കേരളത്തിന്റെ ചരിത്രം വരുംതലമുറയ്ക്ക് കൈമാറാനുള്ള വലിയൊരു ഉപാധികൂടിയായ 'സ്കൂള്‍വിക്കി'യില്‍ കൃത്യമായി വിവരങ്ങള്‍ നല്‍കാനും പുതുക്കാനും സ്കൂളുകള്‍ ശ്രദ്ധിക്കണമെന്ന് ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: പതിനയ്യായിരം സ്കൂളുകളെ കോർത്തിണക്കി സ്കൂളുകളുടെ ചരിത്രവും വർത്തമാനവും തയ്യാറാക്കുക എന്നതിലുപരി ഡിജിറ്റല്‍ മാധ്യമത്തില്‍ (digital media) മലയാളഭാഷ വളർത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന സംരംഭമാണ് കൈറ്റിന്റെ സ്കൂള്‍വിക്കിയെന്ന് (School Wiki) സ്പീക്കർ എം.ബി രാജേഷ് (MB Rajesh). സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 47 ലക്ഷം കുട്ടികള്‍ ഇന്ന് മലയാളം കമ്പ്യൂട്ടിംഗ് പരിചയപ്പെടുന്നത് വലിയ കാര്യമാണ്. കേവലമായ കുശലാന്വേഷണങ്ങള്‍ക്കുമപ്പുറം മൂല്യവത്തായ ജനാധിപത്യവല്‍ക്കരണം ശക്തി പ്പെടുത്തുന്ന വിധത്തില്‍ വളച്ചൊടിക്കാത്ത ചരിത്രം വെളിച്ചത്തു കൊണ്ടുവരാനുള്ള സാധ്യതകള്‍ സ്കൂള്‍വിക്കിയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നിയമസഭാഹാളില്‍ സ്കൂള്‍വിക്കി അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കർ.
കേരളത്തിന്റെ ചരിത്രം വരുംതലമുറയ്ക്ക് കൈമാറാനുള്ള വലിയൊരു ഉപാധികൂടിയായ 'സ്കൂള്‍വിക്കി'യില്‍ കൃത്യമായി വിവരങ്ങള്‍ നല്‍കാനും പുതുക്കാനും സ്കൂളുകള്‍ ശ്രദ്ധിക്കണമെന്ന് ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു. സഹിതം മെന്ററിംഗ് പോർട്ടലിലും സമഗ്ര റിസോഴ്സ് പോർട്ടലിലും ഈ മാസം മുതല്‍ അധ്യാപകർക്ക് പരിശീലനം നല്‍കുമെന്നും സ്കൂളുകള്‍ക്ക് ഐടി പിന്തുണ നല്‍കാന്‍ കൂടുതല്‍ മാസ്റ്റർട്രെയിനർമാരെ കൈറ്റിന്റെ ഭാഗമാക്കി മാറ്റുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ കെ അന്‍വർ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ. ജീവന്‍ബാബു കെ ഐഎഎസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ എന്നിവരും സംസാരിച്ചു. സ്കൂള്‍വിക്കിയില്‍ സംസ്ഥാന-ജില്ലാ വിജയികള്‍ക്ക് ചടങ്ങില്‍ വച്ച് കാഷ് അവാർഡും ശില്പുവും പ്രശംസാപത്രവും നല്‍കി. സംസ്ഥാനതലത്തില്‍ കോഴിക്കോട് ജില്ലയിലെ മാക്കൂട്ടം എ.എ.യു.പി.എസ് ഒന്നര ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടി. രണ്ടാം സമ്മാനം നേടിയ മലപ്പുറം ജില്ലയിലെ ഒളകര ജി.എല്‍.പി.എസ് ന് ഒരു ലക്ഷവും മൂന്നാം സമ്മാനം നേടിയ തിരുവനന്തപുരം ജില്ലയിലെ കരിപ്പൂർ ജി.എച്ച്.എസ്.ന് എഴുപത്തി അയ്യായിരം രൂപയും ലഭിച്ചു.