പാഠ്യപദ്ധതി പരിഷ്കരണം; പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ ഓൺലൈൻ പ്ലാറ്റ്‍ഫോം ലോഞ്ച് ചെയ്തു

By Web Team  |  First Published Nov 9, 2022, 3:02 PM IST

പൊതുജനങ്ങള്‍ക്കുള്ള ലോഗിന്‍ കൂടാതെ ബ്ലോക്ക്, ജില്ലാതലങ്ങളില്‍ നടത്തുന്ന ജനകീയ ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തുന്നതിന് പ്രത്യേക ലോഗിനും ഈ ടെക് പ്ലാറ്റ്ഫോമില്‍ ഉണ്ട്. 


തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള ടെക്പ്ലാറ്റ്ഫോം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ലോഞ്ച് ചെയ്തു. കേരളത്തിലുള്ളവര്‍ക്കും രാജ്യത്തിലാകെയും ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ക്കും പാഠ്യപദ്ധതി പരിഷ്കരണത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കുന്നതിന് ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കും. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) എസ്.സി.ഇ.ആര്‍.ടി-ക്ക് വേണ്ടി വികസിപ്പിച്ചിട്ടുള്ളതാണ് www.kcf.kite.kerala.gov.in എന്ന ടെക് പ്ലാറ്റ്ഫോം.

ടെക് പ്ലാറ്റ്ഫോമില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ സൗകര്യമുണ്ട്. വെബ്സൈറ്റില്‍ മൊബൈല്‍ ഫോണ്‍ നമ്പരോ ഇ-മെയില്‍ വിലാസമോ ഉള്‍പ്പെടുത്തുമ്പോള്‍ ലഭിക്കുന്ന OTP ഉപയോഗിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ഓണ്‍ലൈനില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. 26 ഫോക്കസ് ഏരിയയില്‍ ഓരോരുത്തര്‍ക്കും താല്പര്യമുള്ളവ തെരഞ്ഞെടുത്ത് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും നല്‍കാവുന്നതാണ്. ഓരോ മേഖലയിലുമുള്ള ചോദ്യം തെരഞ്ഞെടുത്ത് നല്‍കിയിരിക്കുന്ന കമന്റ് ബോക്സില്‍ നിര്‍ദേശങ്ങള്‍ ടൈപ്പ് ചെയ്ത് ഉള്‍പ്പെടുത്താം. എഴുതി തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ ഇമേജ്, പി.ഡി.എഫ്. ഫോര്‍മാറ്റില്‍ അപ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍  ഉള്‍പ്പെടുത്തിയശേഷം സബ്‍മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യേണ്ടതും കൂടുതല്‍ മേഖലകളിലെ‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഇതേ രീതി ആവര്‍ത്തിക്കേണ്ടതുമാണ്.

Latest Videos

പൊതുജനങ്ങള്‍ക്കുള്ള ലോഗിന്‍ കൂടാതെ ബ്ലോക്ക്, ജില്ലാതലങ്ങളില്‍ നടത്തുന്ന ജനകീയ ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തുന്നതിന് പ്രത്യേക ലോഗിനും ഈ ടെക് പ്ലാറ്റ്ഫോമില്‍ ഉണ്ട്. വ്യക്തികള്‍, ബ്ലോക്ക്, ജില്ലാതലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് നല്‍കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംസ്ഥാനതലത്തില്‍ വീക്ഷിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമുള്ള ഔദ്യോഗിക ലോഗിന്‍ സൗകര്യവുമുണ്ട്. കേരള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ വിശദാംശങ്ങളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തുന്നതിനുള്ള രീതി, ഓരോ മേഖലയുടേയും പേര്, വിദ്യാഭ്യാസത്തിന്റെ ദര്‍ശനം തുടങ്ങിയവ രജിസ്റ്റര്‍ ചെയ്യാതെ തന്നെ ഏതൊരാള്‍ക്കും പോര്‍ട്ടലിലൂടെ മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നതിന് രജിസ്ട്രേഷന്‍ ആവശ്യമാണ്. ടെക് പ്ലാറ്റ്ഫോം സംബന്ധിച്ച യൂസര്‍ ഗൈഡും  പോര്‍ട്ടലിലുണ്ട്. 

click me!