ജോലിയിൽ നിന്ന് വിരമിച്ച് 15 വർഷത്തിന് ശേഷമാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്
തമിഴ്നാട്: പഠിക്കാനും മികച്ച വിജയം നേടാനും പ്രായമൊരു തടസ്സമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് തമിഴ്നാട് സ്വദേശിയായ (Teacher) അധ്യാപകൻ. 73ാമത്തെ വയസ്സിൽ (Doctorate) ഡോക്ടറേറ്റ് നേടിയിരിക്കുകയാണ് തമിഴ്നാട് കന്യാകുമാരി സ്വദേശിയായ തങ്കപ്പൻ (Thangappan) എന്ന പ്രധാനാധ്യാപകൻ. കന്യാകുമാരി ജില്ലയിലെ തിർപരപ്പ് എന്ന പ്രദേശത്തെ ദേവസ്വം ബോർഡ് സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നു ഇദ്ദേഹം. ജോലിയിൽ നിന്ന് വിരമിച്ച് 15 വർഷത്തിന് ശേഷമാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നതെന്ന് ന്യൂസ് 18 വാർത്തയിൽ പറയുന്നു.
റിട്ടയർമെന്റിന് ശേഷം സ്വന്തമായുണ്ടായിരുന്ന കൃഷിഭൂമിയിൽ കശുമാവ് കൃഷി ചെയ്തു. ഈ സമയത്താണ് വീണ്ടും പഠനത്തിലക്ക് തിരിഞ്ഞാലോ എന്ന തോന്നൽ അദ്ദേഹത്തിനുണ്ടാകുന്നത്. ഗാന്ധിയൻ ആശയങ്ങളോടാണ് താത്പര്യം തോന്നിയത്. വ്യക്തിജീവിതത്തിൽ ഗാന്ധിയൻ ശൈലി പിന്തുടരുന്ന വ്യക്തി കൂടിയായിരുന്നു തങ്കപ്പൻ. ഡോക്ടറേറ്റ് നോടുകയെന്നത് അദ്ദേഹത്തിന്റെ ആഗ്രഹങ്ങളിലൊന്നായിരുന്നു. അങ്ങനെ മനോന്മണിയം സുന്ദരനാർ യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റിന് രജിസ്റ്റർ ചെയ്തു. പ്രൊഫസർ കനകാംബാളിന്റെ മേൽനോട്ടത്തിൽ റിസർച്ച് ആരംഭിച്ചു.
undefined
ഗാന്ധിയൻ ആദർശങ്ങളെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആഗ്രഹം മൂലം, ഭീകരതയുടെ ആധുനിക ലോകത്ത് ഗാന്ധിയൻ തത്വചിന്തയുടെ പ്രാധാന്യം എന്ന വിഷയത്തിലാണ് തങ്കപ്പൻ ഗവേഷണം നടത്തിയത്. കഴിഞ്ഞ എട്ട് വർഷമായി ഗവേഷണം തുടർന്നു കൊണ്ടിരുന്ന അദ്ദേഹം തമിഴ്നാട് ഗവർണർ ആർ എൻ രവിയിൽ നിന്നാണ് ഡോക്ടറേറ്റ് ബിരുദം നേടിയത്. ഇതിനോടകം തന്നെ അദ്ദേഹം എംഎ (ഹിസ്റ്റോറിക്കൽ പാസ്റ്റ്), എംഎഡ്, എംഫിൽ എന്നിവയും പൂർത്തിയാക്കി. ഗാന്ധിയൻ ആശയങ്ങൾ പിന്തുടർന്ന് ജീവിതകാലം മുഴുവൻ ഈ വിഷയത്തിൽ ഗവേഷണം നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
ഭീകരതയുടെ ഇന്നത്തെ ലോകത്തിൽ ഗാന്ധിയൻ ആശയങ്ങൾ അനിവാര്യമാണെന്നും ഗാന്ധിയൻ ആശയങ്ങൾക്ക് മാത്രമേ തീവ്രവാദത്തെയും വിദ്വേഷത്തെയും വേരോടെ പിഴുതെറിയാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഗാന്ധിജി നമുക്കായി നൽകിയ ആശയങ്ങൾ എല്ലാ ജനങ്ങളും അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.