എന്താണ് സൈബർ സുരക്ഷ? വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളെക്കുറിച്ച്...

By Web Team  |  First Published Nov 22, 2022, 3:01 PM IST

ഇന്ത്യ വളർന്ന് വരുന്ന ഒരു ഐ.ടി. ഹബ്ബായതിനാൽ ഇന്റർനെറ്റ്, വയർലെസ് നെറ്റ് വർക്ക്, കമ്പ്യൂട്ടർ സിസ്റ്റം എന്നിവയെ കൂടുതൽ ആശ്രയിക്കുന്നതുകൊണ്ട് രാജ്യത്തെ സൈബർ സുരക്ഷയ്ക്ക് വളരെ പ്രാധാന്യമുണ്ട്. 


തിരുവനന്തപുരം: ലോകത്ത് അനുദിനം വിവര സാങ്കേതിക വിദ്യയില്‍ പുതിയ പരീക്ഷണങ്ങളാണ് നടക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം നിരവധി തൊഴിൽ സാധ്യതകളും ഇത് തുറന്നിടുന്നു. ഈ മേഖലയിലെ ജോലിക്കായി ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്ന കോഴ്സുകളാവട്ടെ ലോകത്തിന്റെ ഏതു കോണിലിരുന്നും ആര്‍ക്കും പഠിക്കാവുന്നതുമാണ്. കൊവിഡ്-19 മഹാമാരി മൂലം നിരവധി പേര്‍ക്ക് ജോലിയും തൊഴിലവസരങ്ങളും നഷ്ടമായി.

എന്നാല്‍ മറുവശത്ത് വിവര സാങ്കേതിക വിദ്യയുടെ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനു കൂടിയാണ് കൊവിഡ് കളമൊരുക്കിയത്. ചില്ലറ വിപണനം, ആരോഗ്യരംഗം, വിദ്യാഭ്യാസം, വിനോദം, മാധ്യമങ്ങള്‍ എന്നിങ്ങനെ പരമ്പരാഗത ബിസിനസുകള്‍ എല്ലാം  ഓണ്‍ലൈനിലേക്ക് ചുവടുമാറ്റിയത് ജീവിതത്തിന്റെ നാനാ തുറകളില്‍പെട്ട സാധാരണക്കാര്‍ പോലും സാങ്കേതികവിദ്യയെ വാരിപ്പുണരാന്‍ കാരണമായി. മാത്രമല്ല, ഇത്  വര്‍ക്ക് ഫ്രം ഹോം മോഡിലേക്ക് നീങ്ങിയ ഐ.ടി. കമ്പനികള്‍ക്ക് എല്ലാം തന്നെ വന്‍ ബിസിനസ് വളര്‍ച്ച നേടികൊടുത്തു. 

Latest Videos

undefined

സൈബര്‍ സെക്യൂരിറ്റി
ഈ ആധുനിക ലോകത്തിൽ ഇന്റർനെറ്റ്  ഏറെ വെല്ലുവിളി നേരിടുന്ന മേഖലയാണ് സൈബർ സുരക്ഷ. ഓരോ നിമിഷവും വ്യക്തിഗത വിവരങ്ങളടക്കം ചോരുന്നത് ഇന്ന് പതിവാണ്. അതിൽ നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാം എന്ന് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. നെറ്റ് വർക്കുകൾ, കമ്പ്യൂട്ടറുകൾ, ഡാറ്റ, പ്രോഗ്രാമുകൾ എന്നിവ ചൂഷണം ചെയ്യാൻ ലക്ഷ്യമിടുന്ന അനധികൃത ആക്രമണങ്ങളിൽ നിന്ന് കമ്പ്യൂട്ടർ സിസ്റ്റത്തെ സംരക്ഷിക്കുന്നതിനുള്ള ഒരു കവചമാണ് സൈബർ സുരക്ഷ. 

ഇന്ത്യ വളർന്ന് വരുന്ന ഒരു ഐ.ടി. ഹബ്ബായതിനാൽ ഇന്റർനെറ്റ്, വയർലെസ് നെറ്റ് വർക്ക്, കമ്പ്യൂട്ടർ സിസ്റ്റം എന്നിവയെ കൂടുതൽ ആശ്രയിക്കുന്നതുകൊണ്ട് രാജ്യത്തെ സൈബർ സുരക്ഷയ്ക്ക് വളരെ പ്രാധാന്യമുണ്ട്. സൈബർ സുരക്ഷ ‘ഇൻഫർമേഷൻ ടെക്‌നോളജി സെക്യൂരിറ്റി’ അല്ലെങ്കിൽ ‘ഇലക്ട്രോണിക് ഇൻഫർമേഷൻ സെക്യൂരിറ്റി’ എന്നും അറിയപ്പെടുന്നു. സൈബർ സുരക്ഷയിൽ ബിസിനസ്സ് മുതൽ മൊബൈൽ കമ്പ്യൂട്ടിംഗ് വരെ ഒന്നിലധികം ഡൊമെയ്നുകൾ ഉൾപ്പെടുന്നു. 'സൈബർ' എന്ന പദം കമ്പ്യൂട്ടർ, കമ്പ്യൂട്ടർ നെറ്റ് വർക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഇന്റർനെറ്റ് ആവാസവ്യവസ്ഥകൾ തമ്മിലുള്ള ഈ ബന്ധം സൈബർസ്പേസ് രൂപപ്പെടുത്തുന്നു. കൂടാതെ, ഈ സൈബർസ്പേസ് സൈബർ സെക്യൂരിറ്റിയുടെ ആവശ്യകതയിലേക്ക് നയിക്കുന്ന വിവിധ പ്രശ്‌നങ്ങളെയും ഉൾക്കൊള്ളുന്നു. 

ഇന്ത്യയിലെ സൈബർ സുരക്ഷയുടെ പ്രാധാന്യവും ആവശ്യകതയും മനസ്സിലാക്കാൻ സൈബർ സുരക്ഷയുടെ അടിസ്ഥാനകാര്യങ്ങൾ സമഗ്രമായി മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. സമൂഹ മാധ്യമ നെറ്റ് വർക്കുകളിൽ ഒരു വ്യക്തി പങ്കിടുന്ന ഫോട്ടോകളോ വീഡിയോകളോ വ്യക്തിഗത വിവരങ്ങളോ മറ്റുള്ളവർക്ക് അനുചിതമായി ഉപയോഗിക്കാം. എന്നാൽ ഇത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കും. രാജ്യത്തെയും പൗരന്മാരെയും കുറിച്ച് ഗവൺമെന്റിന് ധാരാളം രഹസ്യാത്മക വിവരങ്ങൾ ഉണ്ട്. ആ വിവരങ്ങൾ ചോർന്നാൽ അത് രാഷ്ട്രത്തിന് ഗുരുതരമായ ഭീഷണി ഉയർത്തും. 

ഡാറ്റ ഒരു ബിസിനസിന്റെ നട്ടെല്ലാണ്. കമ്പനികൾ അവരുടെ സിസ്റ്റത്തിൽ വലിയ അളവിൽ ഡാറ്റയും വിവരങ്ങളും സംഭരിച്ചിരിക്കുന്നു. സൈബർ ആക്രമണങ്ങളിൽ ഉപഭോക്താക്കളുടെ സ്വകാര്യ ഡാറ്റ ഉൾപ്പെടെയുള്ള  നിർണായക വിവരങ്ങൾ നഷ്ടപ്പെടാനിടയുണ്ട്. അങ്ങനെ സംഭവിച്ചാൽ കമ്പനിയോടുള്ള  പൊതുവിശ്വാസം നഷ്ടപ്പെടുകയും, സ്ഥാപനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. സൈബർ ആക്രമണ കേസുകൾ ഗണ്യമായി വർദ്ധിക്കുമ്പോഴും, മറുവശത്ത് സൈബർ സുരക്ഷാ സംരംഭങ്ങളും വികസിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലെ സൈബർ സുരക്ഷയുടെ അടിസ്ഥാനകാര്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവിശ്യമാണ്. അതിലൂടെ ജനങ്ങൾക്ക് സ്വയം പരിരക്ഷ ഉറപ്പാക്കാൻ സാധിക്കും. 

(തുടരും)

click me!