ജെഎൻയുവിൽ പിഎച്ച്ഡി വിദ്യാർത്ഥിനിയായ അൽ ജമീല, ഇന്ത്യൻ ഇക്കണോമിക് സർവീസ് പരീക്ഷയിൽ പന്ത്രണ്ടാം റാങ്കാണ് നേടിയത്.
ദില്ലി: ഇന്ത്യൻ ഇക്കണോമിക് സർവീസ് പരീക്ഷയിൽ ഈ വർഷം യോഗ്യത നേടിയ ഒരേയൊരു മലയാളിയാണ് കോട്ടയം സ്വദേശി അൽ ജമീല. ആദ്യ പരിശ്രമത്തിൽ തന്നെ പന്ത്രണ്ടാം റാങ്ക് നേടിയാണ് അൽ ജമീല മികവ് പുലർത്തിയത്. ജെഎൻയുവിൽ പിഎച്ച്ഡി വിദ്യാർത്ഥിനിയായ അൽ ജമീല ഏഷ്യാനെറ്റ് ന്യൂസിനോട് തന്‍റെ വിജയ രഹസ്യം പങ്കുവച്ചു.
ഹൈസ്കൂളിൽ പഠിക്കുമ്പോൾത്തന്നെ എക്കണോമിക്സ് മനസ്സിലുണ്ടായിരുന്നുവെന്ന് അൽ ജമീല പറയുന്നു. നയരൂപീകരണത്തിൽ വലിയൊരു പങ്ക് സാമ്പത്തിക ശാസ്ത്രത്തിനുണ്ട്. വീട്ടുകാർക്ക് ആദ്യമൊരു വിഷമമുണ്ടായിരുന്നു. താൻ ഡോക്ടറാവുമെന്നോ അഭിഭാഷകയാവുമെന്നോ ഒക്കെയാണ് അവർ കരുതിയത്. പക്ഷേ അമ്മ തന്നെ ഒരുപാട് പിന്തുണച്ചുവെന്ന് അൽ ജമീല പറയുന്നു.
undefined
ഐഇഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ ഒരുപാട് ക്ഷമ വേണമെന്ന് അൽ ജമീല വിശദീകരിച്ചു. പിഎച്ച്ഡി ചെയ്യുന്നതിന് ഒപ്പമാണ് പരീക്ഷയ്ക്ക് തയ്യാറെടുത്തത്. ചെക്ക് ലിസ്റ്റിൽ 10 ടാർഗറ്റൊക്കെ വച്ചാലും ദിവസം നാലും അഞ്ചുമൊക്കെ മാത്രമേ പൂർത്തിയാക്കാൻ കഴിയൂ. വളരെയധികം നിരാശയൊക്കെ തോന്നും. സങ്കീർണമായൊരു പരീക്ഷയാണിത്. എങ്കിലും ജീവിതത്തേക്കാൾ വലുതല്ല ഒരു പരീക്ഷയുമെന്ന് മറക്കരുതെന്ന് അൽ ജമീല ഓർമിപ്പിക്കുന്നു.
ഇന്‍റർവ്യൂ നല്ലതുപോലെ ചെയ്യാൻ കഴിഞ്ഞു. ഹാപ്പി ആയിട്ടാണ് ഇറങ്ങിയത്. ഒരു റാങ്ക് പ്രതീക്ഷിച്ചിരുന്നു. ഇതൊരു ദൈർഘ്യമേറിയ യാത്രയായിരുന്നു. അല്ലാതെ രണ്ടര മാസം പരീക്ഷയ്ക്ക് തയ്യാറെടുത്തു, കിട്ടി എന്നല്ല. സ്ട്രെസ് ഈ യാത്രയിൽ ഒരിക്കലും ഒഴിവാക്കാനാവില്ല. അതുകൊണ്ടുതന്നെ സ്ഥിരമായി വർക്ക് ഔട്ട് ചെയ്യുമായിരുന്നു. മെഡിറ്റേറ്റ് ചെയ്യുമായിരുന്നു. ഹോസ്റ്റലിൽ നിന്ന് പഠിക്കുമ്പോഴും വീട്ടുകാരുമായി നല്ലതുപോലെ ആശയവിനിമയം നടത്തുമായിരുന്നു. പോസിറ്റിവിറ്റി നൽകുന്ന ചെറിയൊരു സോഷ്യൽ സർക്കിളുമുണ്ടായിരുന്നുവെന്നും അൽ ജമീല പറയുന്നു.
എപ്പോഴും വലിയ സ്വപ്നങ്ങൾ കാണൂ എന്നേ താൻ പറയൂ. തകർക്കാനും തളർത്താനും ചുറ്റും ഒരുപാട് പേരുണ്ടായേക്കും. മോട്ടിവേഷനുണ്ടാവണം. കണക്കും സയൻസും മാത്രമല്ല. നമുക്ക് നല്ല ആർട്ടിസ്റ്റുകൾ വേണം, നല്ല ഡിസൈനേഴ്സ് വേണം, നല്ല നർത്തകരും നല്ല സംഗീതജ്ഞരുമെല്ലാം വേണം. എല്ലാവരുടേതുമാണ് ഈ ലോകമെന്നും അൽ ജമീല പറഞ്ഞു.