എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ഒഴിവുള്ള തസ്തികകളിൽ താത്കാലിക സ്ഥാനക്കയറ്റം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

By Web Team  |  First Published May 21, 2022, 10:07 AM IST

ഇതുവഴി 150 ഓളം എക്‌സൈസ് ഇൻസ്‌പെക്ടർ തസ്തികകൾ താത്കാലികമായി നികത്തും. 


തിരുവനന്തപുരം: ഭരണപരമായ അടിയന്തിര സാഹചര്യം പരിഗണിച്ച് (excise officers) എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ഒഴിവുള്ള തസ്തികകളിൽ താത്കാലിക സ്ഥാനക്കയറ്റം (temporary promotion) നൽകാൻ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ (M V Govindan Master) അറിയിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാർക്ക് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടറായും, അസിസ്റ്റന്റ് എക്‌സൈസ് ഓഫീസർമാർക്ക് എക്‌സൈസ് ഇസ്‌പെക്ടറായുമാണ് പ്രൊവിഷണൽ പ്രമോഷൻ നൽകുക.

എക്‌സൈസ് ഇൻസ്‌പെക്ടർ തസ്തികയിൽ പ്രൊമോഷൻ നൽകാൻ കഴിയാതിരുന്നതിനാൽ 150 ഓളം തസ്തികകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇത് വകുപ്പിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നതിനാലാണ് അടിയന്തിര സാഹചര്യം പരിഗണിച്ചുള്ള നടപടി. ഒഴിവുളള എല്ലാ തസ്തികകളിലും അടിയന്തിരമായി നിയമനം നടത്തുന്നതിന് മുഖ്യമന്ത്രിയുടെ അനുമതിയോടെ മന്ത്രി എക്‌സൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. നിലവിലെ സീനിയോറിറ്റി പട്ടിക പരിഗണിച്ച് ക്രമം പാലിച്ച് യോഗ്യരായവരെയാകും നിയമിക്കുക. ഇതുവഴി 150 ഓളം എക്‌സൈസ് ഇൻസ്‌പെക്ടർ തസ്തികകൾ താത്കാലികമായി നികത്തും. ഇതോടെ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ ലഭിക്കുന്നതിനും, പുതിയതായി റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് സിവിൽ എക്‌സൈസ് ഓഫീസർമാരായി നിയമനം ലഭിക്കുന്നതിനും സാഹചര്യമൊരുങ്ങും.

Latest Videos

ഇത്തരത്തിൽ നിയമിതരാകുന്നവർക്ക് പ്രമോഷൻ തസ്തികയിൽ സീനിയോറിറ്റി, പ്രൊബേഷൻ, ഭാവിയിൽ ഇതേ തസ്തികയിലേക്കുള്ള റഗുലർ പ്രമോഷൻ എന്നിവയ്ക്ക് അവകാശവാദം ഉന്നയിക്കാനാവില്ല. സീനിയോറിറ്റി സംബന്ധമായ തർക്കം മൂലം ദീർഘകാലമായി പ്രൊമോഷനുകൾ നടന്നിരുന്നില്ല.  ഈ പ്രശ്‌നത്തിനാണ് ഇപ്പോൾ പരിഹാരമായത്.

click me!