പാലക്കാട് നിന്ന് ഘോഷയാത്രയായി കൊണ്ടുവരുന്ന സ്വർണക്കപ്പ് കോഴിക്കോട് ജില്ലാതിർത്തിയായ രാമനാട്ടുകരയിൽ വച്ച് ഏറ്റുവാങ്ങും.
കോഴിക്കോട് :- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് നാളെ (ജനുവരി 2) കോഴിക്കോട് കൊണ്ടുവരുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പാലക്കാട് നിന്ന് ഘോഷയാത്രയായി കൊണ്ടുവരുന്ന സ്വർണക്കപ്പ് കോഴിക്കോട് ജില്ലാതിർത്തിയായ രാമനാട്ടുകരയിൽ വച്ച് ഏറ്റുവാങ്ങും. ഉച്ചയ്ക്ക് ഒരു മണിയോടെ സംഘാടകസമിതി ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ട്രോഫി കമ്മിറ്റി ചെയർമാൻ കുഞ്ഞഹമ്മദ്കുട്ടി എംഎൽഎ, കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ്കുമാർ തുടങ്ങിയവർ ഏറ്റുവാങ്ങും.
സ്വർണ്ണക്കപ്പുമായുള്ള ഘോഷയാത്ര പത്തോളം കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് മൂന്നുമണിയോടെ മുതലക്കുളം മൈതാനിയിലെത്തും. അവിടെവച്ച് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും കപ്പ് ഏറ്റുവാങ്ങും. തുടർന്ന് ഘോഷയാത്രയായി തുറന്ന ജീപ്പിൽ മാനാഞ്ചിറ ചുറ്റും. നാലുമണിയോടെ മാനാഞ്ചിറ സ്ക്വയറിൽ സ്വർണ്ണക്കപ്പ് സ്ഥാപിക്കും ആറുമണിവരെ കപ്പ് ഇവിടെ പ്രദർശിപ്പിക്കും. ഘോഷയാത്രയിൽ പരമാവധി പേർ പങ്കെടുക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.