വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെക്കുറിച്ചും തന്റെ പഠനകാലത്തെക്കുറിച്ചും വളരെ പ്രചോദനാത്മകമായിട്ടാണ് അദ്ദേഹം വീഡിയോയിൽ സംസാരിക്കുന്നത്.
ആലപ്പുഴ: രണ്ട് ദിവസങ്ങൾക്ക് മുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു കൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ (Krishna Teja IAS) സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചുമതലയേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇദ്ദേഹം ജനങ്ങൾക്കിടയിൽ പരിചിതനായി. അദ്ദേഹത്തിന്റെ ഒരു വീഡിയോ പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെക്കുറിച്ചും തന്റെ പഠനകാലത്തെക്കുറിച്ചും വളരെ പ്രചോദനാത്മകമായിട്ടാണ് അദ്ദേഹം വീഡിയോയിൽ സംസാരിക്കുന്നത്.
മലയാളം കുറച്ച മാത്രമേ സംസാരിക്കാൻ അറിയൂ. എന്നാൽ പരമാവധി മലയാളത്തിൽ തന്നെ സംസാരിക്കാം എന്ന് പറഞ്ഞാണ് ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ സംസാരിച്ചു തുടങ്ങിയത്. വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് നന്നായി അറിയാം. ഏഴാം ക്ലാസ് വരെ ഒരു ശരാശരി വിദ്യാര്‍ഥിയായിരുന്നു ഞാന്‍. എട്ടാം ക്ലാസിലേക്ക് കടന്നപ്പോള്‍ വീട്ടില്‍ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ആ സമയത്ത് എല്ലാ ബന്ധുക്കളും പറഞ്ഞത്, പഠനം നിര്‍ത്തി ഏതെങ്കിലും കടയില്‍ ജോലിക്ക് പോകണമെന്നും അത് കുടുംബത്തിന് സഹായകമാകുമെന്നും ബന്ധുക്കള്‍ പറഞ്ഞു. പക്ഷേ, അച്ഛനും അമ്മയ്ക്കും എന്റെ വിദ്യാഭ്യാസം അവസാനിപ്പിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു. പക്ഷേ പഠനം തുടരാനുള്ള പണവുമുണ്ടായിരുന്നില്ല.
ആ സമയത്ത് അയൽവാസിയായ ഒരാൾ വന്നിട്ടു പറഞ്ഞു, 'കൃഷ്ണ, വിദ്യാഭ്യാസം തുടരണം. അതിന് വേണ്ടി എത്ര പണം വേണമെങ്കിലും നൽകാം' എന്ന്. പക്ഷേ, ഒരാളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു. തുടര്‍ന്ന് അമ്മ പറഞ്ഞതനുസരിച്ച് സ്‌കൂള്‍ വിട്ടുവന്നശേഷം വൈകുന്നേരം ആറ് മണിമുതല്‍ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയില്‍ ജോലി ചെയ്യാൻ തുടങ്ങി. അങ്ങനെ അവിടെ നിന്ന് ലഭിച്ച ശമ്പളം കൊണ്ടാണ് എട്ടും ഒന്‍പതും പത്തും ക്ലാസുകള്‍ പഠിച്ചത്.
വിദ്യാഭ്യാസം എത്ര പ്രധാനമാണെന്ന് അപ്പോള്‍ ഞാന്‍ മനസിലാക്കി. അന്നു മുതല്‍ നന്നായി പഠിക്കാന്‍ ആരംഭിച്ചു. പത്താം ക്ലാസിലും ഇന്റര്‍മീഡിയറ്റിനും ഞാൻ ടോപ്പറായി. എഞ്ചിനീയറിങ് സ്വര്‍ണ മെഡല്‍ നേടി. എഞ്ചിനീയറിങ് പഠനശേഷം എനിക്ക് ഐ.ബി.എമ്മില്‍ ജോലി ലഭിച്ചു. ഡല്‍ഹിയില്‍ ജോലിചെയ്യുന്ന സമയത്ത് ഒപ്പം താമസിക്കുന്നയാള്‍ക്കായിരുന്നു ഐ.എ.എസ്. എടുക്കണമെന്ന് താല്പര്യം. എനിക്കായിരുന്നില്ല, എനിക്ക് ഐ.എ.എസ്. എന്താണെന്നൊന്നും അറിയില്ലായിരുന്നു. ഞാൻ താമസിക്കുന്ന സ്ഥലത്തുനിന്ന് ഐ.എ.എസ്. പരിശീലന സ്ഥാപനത്തിലേക്ക് 30 കിലോമീറ്റര്‍ ദൂരമുണ്ട്. അദ്ദേഹത്തിന് എല്ലാ ദിവസവും പോയിവരാന്‍ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് ഒരു കൂട്ട് വേണം. അങ്ങനെയാണ് എന്നെ നിർബന്ധപൂർവ്വം ഐഎഎസ് കോച്ചിംഗിന് ചേർത്തത്.
പഠിക്കാന്‍ ആരംഭിച്ചപ്പോള്‍ എനിക്ക് മനസിലായി ഐ.എ.എസ്. എന്നത് കേവലം ജോലിയല്ല, ഒരു സേവനമാണെന്ന്. അതാണ് ഐഎഎസിന്റെ പ്രത്യേകത. അങ്ങനെ ഞാൻ ഐഎഎസിന് നന്നായി തയ്യാറെടുക്കാൻ ആരംഭിച്ചു. അങ്ങന ആദ്യമായി പരീക്ഷയെഴുതി, പക്ഷേ ആദ്യശ്രമത്തിൽ ഞാൻ തോറ്റു. ജോലി ചെയ്തുകൊണ്ട് പഠിക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് എനിക്ക് മനസ്സിലായി. 2004 ൽ ജോലി ഉപേക്ഷിച്ചു, പഠിക്കാൻ ആരംഭിച്ചു. ഒരു ദിവസം 15 മണിക്കൂറോളം കഷ്ടപ്പെട്ട് പഠിച്ചു. പക്ഷേ, രണ്ടാമതും മൂന്നാമതും പരീക്ഷയില്‍ പരാജയപ്പെട്ടു.
എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല, ഞാനെന്തുകൊണ്ടാണ് പരാജയപ്പെട്ടത്? തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്ക് ശേഷം എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. എന്റെ ആത്മവിശ്വാസം ശൂന്യമായി. ഏകദേശം 30 ദിവസത്തോളം ആലോചിച്ചു, എന്തുകൊണ്ടാണ് എനിക്ക് ഐഎഎസ് ലഭിക്കാത്തതെന്ന്. പക്ഷേ ചോദ്യത്തിന് ഉത്തരം ലഭിച്ചില്ല. എന്റെ കൂട്ടുകാരോടും ഞാൻ ഇതേ ചോദ്യം ചോദിച്ചു, എന്തുകൊണ്ടാണ് എനിക്ക് ഐഎഎസ് കിട്ടാത്തത്? അവർ പറഞ്ഞത്, നീ വളരെ കഴിവുള്ളയാളാണ്, മിടുക്കനും ബുദ്ധിമാനുമാണ്. എന്നാൽ എന്തുകൊണ്ടാണ് നിനക്ക് ഐഎഎസ് കിട്ടാത്തതെന്ന് ഞങ്ങൾക്കുമറിയില്ല എന്നാണ്.
ഐഎഎസ് പരിശീലനം ഉപേക്ഷിച്ച് തിരികെ ഐടി കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനേക്കുറിച്ചും ഞാന്‍ ആലോചിച്ചു. അങ്ങനെ ഐടി കമ്പനിയില്‍ ഇന്റര്‍വ്യൂവിന് പോയി, ജോലി ലഭിച്ചു. ഐ.എ.എസ്. പരിശീലനം ഉപേക്ഷിച്ച് ഐടി കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച കാര്യം എല്ലാ സുഹൃത്തുക്കളേയും വിളിച്ച് അറിയിച്ചു. ഇക്കാര്യം കൂട്ടുകാരില്‍ നിന്ന് എന്റെ ചില ശത്രുക്കള്‍ അറിഞ്ഞു. പിറ്റേദിവസം അതിരാവിലെ മൂന്ന് ശത്രുക്കള്‍ എന്റെ മുറിയിലെത്തി. അവരെ മുന്നിൽ കണ്ട് ഞാൻ അമ്പരന്നു, എന്നോട് അഞ്ച് മിനിറ്റ് സംസാരിക്കണമെന്ന് അവര്‍ പറഞ്ഞു. എന്ന അഭിനന്ദിച്ചു കൊണ്ടാണ് അവർ സംസാരിച്ചു തുടങ്ങിയത്. കൃഷ്ണ, നീ ശരിയായ തീരുമാനമാണ് എടുത്തത്, നിനക്ക് ഐ.എ.എസ്. ലഭിക്കില്ല. ഐടി കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത് ശരിയായ തീരുമാനമാണെന്ന് അവര്‍ പറഞ്ഞു.
എന്തുകൊണ്ട് എനിക്ക് ഐ.എ.എസ്. കിട്ടുന്നില്ല എന്ന് ഞാന്‍ അവരോട് തിരിച്ച് ചോദിച്ചു. അവര്‍ ഉടന്‍ തന്നെ മൂന്ന് കാരണങ്ങള്‍ പറഞ്ഞു. ആദ്യത്തെ കാരണം ഇതാണ് ഐ.എ.എസ്. ലഭിക്കാന്‍ എഴുത്ത് പരീക്ഷയില്‍ 2000 മാര്‍ക്ക് എങ്കിലും കിട്ടണം പക്ഷേ, നിന്റെ കയ്യക്ഷരം വളരെ മോശം ആണ്. അതുകൊണ്ട് നിനക്ക് ഐഎഎസ് കിട്ടില്ല. അവർ പറഞ്ഞ രണ്ടാമത്തെ കാരണം, എഴുത്തുപരീക്ഷയിൽ പോയിന്റു മാത്രം എഴുതിയാല്‍ നല്ല മാര്‍ക്ക് കിട്ടില്ല. പാരഗ്രാഫ് ആയി കഥ പോലെ ഉത്തരം എഴുതണം. അത് എങ്ങനെ എഴുതണം എന്ന് നിനക്ക് അറിയില്ല. അതുകൊണ്ട് നിനക്ക് ഐഎഎസ് കിട്ടില്ല. അവർ പറഞ്ഞ മൂന്നാമത്തെ കാരണം, ഞാൻ സ്ട്രേയിറ്റ് ഫോർവേർഡ് ആയിട്ടാണ് ഉത്തരം എഴുതുന്നത്, അങ്ങനെയല്ല, വളരെ ഡിപ്ലോമാറ്റിക്കായും കണ്വിന്സിംഗായും ഉത്തരം എഴുതണം. അതുകൊണ്ട് നിനക്ക് ഐഎഎസ് കിട്ടില്ല.
എനിക്ക് ഐഎഎസ് ലഭിക്കാത്തതിന്റെ മൂന്ന് കാരണങ്ങൾ വ്യക്തമാക്കി അവർ തിരികെ പോയി. അപ്പോഴാണ് ജീവിതത്തിലെ ഒരു ഫിലോസഫി എനിക്ക് മനസ്സിലായത്. നിങ്ങള്‍ക്ക് നിങ്ങളുടെ ഗുണങ്ങളെക്കുറിച്ച് അറിയണമെങ്കില്‍ സുഹൃത്തുക്കളോട് ചോദിക്കണം. ചീത്ത വശങ്ങളേക്കുറിച്ച് അറിയണമെങ്കില്‍ ശത്രുക്കളോട് ചോദിക്കണം. നിങ്ങളുടെ പോരായ്മകളെ മറികടക്കാൻ നിങ്ങൾക്ക് സാധിക്കുമ്പോൾ നിങ്ങൾ ജീവിതത്തിൽ വിജയിക്കും. എന്റെ ജീവിതത്തിലെ മൂന്ന് പോരായ്മകൾ ഞാൻ തിരിച്ചറിഞ്ഞു. ആദ്യത്തേത്, ഹാൻഡ്റൈറ്റിംഗ്, രണ്ടാമത്തേത്, വേ ഓഫ് റൈറ്റിംഗ്, മൂന്നാമത്തേത് വേ ഓഫ് സ്പീക്കിംഗ്. കയ്യക്ഷരം മികച്ചതാക്കാൻ ഞാൻ പരിശ്രമിച്ചു. എല്ലാ ദിവസവും രണ്ട് മണിക്കൂർ അതിനായി മാറ്റിവെച്ചു. ഇന്ന് ഞാന്‍ എന്റെ ഫയലിൽ എന്തെഴുതിയാലും നിരവധി ആളുകൾ ചോദിക്കാറുണ്ട്, എഴുതിയതാണോ പ്രിന്റൗട്ട് ആണോ എന്ന്. എന്റെ പോരായ്മകളെ പരിഹരിച്ചാണ് ഞാൻ ഐഎഎസ് നേടിയെടുത്തത്. അതിനായി പരിശ്രമിക്കുകയും പരിശീലിക്കുകയും ചെയ്തു. പ്രിലിമിനറി പാസായി, മെയിന്‍ പാസായി, ഇന്റര്‍വ്യൂ പാസായി. 66ാം റാങ്കോടെ സിവിൽ സർവ്വീസ് നേടി.
.