തങ്ങളുടെ ഉൾവിളിക്ക് പിന്നാലെ പോകാനും തങ്ങൾക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ പിന്തുടരാനും ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് എന്റെ ആശംസകൾ." പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.
ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം (CBSE plus two result) പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്യാർത്ഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി (Modi). “സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ വിജയിച്ച എന്റെ എല്ലാ യുവ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ. ഇവരുടെ ആത്മാർത്ഥതയും അർപ്പണബോധവും പ്രശംസനീയമാണ്. മാനവികത ഒരു വലിയ വെല്ലുവിളി നേരിടുകയും ചെയ്ത ഒരു കാലഘട്ടത്തിലൂടെയാണ് അവർ ഈ പരീക്ഷകൾക്ക് തയ്യാറെടുത്തതും ഈ വിജയം കൊയ്തതും. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ വിജയിച്ച നമ്മുടെ യുവ പരീക്ഷാ യോദ്ധാക്കളെ കാത്തിരിക്കുന്നത് എണ്ണമറ്റ അവസരങ്ങളാണ്. തങ്ങളുടെ ഉൾവിളിക്ക് പിന്നാലെ പോകാനും തങ്ങൾക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ പിന്തുടരാനും ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് എന്റെ ആശംസകൾ." പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.
''ചില വിദ്യാർത്ഥികൾ തങ്ങളുടെ ഫലത്തിൽ സന്തുഷ്ടരായിരിക്കില്ല, പക്ഷേ ഒരു പരീക്ഷ ഒരിക്കലും അവർ ആരാണെന്ന് നിർവചിക്കില്ലെന്ന് അവർ അറിഞ്ഞിരിക്കണം. വരും കാലങ്ങളിൽ അവർ കൂടുതൽ വിജയം കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട വശങ്ങൾ നാം ചർച്ച ചെയ്ത ഈ വർഷത്തെ പരീക്ഷ പേ ചർച്ചയും പങ്കിടുന്നു.'' പ്രധാനമന്ത്രി ട്വീറ്റ് സന്ദേശത്തിൽ വ്യക്തമാക്കി.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം ജൂലൈ 22 നാണ് പ്രഖ്യാപിച്ചത്. 92.71 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. തിരുവനന്തപുരം മേഖലയിലാണ് മികച്ച വിജയം. ഏറ്റവും പിന്നിൽ പ്രയാഗ് രാജ്. ഏപ്രിൽ 26 മുതൽ ജൂൺ 15 വരെയാണ് പ്ലസ് ടൂ പരീക്ഷ നടത്തിയത്. സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലവും ഇന്നലെ പ്രഖ്യാപിച്ചു. 94.40 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തിൽ ഉണ്ടായത്. തിരുവനന്തപുരമാണ് മേഖലകളിൽ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.68 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെൺകുട്ടികളിൽ 95.21 ശതമാനം പേർ വിജയം നേടി. നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലം പ്രഖ്യാപിച്ചത്.