35 സ്പെഷലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 35 സ്പെഷലിസ്റ്റ് കേഡർ ഓഫീസർ (Specialist Cadre Officer) തസ്തികയിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനം പരിശോധിച്ച് അപേക്ഷിക്കാവുന്നതാണ്. കരാർ, സ്ഥിര നിയമനങ്ങളിലേക്കാണ് അപേക്ഷ. സ്ഥിര നിയമനത്തിനായി 7 ഒഴിവുകളാണുളളത്. കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് 29 ഒഴിവുകളുണ്ട്. ജനറൽ, ഒബിസി, ഇ ഡബ്ലിയു എസ് ഉദ്യോഗാർത്ഥികൾക്ക് 750 രൂപയാണ് ഫീസ്. എസ് സി, എസ് ടി, പിഡബ്ലിയുഡി ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല.
എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയി https://bank.sbi/web/careers വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ വഴി ഫീസടക്കാം. ഉദ്യോഗാർത്ഥികൾ ആദ്യം അവരുടെ ഏറ്റവും പുതിയ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്യണം. വെബ്‌സൈറ്റിൽ വ്യക്തമാക്കിയ പ്രകാരം ഉദ്യോഗാർത്ഥി അവന്റെ/അവളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുന്നില്ലെങ്കിൽ ഓൺലൈൻ അപേക്ഷകൾ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. ഓൺലൈൻ അപേക്ഷാ നടപടികൾ മേയ് 17-ന് അവസാനിക്കും. അഡ്മിറ്റ് കാർഡ് ജൂൺ 16 മുതൽ ലഭ്യമാകും, ഓൺലൈൻ പരീക്ഷ ജൂൺ 25-ന് താൽക്കാലികമായി നിശ്ചയിച്ചിരിക്കുന്നു.