ലിറ്റില്‍ കൈറ്റ്സ്: അം​ഗത്വ അഭിരുചി പരീക്ഷക്കായി പ്രത്യേക ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സില്‍ നാളെ മുതല്‍

By Web Team  |  First Published Jun 22, 2022, 3:08 PM IST

സോഫ്റ്റ്‍വെയര്‍ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിരുചി പരീക്ഷയില്‍ ലോജിക്കല്‍, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍ ഉണ്ടാവുക.


തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍-എയി‍‍ഡഡ് വിദ്യാലയങ്ങളില്‍ (Little Kites Membership) നിലവിലുള്ള 'ലിറ്റില്‍ കൈറ്റ്സ്' ക്ലബുകളില്‍ അംഗത്വത്തിനായി ജൂലൈ 2-ന് നടക്കുന്ന (Aptitude Test) സംസ്ഥാനതല അഭിരുചി പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ജൂണ്‍ 23 മുതല്‍ 25 വരെ വൈകുന്നേരം 3 മണിക്കും 6 മണിക്കും സംപ്രേഷണം ചെയ്യും. സോഫ്റ്റ്‍വെയര്‍ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിരുചി പരീക്ഷയില്‍ ലോജിക്കല്‍, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍ ഉണ്ടാവുക.

പൊതുപരീക്ഷാ പരിചയം, പാഠപുസ്തകം, പൊതുവിജ്ഞാനം എന്നിവ അടിസ്ഥാനമാക്കിയുള്ള ചോദ്യസാമ്പിളുകള്‍, ലോജിക്കല്‍ വിഭാഗം, പ്രോഗ്രാമിംഗ് എന്നിവയാണ് മൂന്നു ദിവസത്തെ ക്ലാസുകളുടെ ഉള്ളടക്കം. അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ കാണുന്നതിനുള്ള സൗകര്യം യൂണിറ്റുകളില്‍ ഒരുക്കണമെന്ന് കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുന്ന രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്കായിരിക്കും അഭിരുചി പരീക്ഷ നടത്തുന്നത്. പരീക്ഷയില്‍ മികച്ച സ്കോര്‍ നേടുന്ന നിശ്ചിത എണ്ണം കുട്ടികള്‍ക്കായിരിക്കും ലിറ്റില്‍ കൈറ്റ്സ് യൂണിറ്റില്‍ അംഗത്വം ലഭിക്കുന്നത്. സംസ്ഥാന തലത്തില്‍ 60,000 കുട്ടികളാണ് അംഗത്വം നേടുന്നത്.

Latest Videos


 

click me!