേണം. സൈക്ലിം​ഗ് അറിഞ്ഞിരിക്കണം. ഉദ്യോ​ഗാർത്ഥികൾക്ക് മറ്റ് ജീവിതമാർ​ഗമുണ്ടായിരിക്കണം. 

Latest Videos

undefined

18നും 40 നും ഇടയിലാണ് പ്രായപരിധി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി കണക്കാക്കിയാണ് പ്രായം തീരുമാനിക്കുക. ഉയർന്ന പ്രായപരിധിയിൽ എസ് സി എസ് ടി വിഭാ​ഗത്തിന് 5 വർഷവും ഒബിസി വിഭാ​ഗത്തിന് മൂന്നു വർഷവും വയസ്സിളവ് ലഭിക്കും. ഇഡബ്ലിയുഎസ് വിഭാ​ഗത്തിന് വയസ്സിളവില്ല. ഭിന്നശേഷിക്കാർക്ക് 10 വർഷമാണ് വയസ്സിളവ്. ഭിന്നശേഷിക്കാരായ ഒബിസി വിഭാ​ഗക്കാർക്ക് 13 വർഷവും ഭിന്നശേഷിക്കാരായ എസ് എസി, എസ് ടി വിഭാ​ഗത്തിന് 15 വർഷവും ഇളവ് ലഭിക്കും. അപേക്ഷിക്കുമ്പോൾ പോസ്റ്റ് ഓഫീസുകളുടെ മുൻ​ഗണന രേഖപ്പെടുത്തണം. വിവരങ്ങൾക്ക് www.indiapostgdsonline.gov.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 16.


 

click me!