സഹജീവിതത്തിന്റെ പാഠങ്ങൾ അഭ്യസിക്കുവാനും സാമൂഹ്യബോധമുള്ളവരായി മാറുവാനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുവാനുള്ള കളരികളാണ് സപ്തദിന സഹവാസക്യാമ്പുകൾ.
തിരുവനന്തപുരം: ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികൾ മുന്നണിപ്പോരാളികളാകണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ സപ്തദിന സഹവാസക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലഹരി നിരസിക്കാനും ലഹരിക്കെതിരെ ബോധവൽക്കരണം നടത്താനുമുള്ള ആർജവം വിദ്യാർത്ഥികൾ നേടിയെടുക്കണം. നാഷണൽ സർവ്വീസ് സ്‌കീം പോലുള്ള പ്രസ്ഥാനങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്ന പരിശീലനം ഇത്തരത്തിൽ പ്രസക്തമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഹയർസെക്കന്ററി നാഷണൽ സർവ്വീസ് സ്‌കീം സപ്തദിന സഹവാസക്യാമ്പുകൾ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുകയാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പൂർത്തീകരിക്കാൻ കഴിയാതിരുന്ന ക്യാമ്പുകളാണ് ഏഴു ദിവസങ്ങളിലായി പൂർത്തിയാക്കുന്നത്. ഒരു എൻ.എസ്.എസ്. അംഗം ആശയങ്ങൾ സായത്തമാക്കുന്നത് സപ്തദിനക്യാമ്പിൽ പങ്കെടുക്കുന്നതിലൂടെയാണ്. സഹജീവിതത്തിന്റെ പാഠങ്ങൾ അഭ്യസിക്കുവാനും സാമൂഹ്യബോധമുള്ളവരായി മാറുവാനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുവാനുള്ള കളരികളാണ് സപ്തദിന സഹവാസക്യാമ്പുകൾ.
ക്യാമ്പിന്റെ ഭാഗമായി 'കൽപകം' എന്ന പേരിൽ ഓരോ യൂണിറ്റും 5 വീതം തെങ്ങിൻ തൈകൾ നട്ടു പിടിപ്പിക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് കാർഷികരംഗത്ത് ഇടപെടാനുള്ള അറിവും കഴിവും നേടാൻ കഴിയുമെന്നതിൽ സംശയമില്ല. സപ്തദിനക്യാമ്പിന്റെ ഭാഗമായി 'ഹർ ഘർ തിരംഗ' എന്ന കാമ്പയിൻ ഏറ്റവും ഉചിതമായ രീതിയിലാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു ലക്ഷത്തിൽപരം ദേശീയപതാകകളാണ് പൊതുവിദ്യാഭ്യാസ മേഖലയിലെ ഹയർ സെക്കന്ററി എൻ.എസ്.എസ്. വോളന്റിയർമാർ തയ്യാറാക്കുന്നത്.
ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നിരവധി പ്രാദേശികമായ ചെറുത്തുനിൽപ്പുകളും സഹനസമരങ്ങളും ഉണ്ടായിട്ടുണ്ട്. അവയൊക്കെ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സ്‌കൂളിന്റെ ചുവരുകളിൽ അത്തരം പ്രാദേശിക സമരചരിത്രത്തെ ആഖ്വാനം ചെയ്യുന്ന ചിത്രങ്ങൾ വരയ്ക്കുന്ന 'ഫ്രീഡം വാൾ' എന്ന കാമ്പയിൻ തികച്ചും നൂതനമായ ഇടപെടലാണ്. ഹയർ സെക്കന്ററി എൻ.എസ്.എസ്. ക്യാമ്പിന്റെ ഭാഗമായി ഡ്രൈഡേ ആചരണം, ക്ലോറിനേഷൻ പ്രവർത്തനങ്ങൾ, ഗാന്ധിസ്മൃതി സംഗമം, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ, 'സമദർശൻ' - ലിംഗസമത്വപരിപാടിയടക്കം സമഗ്രമായ സാമൂഹ്യ ഇടപെടലുകൾക്കാണ് ക്യാമ്പുമായി ബന്ധപ്പെട്ട് രൂപം നൽകിയിട്ടുള്ളത്.