സ്റ്റൈപ്പന്റോടെ അങ്ങ് ജർമനിയിൽ പഠിക്കാം, അതുകഴിഞ്ഞാൽ ജോലിയും; അവസരം കളയല്ലേ, തീയതി നീട്ടിയിട്ടുണ്ട്...

By Web TeamFirst Published Oct 31, 2024, 4:28 AM IST
Highlights

ജർമ്മനിയിൽ രജിസ്ട്രേഡ് നഴ്സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണൽ നഴ്സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്

പ്ലസ്ടുവിന് ശേഷം ജർമ്മനിയിൽ  സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനത്തിനും തുടർന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) രണ്ടാം ബാച്ചിലേയ്ക്ക് അപേക്ഷ നൽകുന്നതിനുളള അവസാന തീയതി നവംബർ 06 വരെ നീട്ടി. നേരത്തേ ഒക്ടോബർ 31 വരെയായിരുന്നു അപേക്ഷ നൽകുന്നതിന് അവസരം. ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാകണം. 

ഇതോടൊപ്പം ജർമ്മൻ ഭാഷയിൽ B1 അല്ലെങ്കിൽ B2 ലെവൽ പാസായവരുമാകണം (ഗോയ്‌ഥേ, ടെൽക് , OSD, TestDaf എന്നിവിടങ്ങളിൽ നിന്നും 2024 ഏപ്രിലിലോ അതിനു ശേഷമോ നേടിയ യോഗ്യത) അപേക്ഷകർ. താൽപര്യമുള്ളവർക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച്, ഇംഗ്ലീഷിൽ തയാറാക്കിയ വിശദമായ സി.വി, മോട്ടിവേഷൻ ലെറ്റർ, ജർമ്മൻ ഭാഷായോഗ്യത, മുൻപരിചയം (ഓപ്ഷണൽ), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്. ഇതിനായുളള അഭിമുഖം 2025 മാർച്ചിൽ നടക്കും. 

Latest Videos

ആരോഗ്യ മേഖലയിലെ മുൻപരിചയം (ഉദാ. ജൂനിയർ റെഡ്ക്രോസ് അംഗത്വം)  അധികയോഗ്യതയായി പരിഗണിക്കും.  18 നും 27 നും ( as on March 1 st, 2025) ഇടയിൽ പ്രായമുളള കേരളീയരായ വിദ്യാർഥികൾക്കാണ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാൻ കഴിയുക. കഴിഞ്ഞ ആറുമാസമായി ഇന്ത്യയിൽ തുടർച്ചയായി താമസിക്കുന്നവരും, നിർദേശിക്കുന്ന സ്ഥലത്ത്  ഭാഷാപഠനത്തിന് ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സന്നദ്ധതയുളളവരുമാകണം അപേക്ഷകർ. 

ജർമ്മനിയിൽ രജിസ്ട്രേഡ് നഴ്സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണൽ നഴ്സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്.  നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെൻറ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ്  ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്)  ബന്ധപ്പെടാവുന്നതാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!