തദ്ദേശ സ്ഥാപനങ്ങളിൽ 138 അസിസ്റ്റൻറ് എൻജിനിയർമാർക്ക് നിയമനം

By Web Team  |  First Published Jul 19, 2022, 9:58 AM IST

പി എസ് സി റാങ്ക് ലിസ്റ്റിൽ നിന്നാണ് ഇത്രയും ഉദ്യോഗാർഥികൾക്ക് ഒരുമിച്ച് നിയമനം നൽകുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഇതിനകം തന്നെ കില മുഖേന പരിശീലനം നൽകിക്കഴിഞ്ഞു. 


തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനിയറിങ് വിഭാഗത്തിൽ (engineering sector) 138 പേർക്ക് അസിസ്റ്റൻറ് എൻജിനിയർമാരായി (assistant engineers) നിയമനം നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ (M V Govindan master അറിയിച്ചു. പി എസ് സി റാങ്ക് ലിസ്റ്റിൽ നിന്നാണ് ഇത്രയും ഉദ്യോഗാർഥികൾക്ക് ഒരുമിച്ച് നിയമനം നൽകുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഇതിനകം തന്നെ കില മുഖേന പരിശീലനം നൽകിക്കഴിഞ്ഞു. നിയമനത്തിന് മുൻപ് തന്നെയുള്ള പരിശീലനത്തിലൂടെ ജോലിയെ സംബന്ധിച്ചും ചുമതലകളെ സംബന്ധിച്ചും കൃത്യമായ അവബോധം ഉദ്യോഗാർഥികൾക്ക് കൈവരിക്കാൻ സാധിച്ചു. ജോലി കൃത്യമായി നിർവഹിക്കാനുള്ള കാര്യശേഷി കൈവരിക്കാൻ ഉദ്യോഗാർഥികളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടാണ് നിയമനത്തിന് മുൻപ് തന്നെയുള്ള പരിശീലന പരിപാടി രൂപകൽപ്പന ചെയ്തതെന്നും മന്ത്രി അറിയിച്ചു. നിയമനം ലഭിച്ചവർ ജോലിയിൽ പ്രവേശിക്കുന്നതോടെ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനിയർമാരുടെ കുറവിന് പരിഹാരമാവും. തദ്ദേശസ്ഥാപനങ്ങളിൽ ഒഴിവുള്ള ഓവർസിയർമാരുടെ ഒഴിവുകളും അടിയന്തിരമായി നികത്തുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ എൻജിനിയർമാർക്കും പരിശീലനം
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എൻജിനിയറിങ് വിഭാഗത്തിലെ മുഴുവൻ ജീവനക്കാർക്കും വിപുലമായ പരിശീലനം ഉറപ്പാക്കുന്ന പദ്ധതിക്ക് ജൂലൈ 21ന് തുടക്കമാകും. ആദ്യ ബാച്ചിൽ ഓവർസിയർമാർക്കുള്ള പരിശീലനമാണ് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നടക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക എൻജിനിയറിങ് രീതികൾ ഉദ്യോഗസ്ഥരെ പരിചയപ്പെടുത്താനാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥരെ ആധുനീകരിക്കാനും കാര്യശേഷി വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിശീലനം. ഘട്ടംഘട്ടമായി എല്ലാ എൻജിനിയറിങ് ചുമതലയുള്ളവർക്കും പരിശീലനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 4078 ജീവനക്കാരാണ് എൻജിനിയറിങ് വിഭാഗത്തിലുള്ളത്.

Latest Videos

undefined

ഒരു വർഷം, തദ്ദേശ സ്ഥാപനങ്ങളിൽ 1024 നിയമനം
തദ്ദേശ സ്വയംഭരണ വകുപ്പിൽ ഒരു വർഷത്തിനിടെ പിഎസ് സി വഴി നടത്തിയത് 1024 നിയമനങ്ങളാണ്. മുൻപ് എൻജിനിയറിങ് വിഭാഗത്തിൽ അസിസ്റ്റൻറ് എൻജിനിയർമാരുടെയും ഓവർസിയർമാരുടെയും താത്കാലിക നിയമനവും നടന്നിരുന്നു. 296 ഓവർസിയർമാരുടെ നിയമനം പി എസ് സി വഴി നടന്നിരുന്നു.  ഇതിന് പുറമേയാണ് ഇപ്പോഴത്തെ 138 പേരുടെ നിയമനം. പഞ്ചായത്തുകളിൽ 203 എൽ.ഡി ക്ലർക്ക്, 112 ഓഫീസ് അറ്റൻഡന്റുമാർ, ഗ്രാമവികസന വകുപ്പിൽ 20 ബി ഡി ഒ, 101 വി ഇ ഒ, നാഗരാസൂത്രണത്തിൽ 36 വിവിധ തസ്തികകൾ, നഗരകാര്യ വിഭാഗത്തിൽ 32 എൽ ഡി ക്ലർക്ക്, 58 മറ്റു തസ്തികകളിലും ഉൾപ്പെടെ പിഎസ് സി വഴി നിയമനം നടന്നു. നഗരസഭകളിൽ 17 ഹെൽത്ത് ഇൻസ്‌പെക്ടർ  തസ്തികകളും പുതുതായി സൃഷ്ടിച്ചു.

പൊതുഭരണ വകുപ്പിൽ അധികമായി കണ്ടെത്തിയ 208 ഓഫീസ് അറ്റൻഡന്റ് തസ്തികകൾ 14 ജില്ലകളിലെയും ഗ്രാമ പഞ്ചായത്തുകളിലേക്ക് പുനർവിന്യസിച്ചു. ധനകാര്യ കമ്മീഷൻ ഗ്രാന്റിന്റെ വിനിയോഗ കാര്യങ്ങളിലും പദ്ധതി മാനേജ്‌മെന്റിലും സഹായിക്കാനായി എല്ലാ ഗ്രാമ- ജില്ലാ പഞ്ചായത്തുകളിൽ പ്രൊജക്റ്റ് അസിസ്റ്റന്റുമാരെ നിയമിച്ചു. 76 ഗ്രാമ പഞ്ചായത്തുകളിൽ അസിസ്റ്റന്റ് സെക്രട്ടറി തസ്തിക സൃഷ്ടിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. ഇതിന് പുറമെ എക്‌സൈസ് വകുപ്പിൽ 230 പേർക്കും പുതുതായി തൊഴിൽ നൽകിയിട്ടുണ്ട്. 31 വനിതാ സിവിൽ എക്സൈസ് ഓഫീസർമാരുടെ തസ്തികയും സൃഷ്ടിച്ചു. പട്ടികവർഗ മേഖലകളിൽ നിന്ന് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി 100 തസ്തിക സൃഷ്ടിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. തൊഴിലും വികസനവുമൊരുക്കി സർക്കാർ മുന്നോട്ട് കുതിക്കുകയാണെന്നും മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.

click me!