സംസ്കൃത സർവ്വകലാശാല ‘ആത്മോപദേശശതകം' പുന:പ്രസിദ്ധീകരിക്കുന്നു; 2.5 ലക്ഷം രൂപയുടെ കേന്ദ്ര സഹായം

By Web Team  |  First Published Jul 28, 2022, 9:19 AM IST

കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ അഷ്ടാദശി പദ്ധതിയുടെ ഭാഗമായി സർവ്വകലാശാലയുടെ സംസ്കൃത പ്രചാരണ വിഭാഗം സമർപ്പിച്ച പദ്ധതി പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്. 


കൊച്ചി: നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിന്റെ (sreenarayana guru) പ്രസിദ്ധമായ പുസ്തകം ‘ആത്മോപദേശശതകം' ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല (sree sankaracharya sanskrit university) പുന:പ്രസിദ്ധീകരിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫസർ എം. വി. നാരായണൻ അറിയിച്ചു. ഇതിനായി കേന്ദ്ര സംസ്കൃത സർവ്വകലാശാല 2.5 ലക്ഷം രൂപ അനുവദിച്ചു. കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ അഷ്ടാദശി പദ്ധതിയുടെ ഭാഗമായി സർവ്വകലാശാലയുടെ സംസ്കൃത പ്രചാരണ വിഭാഗം സമർപ്പിച്ച പദ്ധതി പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്. സംസ്കൃത പ്രചാരണ പദ്ധതിയുടെ ഇടുക്കി ജില്ല കോ-ഓർ‍ഡിനേറ്ററും സംസ്കൃതം വേദാന്ത വിഭാഗം പ്രൊഫസറുമായ ഡോ. എസ്. ഷീബയാണ് പ്രസ്തുത പദ്ധതി സമർപ്പിച്ചത്.

സംസ്കൃത മാതൃകാവിദ്യാലയ പദ്ധതി'ക്ക് സംസ്കൃത സർവ്വകലാശാലയ്ക്ക് 30 ലക്ഷം രൂപയുടെ കേന്ദ്ര സഹായം

Latest Videos

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സംസ്ഥാനത്ത് നടപ്പിലാക്കുന്ന സംസ്കൃത പ്രചാരണ പദ്ധതിയുടെ ഭാഗമായി സമർപ്പിച്ച 'മാതൃകാവിദ്യാലയ പദ്ധതി'ക്ക് കേന്ദ്ര സംസ്കൃത സർവ്വകലാശാല 30 ലക്ഷം രൂപ അനുവദിച്ചതായി വൈസ് ചാൻസലർ പ്രൊഫസർ എം. വി. നാരായണൻ അറിയിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 50 മാതൃകാ സ്കൂളുകളിൽ മൂന്ന് വർഷത്തേയ്ക്ക് നടപ്പിലാക്കുന്നതാണ് 'സംസ്കൃത മാതൃകാവിദ്യാലയ പദ്ധതി'. കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ അഷ്ടാദശി പദ്ധതിയുടെ ഭാഗമായാണ് സംസ്കൃത 'മാതൃകാവിദ്യാലയ പദ്ധതി'ക്ക് അനുമതി നൽകിയിരിക്കുന്നത്. 

സംസ്കൃത പ്രചാരണ വിഭാഗം നോഡൽ ഓഫീസർ ഡോ. അജിത്കുമാർ കെ. വി. യും സംസ്കൃത പ്രചാരണ വിഭാഗം എറണാകുളം ജില്ലാ കോർഡിനേറ്റർ ഡോ. വി. കെ. ഭവാനിയും ചേർന്നാണ് സംസ്കൃത 'മാതൃകാവിദ്യാലയ പദ്ധതി' കേന്ദ്ര സംസ്കൃത സർവ്വകലാശാലയ്ക്ക് സമർപ്പിച്ചത്. കേരളത്തിലെ സംസ്കൃതം അറിയാത്ത വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി സംസ്കൃതം പഠിപ്പിക്കുന്ന പദ്ധതിയാണ് 'മാതൃകാവിദ്യാലയ പദ്ധതി'. സംസ്കൃതം പഠിക്കുവാനാഗ്രഹിക്കുന്ന എല്ലാവർക്കും സംസ്കൃതം പഠിക്കുന്നതിന് ഏറ്റവും സമീപത്തുളള മാതൃകാവിദ്യാലയങ്ങളിൽ പഠിക്കുന്നതിനുളള സാഹചര്യം ഒരുക്കുവാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു. കേരളത്തിന്റെ പുരാതന സംസ്കൃത പാരമ്പര്യവും സംസ്കാരവു നിലനിർത്തുവാനും സംസ്കൃതത്തെ കൂടുതൽ അറിയുവാനും സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

മഴ സെമിനാറും പ്രബന്ധ രചന മത്സരവും
വയലി മഴോത്സവത്തിന്റെ ഭാഗമായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സെന്റർ ഫോർ ഇൻടാഞ്ചിബിൾ ഹെറിട്ടേജ് സ്റ്റഡീസും കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ നിള ക്യാമ്പസും സംയുക്തമായി മഴ സെമിനാറും മഴയെ ആസ്പദമാക്കി സർവ്വകലാശാല/കോളേജ് വിദ്യാർത്ഥികൾക്കായി പ്രബന്ധ രചന മത്സരവും സംഘടിപ്പിക്കുന്നു. മഴ സെമിനാർ ഓഗസ്റ്റ് ആറിന് കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ ചെറുതുരുത്തിയിലുളള നിള ക്യാമ്പസിൽ നടക്കും. 'കേരള സംസ്കാര നിർമ്മിതിയിൽ കാലവർഷത്തിന്റെ പ്രസക്തി' എന്നതാണ് സെമിനാറിന്റെയും പ്രബന്ധ രചന മത്സരത്തിന്റെയും വിഷയം. 

രാവിലെ 9.30 മുതൽ 5.30 വരെ സംഘടിപ്പിക്കുന്ന സെമിനാറിൽ പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും. രജിസ്റ്റർ ചെയ്യുന്നതിനായി പേര്, പഠിക്കുന്ന സർവ്വകലാശാല/കോളേജ്, വിഷയം എന്നിവ ചേർത്ത് തയ്യാറാക്കിയ ബയോഡാറ്റ mazhaseminar@gmail.comൽ അയയ്ക്കണം. അവസാന തീയതി: ആഗസ്റ്റ് മൂന്ന്. മഴയെ ആശ്രയിച്ച് ജീവിതക്രമം ചിട്ടപ്പെടുത്തിയ മലയാളിയുടെ ജീവിതത്തിന്റെ ഉളളറകളിലേക്ക് വെളിച്ചം വീശുന്ന മഴയുടെ സാമൂഹിക-സാംസ്കാരിക-ചരിത്ര വർത്തമാനങ്ങൾ, നാട്ടറിവുകൾ, ഞാറ്റുവേല വിശേഷങ്ങൾ, ആഘോഷങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവ സെമിനാറിന്റെ ഭാഗമായി ചർച്ച ചെയ്യുമെന്ന് സെമിനാർ കോ-ഓർഡിനേറ്റർ ഡോ. ടി. ജി. ജ്യോതിലാൽ അറിയിച്ചു.

പ്രബന്ധ രചന മത്സരത്തിൽ സർവ്വകലാശാല/കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. മലയാളത്തിൽ തയ്യാറാക്കിയ അമൂർത്തമായ പ്രബന്ധങ്ങൾ 200 വാചകങ്ങൾക്ക് ഉളളിലായിരിക്കണം. അമൂർത്തമായ പ്രബന്ധങ്ങൾ അയയ്ക്കേണ്ട അവസാന തീയതി ആഗസ്റ്റ് അഞ്ച്. തിരഞ്ഞെടുക്കുന്ന അമൂർത്തമായ പ്രബന്ധങ്ങൾ ആഗസ്റ്റ് 15ന് പ്രഖ്യാപിക്കും. പൂർണ്ണമായ പ്രബന്ധങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. പ്രബന്ധങ്ങൾ അയയ്ക്കേണ്ട വിലാസം mazhaseminar@gmail.com. കൂടുതൽ വിവരങ്ങൾക്ക് ഡോ. ടി. ജി. ജ്യോതിലാൽ, ഫോൺ:9447476372.


 

click me!