'ഇനി കേട്ടു കേട്ടറിയാം'; കാലിക്കട്ട് സര്‍വ്വകലാശാലയുടെ 'റേഡിയോ സിയു' സ്വാതന്ത്ര്യദിനത്തില്‍ പാടിത്തുടങ്ങും

By Web Team  |  First Published Aug 13, 2022, 3:48 PM IST

'ഇനി കേട്ടു കേട്ടറിയാം' എന്നതാണ് റേഡിയോ സിയുവിന്റെ ടാഗ് ലൈന്‍.  ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് പദ്ധതി. 


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ഇന്റര്‍നെറ്റ് റേഡിയോ ആയ 'റേഡിയോ സിയു' സ്വാതന്ത്ര്യദിനത്തില്‍ പ്രേക്ഷേപണം തുടങ്ങും. വ്യാഴാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം റേഡിയോയുടെ നിയമാവലിക്ക് അംഗീകാരം നല്‍കി. 'ഇനി കേട്ടു കേട്ടറിയാം' എന്നതാണ് റേഡിയോ സിയുവിന്റെ ടാഗ് ലൈന്‍.  ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് പദ്ധതി. സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ റേഡിയോ പ്രക്ഷേപണത്തിന്റെ പ്രഖ്യാപനം ശബ്ദ സന്ദേശത്തിലൂടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനാകും. കഥാകൃത്ത് ടി. പത്മനാഭനാണ് മുഖ്യാതിഥി. 

സര്‍വകലാശാലയുടെ ടീച്ചിങ് ലേണിങ് സെന്ററില്‍ (ടി.എല്‍.സി.) ആണ് സ്റ്റുഡിയോ സജ്ജമാക്കിയിരിക്കുന്നത്. വിജ്ഞാനത്തോടൊപ്പം വിനോദവും കൂടി പകരുന്നതാകും പരിപാടികളുടെ ഉള്ളടക്കം. കാമ്പസ് പഠനവകുപ്പിലെ വിദ്യാര്‍ഥികള്‍ക്കും അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കുമെല്ലാം റേഡിയോ പരിപാടിയില്‍ പങ്കാളികളാകാന്‍ കഴിയും. പരീക്ഷണാടിസ്ഥാനത്തിൽ  https://radiocu.uoc.ac.in/ എന്ന പോര്‍ട്ടല്‍ വഴിയാണ് സംപ്രേഷണം. സര്‍വകലാശാലാ അറിയിപ്പുകളും സംശയനിവാരണങ്ങളും ഉള്‍പ്പെടെ തുടക്കത്തില്‍ ഒരു മണിക്കൂറാകും പരിപാടികള്‍. വൈകാതെ പ്രത്യേകം ആപ്പ് തയ്യാറാക്കും. വിദ്യാര്‍ഥി ക്ഷേമം മുന്‍നിര്‍ത്തിയാണ് പദ്ധതി ഒരുക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.

Latest Videos

undefined

സ്‌മൈല്‍ പദ്ധതി ജില്ലാതല ഉദ്ഘാടനം 

കോഴിക്കോട്: കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ സ്‌മൈല്‍ പദ്ധതിയിലേക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഉദയം പദ്ധതി തെരഞ്ഞെടുക്കപ്പെട്ടു. സ്‌മൈല്‍ പദ്ധതിയുടെ ജില്ലാതല ലോഞ്ചിംഗ് കോഴിക്കോട് കോര്‍പ്പറേഷനില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു. ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപെട്ട 75 നഗരങ്ങളെ യാചക വിമുക്തമാക്കുകയും യാചകരുടെ പുനരധിവാസം ഉറപ്പാക്കുകയും ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്‌മൈല്‍ 

(സപ്പോര്‍ട്ട് ഫോര്‍ മാര്‍ജിനിലൈസട് ഇന്റിവിജല്‍സ് ഫോര്‍ ലൈവ്‌ലിഹുഡ് ആന്‍ഡ് എന്റര്‍പ്രെസ്). കേരളത്തില്‍ നിന്നും കോഴിക്കോട് മാത്രമാണ് 75 നഗരങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടത്. അശണരും ആലംബഹീനരുമായ മനുഷ്യരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ ബഹുജന പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഉദയം പദ്ധതി മാതൃകപരമാണെന്ന് മേയര്‍ പറഞ്ഞു. 

click me!