'വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ കഴിയില്ല'; നീറ്റ് പിജി കൗണ്‍സിലിങ്ങില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

By Web Team  |  First Published Aug 29, 2022, 11:23 AM IST

പരീക്ഷക്ക് ഹാജരായ വിദ്യാര്‍ഥികളുടെ മാര്‍ക്കില്‍ ഗുരുതരമായ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ഹർജിക്കാർ ആരോപിച്ചു.


ദില്ലി: സെപ്റ്റംബർ ഒന്നുമുതൽ ആരംഭിക്കാനിരിക്കുന്ന നീറ്റ് പിജി  NEET-PG 2022 കൗൺസിലിങ്ങിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും ഹിമ കോഹ്‌ലിയും അടങ്ങുന്ന ബെഞ്ചാണ് വാക്കാലുള്ള പരാമർശം നടത്തിയത്. നീറ്റ് പി ജി കൗൺസിംലിംഗ്  കോടതി ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. അടുത്ത മാസം ഒന്നിന് കൗൺസിലിംഗ് തുടങ്ങുന്ന സാഹചര്യത്തിൽ സ്റ്റേ ചെയ്യാനാനില്ലെന്നും കോടതി വ്യക്തമാക്കി. കൗണ്‍സിലിങ്ങില്‍ കോടതി ഇടപെടില്ല. നീറ്റ് പിജി കൗൺസലിംഗ് നടക്കട്ടെയെന്നും അത് മുടങ്ങരുതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീറ്റ് പിജി പരീക്ഷയുടെ ഉത്തരസൂചികയും ചോദ്യപേപ്പറും പുറത്തുവിടാത്ത നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള റിട്ട് ഹർജിയിലാണ് കോടതിയുടെ പരാമര്‍ശം. പരീക്ഷക്ക് ഹാജരായ വിദ്യാര്‍ഥികളുടെ മാര്‍ക്കില്‍ ഗുരുതരമായ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ഹർജിക്കാർ ആരോപിച്ചു. മാര്‍ക്കില്‍ ഗുരുതരമായ പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും പുനർമൂല്യനിർണയം അനുവദിക്കുന്നില്ലെന്നതാണ്  ഹര്‍ജിക്കാരുടെ പ്രധാന പരാതി. ചോദ്യപേപ്പറും ഉത്തരസൂചികയും പുറത്തുവിടാൻ എന്‍ബിഇക്ക് നിർദ്ദേശങ്ങൾ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. മൂല്യനിർണ്ണയ സംവിധാനത്തിലെ സുതാര്യത ഉറപ്പാക്കാൻ ഉന്നതാധികാര സമിതി രൂപീകരിക്കണമെന്നും പരീക്ഷയ്ക്കുശേഷം ചോദ്യപേപ്പറുകളും ഉത്തരസൂചികകളും പ്രസിദ്ധീകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ തയ്യാറാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.  

Latest Videos

അതേസമയം, കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിച്ച സംഭവത്തിൽ വീണ്ടും പരീക്ഷ നടത്താന്‍ നാഷണൽ ടെസ്റ്റിങ് ഏജൻസി തീരുമാനിച്ചു. സെപ്റ്റംബര്‍ നാലിനാണ് പരീക്ഷ. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് വിദ്യാര്‍ഥിനികൾക്ക് ലഭിച്ചു. വിവാദമുണ്ടായി ഒരു മാസത്തിന് ശേഷമാണ് പരീക്ഷ വീണ്ടും നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി തീരുമാനിച്ചത്. ആയൂര്‍ മര്‍ത്തോമ കോളേജിൽ പരീക്ഷ എഴുതിയ പെണ്‍കുട്ടികൾക്ക് മാത്രമാണ് അവസരം. കൊല്ലം എസ്എൻ സ്കൂളിൽ അടുത്ത മാസം നാലിന് ഉച്ചയ്ക്കാണ് പരീക്ഷ. ഹാൾടിക്കറ്റ് ലഭിച്ചതായും വീണ്ടും പരീക്ഷ നടത്തുമ്പോൾ കൃത്യമായ യോഗ്യതയുള്ളവരെ മേൽനോട്ടത്തിന്  നിയമിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. കേരളത്തിന് പുറമേ രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലായി ആറു കേന്ദ്രങ്ങളിൽ കൂടി ഇതേ ദിവസം പരീക്ഷ നടക്കും.

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവം; സെപ്റ്റംബർ 4 ന് വീണ്ടും പരീക്ഷ

 

click me!