രണ്ടു വര്‍ഷത്തിനുള്ളില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തും: മന്ത്രി വി.ശിവന്‍കുട്ടി

By Web Team  |  First Published Jul 22, 2022, 4:01 PM IST

ലിംഗ നീതി, സമത്വം, ലിംഗ അവബോധം, ഭരണഘടന,  സന്നദ്ധപ്രവര്‍ത്തനങ്ങള്‍, മതനിരപേക്ഷത, സാമൂഹിക പ്രശ്‌നങ്ങള്‍, കല, സ്‌പോര്‍ട്‌സ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കമ്മിറ്റി ചര്‍ച്ച ചെയ്യും. 


തിരുവനന്തപുരം: അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ (curriculum reformation) പാഠ്യപദ്ധതി പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി (v sivankutty) വി.ശിവന്‍കുട്ടി. ദേശീയ അടിസ്ഥാനത്തിലും സാര്‍വ്വ ദേശീയ അടിസ്ഥാനത്തിലും കേരളത്തിലെ വിദ്യാഭ്യാസ രംഗം ലോക നിലവാരത്തിലേക്ക് എത്തണമെന്നും വിദ്യാര്‍ഥികളുടെ അഭിരുചിയ്ക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസ പ്രക്രിയക്കാണ് രൂപം കൊടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. പാറശ്ശാല നിയോജകമണ്ഡലത്തിലെ വിവിധ സ്‌കൂളുകള്‍ മന്ദിരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി കരിക്കുലം കമ്മിറ്റിയും കോര്‍ കരിക്കുലം കമ്മിറ്റിയും രൂപീകരിച്ചു. ലിംഗ നീതി, സമത്വം, ലിംഗ അവബോധം, ഭരണഘടന,  സന്നദ്ധപ്രവര്‍ത്തനങ്ങള്‍, മതനിരപേക്ഷത, സാമൂഹിക പ്രശ്‌നങ്ങള്‍, കല, സ്‌പോര്‍ട്‌സ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കമ്മിറ്റി ചര്‍ച്ച ചെയ്യും. സംസ്ഥാനത്തെ ഗേള്‍സ് സ്‌കൂളുകളും ബോയ്സ് സ്‌കൂളുകളും മിക്സഡ് സ്‌കൂളുകളാക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനോട് സര്‍ക്കാരിന് അനുകൂല നിലപാടാണെന്നും എന്നാല്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുക അപ്രായോഗികമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷമേ നടപടി എടുക്കാനാകൂ. സ്‌കൂളുകള്‍ മിക്‌സഡ് സംവിധാനത്തിലേക്ക് മാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങളുടേയും പിടിഎയുടേയും അനുമതി വേണമെന്നും മന്ത്രികൂട്ടിച്ചേര്‍ത്തു.

Latest Videos

ജെന്‍റര്‍ ന്യൂട്രല്‍ വസ്ത്രം, സ്കൂള്‍, ബസ് കാത്തിരിപ്പ് കേന്ദ്രവും; മാമന്മാര്‍ക്ക് പണിയാകുമെന്ന് ട്രോളന്മാര്‍

 പാറശ്ശാല നിയോജകമണ്ഡലത്തിലെ നാല് സ്‌കൂളുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. ആനാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടും നബാര്‍ഡ് ഫണ്ടും വിനിയോഗിച്ച് 2.40 കോടി രൂപ അടങ്കലിലാണ്  സ്‌കൂള്‍ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആര്‍.എം. എസ്.എ ഫണ്ടില്‍ ഉള്‍പ്പെടുത്തി 61  ലക്ഷം രൂപ വിനിയോഗിച്ചാണ് മാരായമുട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി  പുതിയ ക്ലാസ്സ് റൂം ബ്ലോക്ക് നിര്‍മിച്ചത്.

മഞ്ചവിളാകം ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്‌കൂളില്‍ എം.എല്‍.എയുടെ വികസന ഫണ്ട് വിനിയോഗിച്ച് 50 ലക്ഷം രൂപ അടങ്കലിലാണ് പുതിയ സ്‌കൂള്‍ മന്ദിരം പണിതത്.  ഇഞ്ചിവിള ഗവ. എല്‍.പി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവിലാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. ഇതോടൊപ്പം കുന്നനാട്  ഗവണ്മെന്റ് എല്‍.പി സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ അടങ്കലിലാണ് പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

click me!