ടൈംസ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്: ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ഒന്നാമത്, പട്ടികയിൽ കേരളത്തിലെ ഈ സർവകലാശാലയും

By Web Team  |  First Published Oct 10, 2024, 4:14 PM IST

തുടർച്ചയായി ഒമ്പതാം വർഷവും ഓക്‌സ്‌ഫോർഡ് സർവ്വകലാശാല ഒന്നാം സ്ഥാനം നിലനിർത്തി. യുഎസിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആണ് രണ്ടാമത്.


ലണ്ടൻ: ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025ൽ യുകെയിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വീണ്ടും ഒന്നാമത്. തുടർച്ചയായി ഒമ്പതാം വർഷവും സർവ്വകലാശാല ഒന്നാം സ്ഥാനം നിലനിർത്തി. യുഎസിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) ആണ് രണ്ടാമത്. ഹാർവാർഡ് സർവകലാശാല കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്നുവെങ്കിൽ ഇത്തവണ മൂന്നാമതെത്തി. 

അതേസമയം സ്റ്റാൻഫോർഡ് സർവകലാശാല രണ്ടാം സ്ഥാനത്തുനിന്നും ആറാം സ്ഥാനത്തേക്ക് താഴ്ന്നു. അധ്യാപനം, ഗവേഷണ അന്തരീക്ഷം, അന്താരാഷ്ട്ര വീക്ഷണം എന്നിവയിലെ സ്‌കോറുകൾ കുറയുന്നതാണ് സ്റ്റാൻഫോർഡ് പിന്നിലാവാൻ കാരണമെന്ന് വെബ്‌സൈറ്റ് വിശദീകരിച്ചു. പ്രിൻസ്റ്റൺ സർവകലാശാല ആറിൽ നിന്ന് നാലാം സ്ഥാനത്തേക്കും മുന്നേറി. 

Latest Videos

undefined

യുകെയിലെയും യുഎസിലെയും സർവകലാശാലകളാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്. അതേസമയം അഭിപ്രായ സർവെ പ്രകാരം യുകെയിലെ അധ്യാപന രംഗത്തെ കുറിച്ചുള്ള നല്ല അഭിപ്രായത്തിൽ  3 ശതമാനവും ഗവേഷണ രംഗത്തെ മികവിൽ 5 ശതമാനവും കുറവുണ്ടായി. 93,000-ലധികം പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ള അക്കാദമിക് റെപ്യൂട്ടേഷൻ സർവേ പ്രകാരമാണിത്. 

അതേസമയം കേരളത്തിലെ എംജി സർവകലാശാല 401 മുതൽ 500 വരെയുള്ള വിഭാഗത്തിലെത്തി. കഴിഞ്ഞ തവണ 501 - 600 വിഭാഗത്തിലായിരുന്നു എംജി യൂണിവേഴ്സിറ്റി. തമിഴ്നാട്ടിലെ അണ്ണാ സർവകലാശാല, ഹിമാചൽ പ്രദേശിലെ ശൂലിനി യൂണിവേഴ്സിറ്റി എന്നിവയും 401 മുതൽ 500 വരെയുള്ള റാങ്ക് പട്ടികയിലുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് 251 - 300 ഇടയിൽ റാങ്കുണ്ട്. 

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഹാർവാർഡ് യൂണിവേഴ്സിറ്റി, പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി,  കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലണ്ടൻ ഇംപീരിയൽ കോളേജ്, യേൽ യൂണിവേഴ്സിറ്റി എന്നിവയാണ് ആദ്യ 10 റാങ്കിലുള്ളത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!