ക്യാംപസുകളിൽ നാഷണൽ സർവീസ് സ്‌കീമിന്റെ പ്രാധാന്യം കൂടിവരുന്നു: മുഖ്യമന്ത്രി

By Web Team  |  First Published Jun 9, 2022, 9:01 AM IST

എൻ.എസ്.എസ്. വൊളന്റിയർമാരായി സേവനമനുഷ്ഠിച്ച 25 ലക്ഷത്തോളം പേർ സംസ്ഥാനത്തുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവരെ സംഘടിപ്പിക്കാൻ കഴിഞ്ഞാൽ അതു സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു മുതൽക്കൂട്ടാകും. 


തിരുവനന്തപുരം: ക്യാംപസുകളിൽ നാഷണൽ സർവീസ് സ്കീം (national service scheme) യൂണിറ്റുകളുടെ പ്രാധാന്യം കൂടിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). സമൂഹവുമായി അകന്നുനിന്ന് സ്വന്തംകാര്യം മാത്രം നോക്കി തങ്ങളിലേക്ക് ഒതുങ്ങിക്കൂടുന്ന ചെറിയൊരു വിഭാഗം ആളുകൾ സമൂഹത്തിലുണ്ടെന്നും അവരുടെ മനോഭാവം മാറ്റിയെടുക്കാൻ എൻ.എസ്.എസ്. വൊളന്റിയർമാർക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ സർവീസ് സ്‌കീം സംസ്ഥാന പുരസ്‌കാരങ്ങൾ (State Awards) വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എൻ.എസ്.എസ്. വൊളന്റിയർമാരായി സേവനമനുഷ്ഠിച്ച 25 ലക്ഷത്തോളം പേർ സംസ്ഥാനത്തുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവരെ സംഘടിപ്പിക്കാൻ കഴിഞ്ഞാൽ അതു സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു മുതൽക്കൂട്ടാകും. എൻ.എസ്.എസ്. സംസ്ഥാന ഡയറക്ടറേറ്റ് ഇക്കാര്യത്തിൽ മുൻകൈയെടുക്കണം. മാറ്റങ്ങളുടേയും നേട്ടങ്ങളുടേയും നാൾവഴികളിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ നയിക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് അനുബന്ധമായി മികവുറ്റ ക്യാംപസ് ടു കമ്യൂണിറ്റി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ എൻ.എസ്.എസിനു കഴിയുന്നുണ്ട്. സാമൂഹ്യ സുരക്ഷാ രംഗത്തും ഗൗരവമായ ഇടപെടലുകൾ എൻ.എസ്.എസ്. നടത്തുന്നുണ്ട്. 22 എൻ.എസ്.എസ്. സെല്ലുകളുമായി ചേർന്ന് 600 വീടുകൾ ഇവർ സംസ്ഥാനത്ത് നിർമിച്ചു നൽകി. എല്ലാ വർഷവും ഒരു നിശ്ചിത എണ്ണം വീടുകൾ നിർമിച്ചു നൽകാൻ ശ്രദ്ധിക്കുന്നുമുണ്ട്. ഭവനരഹിതരില്ലാത്ത കേരളമെന്ന സർക്കാരിന്റെ ലക്ഷ്യം വേഗത്തിലാക്കുന്നതിന് ഈ പ്രവർത്തനങ്ങൾ ഉപകാരപ്രദമാണ്.

Latest Videos

യുവജനങ്ങളിൽ നിസ്വാർഥ സേവന സന്നദ്ധതയും ഇടപെടലുകളും വളർത്തിയെടുക്കാൻ എൻ.എസ്.എസിന്റെ പ്രവർത്തനങ്ങൾക്കു കഴിയുന്നുവെന്നത് ശ്ലാഘനീയമാണ്. സംസ്ഥാനത്ത് നാലു ലക്ഷത്തോളം എൻ.എസ്.എസ്. വൊളന്റിയർമാരാണുള്ളത്. സ്‌കൂളുകൾ, കോളജുകൾ, പ്രൊഫഷണൽ കോളജുകൾ തുടങ്ങി വിവിധ മേഖലകളിൽ എൻ.എസ്.എസിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചിട്ടുണ്ട്. എൻജിനീയറിങ്, പോളിടെക്നിക് തുടങ്ങിയടങ്ങളിൽ ടെക്നിക്കൽ സെല്ലിന്റെ നേതൃത്വത്തിൽ 27000 വൊളന്റിയർമാരും പ്രവർത്തിക്കുന്നു. ഇവരെ ഉപയോഗപ്പെടുത്തി ഇന്റഗ്രേറ്റഡ് ഫാമിങ്, ഗ്രീൻ പ്രോട്ടോക്കോൾ, ജലസംരക്ഷണം, സ്ത്രീ ശാക്തീകരണം, നേതൃപരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ എൻ.എസ്.എസിനു കഴിഞ്ഞിട്ടുണ്ട്. പ്രളയകാലത്തും കോവിഡ് പ്രതിരോധ പ്രവർത്തന സമയത്തും എൻ.എസ്.എസ്. നൽകിയ സേവനങ്ങൾ വിലയേറിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാറുന്ന കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇടപെടാൻ എൻ.എസ്.എസ്. വൊളന്റിയർമാർക്കു കഴിയണമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. എൻ.എസ്.എസിന്റെ 2018-19, 2019-20, 2020-21 വർഷങ്ങളിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ ചടങ്ങിൽ മുഖ്യമന്ത്രി വിതരണം ചെയ്തു. എ.എ. റഹിം എംപി, മേയർ ആര്യാ രാജേന്ദ്രൻ, കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വി.പി. മഹാദേവൻ പിള്ള, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. എം.കെ. ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.


 

click me!