ഹൈഡ്രജന്‍ ഇന്ധനമാകുന്ന കാലം വരും; ഗവേഷണ അറിവുകളുമായി ഡോ. സില്‍വിയ

By Web Team  |  First Published Oct 29, 2022, 3:15 PM IST

നിലവില്‍ പല യൂറോപ്യന്‍ രാജ്യങ്ങളിലും ഏഷ്യന്‍ രാജ്യങ്ങളിലും ഹൈഡ്രജന്‍ ഇന്ധനമാക്കുന്നത് സംബന്ധിച്ച് ഗവേഷണം പുരോഗമിക്കുന്നുണ്ടെന്ന് സില്‍വിയ


കോഴിക്കോട് : ഹരിത ആല്‍ഗകളില്‍ നിന്ന് ഹൈഡ്രജന്‍ വേര്‍തിരിച്ചെടുത്ത് ഇന്ധനമായി ഉപയോഗിക്കുന്നതിന്റെ പഠനങ്ങള്‍ പങ്കുവെച്ച് ഹംഗറിയില്‍ നിന്നുള്ള ശാസ്ത്രജ്ഞ. കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നടക്കുന്ന അന്താരാഷ്ട്ര സസ്യശാസ്ത്ര സമ്മേളനത്തില്‍ ഹംഗറിയില്‍ നിന്നുള്ള ഡോ. സില്‍വിയ ടോത്താണ് പ്രബന്ധം അവതരിപ്പിച്ചത്. ലബോറട്ടറി ഫോര്‍ മോളിക്യുലാര്‍ ഫോട്ടോ ബയോ എനര്‍ജറ്റിക്‌സില്‍ ശാസ്‌ത്രോപദേശകയാണ് സില്‍വിയ. 

ഹരിത ആല്‍ഗകളില്‍ പ്രകാശ സംശ്ലേഷണം നടക്കുമ്പോള്‍ വേര്‍തിരിയുന്ന ഹൈഡ്രജന്‍ ചുരുങ്ങിയ ചെലവില്‍ ഇന്ധനമാക്കി മാറ്റുന്നതിനെക്കുറിച്ചാണ് ഇവരുടെ ഗവേഷണം. വാഹനങ്ങളിലും പാചകത്തിനും ഇന്ധനമായി സമീപ ഭാവിയില്‍ വ്യാപകമായി ഹൈഡ്രജന്‍ ഉപയോഗിക്കാനാകും. ഫോസില്‍ ഇന്ധനങ്ങള്‍ കത്തുമ്പോഴുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനാകുമെന്നതാണ് വലിയ നേട്ടം. ജനിതകമാറ്റം വരുത്തിയ ആല്‍ഗകളുപയോഗിച്ച് കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഹൈഡ്രജന്‍ ഉത്പാദിപ്പാക്കുന്നതിനെക്കുറിച്ചാണ് ഗവേഷണം നടക്കുന്നത്. 

Latest Videos

നിലവില്‍ പല യൂറോപ്യന്‍ രാജ്യങ്ങളിലും ഏഷ്യന്‍ രാജ്യങ്ങളിലും ഹൈഡ്രജന്‍ ഇന്ധനമാക്കുന്നത് സംബന്ധിച്ച് ഗവേഷണം പുരോഗമിക്കുന്നുണ്ടെന്ന് സില്‍വിയ പറഞ്ഞു. ടൊയോട്ട, ഹ്യുണ്ടായി പോലുള്ള വാഹന നിര്‍മാതാക്കളും ഹൈഡ്രജന്‍ ഇന്ധനത്തിനായി കാത്തിരിക്കുന്നുണ്ട്. തണ്ണീര്‍ത്തടങ്ങള്‍ കൂടുതലുള്ള കേരളത്തില്‍ ഹരിത ആല്‍ഗകളില്‍ നിന്നുള്ള ഹൈഡ്രജന്‍ ഉത്പാദന ഗവേഷണ പദ്ധതികള്‍ക്ക് ധാരാളം സാധ്യതകളുണ്ടെന്നും ഡോ. സില്‍വിയ പറഞ്ഞു. ഡോ. ദിനകര്‍ ചല്ലബാദുല, പ്രൊഫ. എ.എസ്. രാഘവേന്ദ്ര, പ്രൊഫ. രാജഗോപാല്‍ സുബ്രഹ്മണ്യം, ഡോ. ശൈലേന്ദ്ര പ്രതാപ് സിങ്, ഡോ. ടി. സുജാത, ഡോ. പ്രഭാത് കുമാര്‍ ശര്‍മ, ഡോ. രാജേഷ് മെഹരോത്ര, ഡോ. ബാബു വള്ളിയോടന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

click me!