മാർക്ക് കൂട്ടുന്നതിൽ കണക്ക് മാഷിന് പിഴച്ചു, വിട്ടുപോയത് 30 മാർക്ക്, 64 ലക്ഷം പിഴയുമായി വിദ്യാഭ്യാസ വകുപ്പ്

By Web Team  |  First Published Oct 13, 2024, 8:43 AM IST

ബോർഡ് പരീക്ഷയിൽ മാർക്ക് കൂട്ടുന്നതിൽ പിഴവ് വരുത്തിയ അധ്യാപകർക്ക് 64 ലക്ഷം രൂപ പിഴയിട്ട് ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷയിൽ തോറ്റതിന് പിന്നാലെ പുനപരിശോധനയ്ക്കെത്തിയ ഉത്തര പേപ്പറുകളിലാണ് അധ്യാപകരുടെ അനാസ്ഥ പുറത്ത് വന്നത്.


അഹമ്മദാബാദ്: ഓരോ മാർക്കിനും പൊന്നുംവിലയുള്ള പൊതു പരീക്ഷയിൽ മാർക്കുകൾ കൂട്ടുന്നതിൽ കണക്ക് മാഷിന് പിഴച്ചു. വൻ പിഴയിട്ട് പൊതു വിദ്യാഭ്യാസ വകുപ്പ്. 30 മാർക്ക് കുറവ് വന്നതോടെ പത്താം ക്ലാസ് പരീക്ഷയിൽ ഒരു വിഷയത്തിന് തോറ്റ വിദ്യാർത്ഥിയുടെ പരാതിയിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഗുജറാത്ത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഗുരുതര തെറ്റ് വരുത്തിയ അധ്യാപകർക്ക് പിഴയിട്ടത്. 

പുനപരിശോധനയിലാണ് മുപ്പത് മാർക്ക് കണക്ക് അധ്യാപകൻ കൂട്ടാൻ പിഴച്ചതായി വ്യക്തമായത്. ഈ വർഷം മാത്രം 4488 അധ്യാപകർക്ക് ബോർഡ് പരീക്ഷ ഉത്തര പേപ്പർ പരിശോധനയിൽ കണക്കുകൂട്ടൽ പരിശോധനയിൽ പിഴവ് വരുത്തിയതിന് വിദ്യാഭ്യാസ വകുപ്പ് പിഴയിട്ടിട്ടുണ്ട്. 10, പ്ലസ് 2 പരീക്ഷയിലാണ് അധ്യാപകർക്ക് മാർക്ക് കൂട്ടലിൽ വൻ പിഴവ് വന്നത്. അധ്യാപകരിൽ നിന്നായി 64 ലക്ഷം രൂപയാണ് വിദ്യാഭ്യാസ വകുപ്പ് പിഴയായി ഈടാക്കിയത്.

Latest Videos

undefined

കണക്കുകൂട്ടൽ പിഴച്ച നൂറിലോറെ അധ്യാപകർ പഠിപ്പിക്കുന്ന വിഷയം കണക്ക് ആണെന്നത് വലിയ രീതിയിലുള്ള ആശങ്ക മുന്നോട്ട് വയ്ക്കുന്നതായാണ് വിദ്യാഭ്യാസ വകുപ്പ് വിശദമാക്കുന്നത്. ഉപരിപഠനത്തിന് അടിസ്ഥാനമാകുന്ന പരീക്ഷയിലെ ഉത്തര പേപ്പർ പരിശോധനയിലെ പിഴവിനെതിരെ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പരാതിയുമായി എത്തിയത്. 

അധ്യാപകർക്ക് പിഴ കൂടി വന്നതിന് പിന്നാലെ കണക്ക്, സയൻസ് പരീക്ഷയിലെ മാർക്ക് പുനപരിശോധന ആവശ്യപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പത്താം ക്ലാസിൽ മാത്രം ഉത്തര പേപ്പർ പരിശോധിച്ച അധ്യാപകരിൽ പിഴവ് വരുത്തിയ 1654 അധ്യാപകരിൽ നിന്ന് മാത്രമായി 20 ലക്ഷം രൂപയാണ് പിഴത്തുക ഈടാക്കിയത്. ഓരോ പിഴവിനും 100 രൂപ വീതമാണ് അധ്യാപകരിൽ നിന്ന് ഈടാക്കിയത്. ജനറൽ വിഷയങ്ങളിൽ പ്ലസ് 2 വിൽ മാത്രം പിഴവ് വരുത്തിയത് 1404 അധ്യാപകരാണ്. ഇവരിൽ നിന്ന് 24.31 ലക്ഷം രൂപയും സയൻസ് വിഷയങ്ങൾക്ക് പിഴവ് വരുത്തിയ 1430 അധ്യാപകരിൽ നിന്ന് 19.66 ലക്ഷം രൂപയുമാണ് പിഴയായി ഈടാക്കിയത്.

അര മാർക്ക് കൂട്ടുന്നതിലാണ് ഭൂരിഭാഗം അധ്യാപകർക്ക് പിഴച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വലിയ പിഴ ഈടാക്കുന്നത് അധ്യാപകർ ഉത്തര പേപ്പർ പരിശോധിക്കുന്നതിൽ ജാഗ്രത പുലർത്താനാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിശദമാക്കുന്നത്. ഈ വർഷം ഗുജറാത്തിൽ ഉത്തര പേപ്പർ പരിശോധനാ ചുമതലയിലുള്ളത് 40000 മുതൽ 45000 അധ്യാപകരാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!