ഓൺലൈൻ മുഖേന അപേക്ഷിക്കുന്ന വിദ്യാർഥികളിൽ നിന്നും ആപ്റ്റിറ്റിയൂട് ടെസ്റ്റ് നടത്തിയതിന് ശേഷം പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
തിരുവനന്തപുരം: 2022-23 അധ്യയന വർഷം മുതൽ (swathi thirunal music college) ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിലെ യു.ജി അഡ്മിഷനുള്ള (UG Admission) അപേക്ഷകൾ കേരള സർവകലാശാല വെബ്‌സൈറ്റ് മുഖേന ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. അപേക്ഷയുടെ പകർപ്പ് തപാൽ വഴി അയക്കുകയോ principalsstgmc@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കുകയോ ചെയ്യണം. ബി.പി.എ മ്യൂസിക്, ബി.പി.എ വീണ, ബി.പി.എ വയലിൻ, ബി.പി.എ മൃദംഗം, ബി.പി.എ ഡാൻസ് എന്നീ വിഷയങ്ങൾക്ക് ഓൺലൈൻ മുഖേന അപേക്ഷിക്കുന്ന വിദ്യാർഥികളിൽ നിന്നും ആപ്റ്റിറ്റിയൂട് ടെസ്റ്റ് നടത്തിയതിന് ശേഷം പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: https://admissions.keralauniversity.ac.in, 0471-2323027.
വിമുക്തഭടൻമാരുടെ ആശ്രിതരായ പെൺമക്കൾക്ക് നഴ്‌സിംഗ് കോഴ്‌സ് പ്രവേശനം
ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സിംഗ് സ്‌കൂളുകളിൽ 2022-ൽ ആരംഭിക്കുന്ന ഓക്‌സിലിയറി നഴ്‌സിംഗ് ആൻഡ് മിഡ് വൈഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായ വിമുക്തഭടൻമാരുടെ ആശ്രിതരായ പെൺകുട്ടികൾക്ക് (ഓരോ സ്‌കൂളിലും ഒരു സീറ്റ് വീതം) സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ശുപാർശക്കായി അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം തൈക്കാട് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, കോട്ടയം തലയോലപ്പറമ്പ് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, കാസർഗോഡ് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ എന്നീ നഴ്‌സിങ് സ്‌കൂളുകളിലാണു പ്രവേശനം.
അപേക്ഷാ ഫാറവും, പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റായ www.dhs.kerala.gov.in ൽ ലഭിക്കും. പ്രോസ്‌പെക്ടസിൽ ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട നഴ്‌സിംഗ് സെന്റർ പ്രിൻസിപ്പാളിന് നേരിട്ട് അയയ്ക്കണം. ഇതിന്റെ പകർപ്പ്, വിമുക്തഭട തിരിച്ചറിയൽ കാർഡ്, ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ആഫിസറിൽ നിന്നും നേടിയ ആശ്രിത സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സൈനികക്ഷേമ ഡയറക്ടർ, സൈനികക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ, വിനു തിരുവനന്തപുരം-695033 എന്ന മേൽവിലാസത്തിൽ ഓഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ചിനു മുമ്പു ലഭിക്കും വിധം അയയ്ക്കണം.