സംസ്കൃത സർവ്വകലാശാലയിൽ ബിരുദ, ഡിപ്ലോമ പ്രവേശനം; ഓൺലൈൻ അപേക്ഷ അവസാന തീയതി ജൂലൈ 15

By Web Team  |  First Published Jul 2, 2022, 10:39 AM IST

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.


തൃശൂർ: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ (sree sankaracharya sanskrit university) കാലടി മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും (degree diploma courses) ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സമ്പ്രദായത്തിലായിരിക്കും പ്രോഗ്രാമുകൾ നടത്തപ്പെടുക. യു.ജി.സി. നിര്‍ദ്ദേശ പ്രകാരം തയ്യാറാക്കിയ ഫലാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം (ഒ.ബി.ടി.എല്‍.ഇ. സ്കീം) പ്രകാരമാണ് സർവ്വകലാശാലയുടെ ബിരുദ പാഠ്യപദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്.

ബിരുദ പ്രോഗ്രാമുകൾ
1.      സംസ്കൃതം (സാഹിത്യം, വേദാന്തം, വ്യാകരണം, ന്യായം, ജനറല്‍) - മൂന്ന് വർഷം.
2.      സംഗീതം (വായ്പാട്ട്) - മൂന്ന് വർഷം.
3.      നൃത്തം (ഭരതനാട്യം, മോഹിനിയാട്ടം) - മൂന്ന് വർഷം.
4.      ബി.എഫ്.എ. (ചിത്രകല, ചുമർചിത്രകല, ശില്പകല) - നാല് വർഷം.

Latest Videos

യോഗ്യത: പ്ലസ് ടു/വൊക്കേഷണല്‍ ഹയർ സെക്കണ്ടറി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് (രണ്ട് വര്‍ഷം) മേല്‍ പറഞ്ഞ പ്രോഗ്രാമുകളിലേക്ക് (പരമാവധി മൂന്ന് പ്രോഗ്രാമുകള്‍ക്ക് ഒരു ക്യാമ്പസിൽ നിന്നും) അപേക്ഷിക്കാവുന്നതാണ്. നൃത്തം (മോഹിനിയാട്ടം, ഭരതനാട്യം), സംഗീതം, ചിത്രകല, ചുമർചിത്രകല, ശില്പകല എന്നിവ മുഖ്യവിഷയമായ ബിരുദ പ്രോഗ്രാമുകള്‍ക്ക് അഭിരുചി നിര്‍ണ്ണയ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായം 2022 ജൂണ്‍ ഒന്നിന് 22 വയസ്സിൽ കൂടുതൽ ആകരുത്. 

ബിരുദ പഠനം വിവിധ ക്യാമ്പസുകളിൽ
മുഖ്യ ക്യാമ്പസായ കാലടിയിൽ സംസ്കൃതം (സാഹിത്യം, വേദാന്തം, വ്യാകരണം, ന്യായം, ജനറല്‍), സംഗീതം, നൃത്തം (ഭരതനാട്യം, മോഹിനിയാട്ടം) എന്നീ ബിരുദ പ്രോഗ്രാമുകളിലേക്കും ചിത്രകല, ചുമർചിത്രകല, ശില്പകല വിഷയങ്ങളിൽ ബി.എഫ്.എ. പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. സര്‍വകലാശാലയുടെ തിരുവനന്തപുരം (സംസ്കൃതം - സാഹിത്യം, ന്യായം, വേദാന്തം, വ്യാകരണം),  പന്മന (സംസ്കൃതം വേദാന്തം), ഏറ്റുമാനൂര്‍ (സംസ്കൃതം സാഹിത്യം), തുറവൂര്‍ (സംസ്കൃതം സാഹിത്യം), കൊയിലാണ്ടി (സംസ്കൃതം - സാഹിത്യം, വേദാന്തം, ജനറല്‍), തിരൂര്‍ (സംസ്കൃതം വ്യാകരണം), പയ്യന്നൂര്‍ (സംസ്കൃതം - വ്യാകരണം, വേദാന്തം, സാഹിത്യം) പ്രാദേശിക ക്യാമ്പസുകളിൽ വിവിധ സംസ്കൃത വിഷയങ്ങളിലാണ് ബിരുദ പ്രവേശനം നല്‍കുന്നത്. സംസ്കൃതത്തിൽ ബിരുദ പഠനത്തിന് കുറഞ്ഞത് പത്ത് വിദ്യാര്‍ത്ഥികളെങ്കിലും പ്രവേശനം നേടാത്ത ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ്ഷിപ്പ് നല്‍കി അവരെ മറ്റ് ക്യാമ്പസുകളിലേക്ക് മാറ്റുന്നതാണ്. സംസ്കൃത വിഷയങ്ങളില്‍ ബിരുദ പഠനത്തിന് പ്രവേശനം നേടുന്ന മുഴുവൻ വിദ്യാര്‍ത്ഥികള്‍ക്കും പ്രതിമാസം 500/- രൂപ വീതം സ്കോളര്‍ഷിപ്പ് നല്‍കും.

ഡിപ്ലോമ പ്രോഗ്രാം
ആയുര്‍വേദ പഞ്ചകര്‍മ്മ ആൻഡ് ഇന്റർനാഷണൽ  സ്പാ തെറാപ്പി - ഒരു വർഷം. ഏറ്റുമാനൂര്‍ പ്രാദേശിക ക്യാമ്പസിലാണ് ആയുര്‍വേദ പഞ്ചകര്‍മ്മ ആൻഡ് ഇന്റർനാഷണൽ  സ്പാ തെറാപ്പി ഡിപ്ലോമ പ്രോഗ്രാം നടത്തുന്നത്.  

യോഗ്യത: പ്ലസ് ടു/വൊക്കേഷണല്‍ ഹയർ സെക്കണ്ടറി അഥവാ തത്തുല്ല്യ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് (രണ്ട് വര്‍ഷം) അപേക്ഷിക്കാം. പരമാവധി മൂന്ന് പ്രോഗ്രാമുകള്‍ക്ക് ഒരു ക്യാമ്പസിൽ പ്രവേശനത്തിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാല ബിരുദം നേടിയവർക്കും ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യത പരീക്ഷയുടെ മാർക്ക്, ശാരീരിക ക്ഷമത, അഭിമുഖം എന്നിവയ്ക്ക് ലഭിച്ച മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിലായിക്കും പ്രവേശനം.  ആകെ സീറ്റുകൾ 20. പ്രായം വിജ്ഞാപന തീയതിക്കനുസൃതമായി 17നും 30നും ഇടയിലായിരിക്കണം.

അപേക്ഷ എങ്ങനെ?
സര്‍വ്വകലാശാല വെബ്സൈറ്റ് (www.ssus.ac.in) വഴി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റ് കോപ്പിയും നിർദ്ദിഷ്ട യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി., പ്ലസ് ടു), സംവരണാനുകൂല്യം തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ, അപേക്ഷ ഫീസായി ഓൺലൈന്‍ വഴി ബിരുദ പ്രോഗ്രാമുകള്‍ക്ക്  50 രൂപ (എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 10/- രൂപ), ‍ഡിപ്ലോമ കോഴ്സുകള്‍ക്ക് 300/- രൂപ  (എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 100/-രൂപ) അടച്ച രസീത് എന്നിവ അതാത് ക്യാമ്പസുകളിലെ വകുപ്പ് അദ്ധ്യക്ഷന്‍മാര്‍ക്ക് / ഡയറക്ടര്‍മാര്‍ക്ക് ജൂലൈ 23ന് മുന്‍പായി സമർപ്പിക്കേണ്ടതാണ്. പ്രൊസ്പെക്ടസ് സർവ്വകലാശാലയുടെ വെബ്സൈറ്റിൽ ‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഓൺലൈൻ അപേക്ഷകൾ ജൂലൈ 15 വരെ
അപേക്ഷകൾ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി  ജൂലൈ 15. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റ് കോപ്പിയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഓൺലൈൻ ഫീസ് അടച്ച രസീതും അതാത് ക്യാമ്പസുകളിലെ വകുപ്പ് അദ്ധ്യക്ഷന്‍മാര്‍ക്ക് / ഡയറക്ടര്‍മാര്‍ക്ക് ലഭിക്കേണ്ട അവസാന തീയതി ജൂലൈ 23.

റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 12ന്
ഡിപ്ലോമ പ്രോഗ്രാമിലേക്ക് പ്രവേശനത്തിനായുളള ശാരീരിക ക്ഷമത പരീക്ഷ ജൂലൈ 29ന് നടക്കും. ബിരുദ വിഭാഗങ്ങളിലേക്ക് പ്രവേശനം നേടുന്നതിനുളള അഭിരുചി പരീക്ഷ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട് (ചിത്രകല - ഓഗസ്റ്റ് ഒന്ന്; സംഗീതം - ഓഗസ്റ്റ് ഒന്ന്, രണ്ട്; ഭരതനാട്യം - ഓഗസ്റ്റ് മൂന്ന്, നാല്; മോഹിനിയാട്ടം - ഓഗസ്റ്റ് നാല്, അഞ്ച്).  ഓഗസ്റ്റ് 12ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.  ബി. എ. സംസ്കൃതം (സാഹിത്യം, വേദാന്തം, ന്യായം, വ്യാകരണം, ജനറൽ), ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുളള അഭിമുഖം ഓഗസ്റ്റ് 16ന് നടക്കും. ബി. എഫ്. എ. (ചിത്രകല, ചുമർചിത്രകല, ശില്പകല), ബി. എ. (സംഗീതം, നൃത്തം) എന്നീ പ്രോഗ്രാമുകളിലേക്കുളള അഭിമുഖം ഓഗസ്റ്റ് 17 ന് നടക്കും. ഓഗസ്റ്റ് 22ന് ബിരുദ /ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുളള ക്ലാസ്സുകൾ ആരംഭിക്കും.  ഈ അദ്ധ്യയന വർഷത്തെ ബിരുദ / ഡിപ്ലോമ പ്രവേശന നടപടികൾ സെപ്റ്റംബർ 21ന് അവസാനിക്കും.  ബിരുദ / ഡിപ്ലോമ പ്രോഗ്രാമുകൾ സംബന്ധിച്ച വിശദ വിവരങ്ങൾക്കും പ്രോസ്പക്ടസിനുമായി www.ssus.ac.in സന്ദർശിക്കുക.          ബിരുദ / ഡിപ്ലോമ പ്രോഗ്രാമുകൾ വിശദവിവരങ്ങൾ സര്‍വ്വകലാശാല വെബ്സൈറ്റ്  (www.ssus.ac.in) ല്‍ ലഭ്യമാണ്.   
 

click me!