താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ passportindia.gov.in വഴി അപേക്ഷിക്കാം.
ദില്ലി: പാസ്‌പോർട്ട് ഓഫീസർ (പിഒ), ഡെപ്യൂട്ടി പാസ്പോർട്ട് ഓഫീസർ (ഡിപിഒ) തസ്തികകളിലേക്കുള്ള തൊഴിൽ വിജ്ഞാപനം പുറത്തിറക്കി സെൻട്രൽ പാസ്‌പോർട്ട് ഓർഗനൈസേഷൻ. മധുര, അമൃത്സർ, ബറേലി, ജലന്ധർ, ജമ്മു, നാഗ്പൂർ, പനാജി, റായ്പൂർ, ഷിംല, ശ്രീനഗർ, സൂറത്ത്, അഹമ്മദാബാദ്, ചണ്ഡിഗഡ്, ഡൽഹി, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, കൊൽക്കത്ത, മുംബൈ, പൂനെ, കോഴിക്കോട് എന്നിവിടങ്ങളിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ പ്രസ്തുത തസ്തികകളിലേക്ക് ഒഴിവുകളുണ്ട്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ passportindia.gov.in വഴി അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പാസ്‌പോർട്ട് ഓഫീസർ തസ്തികയിലേക്ക് 78,880- 2,09,200 രൂപയും അസിസ്റ്റന്റ് പാസ്‌പോർട്ട് ഓഫീസർ തസ്തികയിൽ 67,700- 2,08,700 രൂപയും ലഭിക്കും. വിജ്ഞാപനമനുസരിച്ച് 24 ഒഴിവുകളാണ് ആകെയുള്ളത്. ആഗസ്റ്റ് 6 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
പാസ്പോർട്ട് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും സ്ട്രീമിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിരുദം ഉണ്ടായിരിക്കണം. കുറഞ്ഞത് 9 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഡെപ്യൂട്ടി പാസ്പോർട്ട് ഓഫീസർ അപേക്ഷാർത്ഥികൾക്ക് ബിരുദവും അഞ്ച് വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.
ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകൾക്ക് സീറ്റൊഴിവ്
ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷൻ / ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ കോഴ്‌സുകളിലേക്ക് പട്ടികവർഗ വിഭാഗത്തിൽ ഓരോ സീറ്റും ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ കോഴ്‌സിലേക്ക് പൊതു വിഭാഗത്തിൽ ഏതാനും സീറ്റുകളും ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകണം. ഫോൺ: 0471 2728340.
കെ ജി ടി ഇ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കെ ജി ടി ഇ കോഴ്സുകളായ പ്രീ പ്രെസ് ഓപറേഷന്‍, പ്രെസ് വര്‍ക്ക് എന്നിവയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം www.sittrkerala.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം, സ്വയം സാക്ഷ്യപ്പെടുത്തിയ നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, അപേക്ഷ ഫീസ് 25 രൂപ എന്നിവ സഹിതം സെന്‍ട്രല്‍ പോളിടെക്നിക് കോളേജിന്റെ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ആഗസ്റ്റ് 20 വൈകുന്നേരം നാല് മണി വരെ പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2360391.