സ്കോച്ച് പുരസ്‌കാര ചുരുക്കപ്പട്ടികയിൽ പ്രത്യുഷ പദ്ധതിയും; സ്കോളർഷിപ്പിന് അർഹരായി 83 വിദ്യാർത്ഥികള്‍

By Web Team  |  First Published Aug 19, 2022, 4:51 PM IST

പൊതു ജനങ്ങളുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് സ്കോച്ച് പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്. ഭരണ നിർവഹണത്തിൽ മുന്നിൽ നിൽക്കുന്ന സർക്കാർ തല ഭരണനിർവഹണ കേന്ദ്രങ്ങൾക്കാണ് പുരസ്‌കാരം ലഭിക്കുന്നത്. 


തിരുവനന്തപുരം: രാജ്യത്തെ വിവിധ ഭരണ നിർവഹണ സ്ഥാപനങ്ങൾ നടപ്പാക്കിയ എറ്റവും മികച്ച 25 പദ്ധതികളിൽ എറണാകുളം ജില്ലയുടെ പ്രത്യുഷ പദ്ധതിയും. രാജ്യത്തിന്റെയും ജനങ്ങളുടെയും ഉന്നമനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികൾക്ക് ലഭിക്കുന്ന സ്കോച്ച് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിലാണ് പ്രത്യുഷ പദ്ധതി ഉൾപ്പെട്ടിട്ടുള്ളത്. കേരളത്തിൽ നിന്ന് എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളാണ് പട്ടികയിലുള്ളത്. പൊതു ജനങ്ങളുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് സ്കോച്ച് പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്. ഭരണ നിർവഹണത്തിൽ മുന്നിൽ നിൽക്കുന്ന സർക്കാർ തല ഭരണനിർവഹണ കേന്ദ്രങ്ങൾക്കാണ് പുരസ്‌കാരം ലഭിക്കുന്നത്. 

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ജാഫർ മാലിക് എറണാകുളം ജില്ലാ കളക്ടറായിരുന്നപ്പോഴാണ് ജില്ലയിൽ പ്രത്യുഷ പദ്ധതി ആരംഭിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സർക്കാർ സ്കൂളുകളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്ക് ദേശീയ സ്കോളർഷിപ്പ് പരീക്ഷക്കാവശ്യമായ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യുഷ നടപ്പാക്കിയത്. പെട്രോനെറ്റ് എൽ എൻ ജി യുടെ സാമ്പത്തിക സഹായത്തോടെ എൻസ്ക്കൂൾ ലേണിംഗ് ആണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്. പൂർണമായും ഓൺലൈൻ ആയാണ് പരിശീലനക്ലാസുകൾ നടത്തിയത്. 

Latest Videos

പ്രത്യുഷ പദ്ധതിയിൽ ഉൾപ്പെട്ട 83 വിദ്യാർത്ഥികളാണ് കഴിഞ്ഞ അധ്യയന വർഷം നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിൽ  വിജയം നേടിയത്. ഓരോ വിദ്യാർത്ഥിക്കും 48000 രൂപ വീതം സ്കോളർഷിപ്പ് ലഭിച്ചു. പ്രത്യുഷ പദ്ധതിയിൽ ഉൾപ്പെട്ട 260 വിദ്യാർത്ഥികൾ പരീക്ഷയിൽ യോഗ്യത നേടി. മുൻവർഷങ്ങളിൽ 100ൽ താഴെ പേർക്ക് മാത്രമാണ് പരീക്ഷയിൽ യോഗ്യത നേടാൻ സാധിച്ചത്.  ജില്ലയിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളായ, വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുള്ളവരെ ദേശീയ മത്സര പരീക്ഷയിൽ വിജയത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് പ്രത്യുഷ പദ്ധതി ആവിഷ്കരിച്ചത്. പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ പെട്ടവർക്ക് മുൻഗണന നൽകിയിരുന്നു. 

കോവിഡ് സാഹചര്യത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും സാമ്പത്തികാശ്വാസവും നേട്ടവും നൽകിയതിനാലാണ് പദ്ധതി സ്കോച്ച് പുരസ്‌കാരത്തിലേക്ക് പരിഗണിക്കാൻ കാരണമായതെന്ന് എൻസ്‌കൂൾ സി. ഇ. ഒ കെ. വി. മുഹമ്മദ്‌ യാസീൻ പറഞ്ഞു. കൂടുതൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യുഷ 2.0 ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. അർഹരായ കൂടുതൽ വിദ്യാർത്ഥികളെ പദ്ധതിയുടെ ഭാഗമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ആലപ്പുഴ ജില്ലയുടെ 'കരുതാം കുരുന്നിനെ', കോട്ടയം ജില്ലയുടെ അതി ദാരിദ്ര്യ ലഘൂകരണ പദ്ധതി എന്നിവയും ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
 

click me!