സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈവശമുള്ള താളിയോലകള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനും ഉള്ളടക്കം മനസ്സിലാക്കുന്നതിനുമെല്ലാം ഇവിടെ സഹായം നല്‍കും.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ താളിയോല ഗ്രന്ഥപ്പുരയില്‍ താളിയോല സംരക്ഷണ ക്ലിനിക്കിന് തുടക്കമായി. താളിയോലകളുടെ ശാസ്ത്രീയ സംരക്ഷണത്തിന് സഹായവും ബോധവത്കരണവും നല്‍കുന്നതാണ് പദ്ധതി. സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈവശമുള്ള താളിയോലകള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനും ഉള്ളടക്കം മനസ്സിലാക്കുന്നതിനുമെല്ലാം ഇവിടെ സഹായം നല്‍കും. ഇവയുടെ ഡിജിറ്റൈസ് പകര്‍പ്പുകള്‍ സൂക്ഷിക്കാനും സംവിധാനമുണ്ട്. അമൂല്യമായ ഉള്ളടക്കങ്ങള്‍ ഗവേഷണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും സമൂഹത്തിന് ഉപകരിക്കുന്ന തരത്തില്‍ പ്രയോഗിക്കാനും പദ്ധതി സഹായിക്കും. പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. താളിയോല ഗ്രന്ഥപ്പുരയെ ഒരു പഠനവകുപ്പായി വികസിപ്പിക്കാനും മാനുസ്‌ക്രിപ്റ്റോളജി കോഴ്സ് തുടങ്ങാനും ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ താളിയോല ഗ്രന്ഥശേഖരമാണ് കാലിക്കറ്റിലുള്ളത്. 1971-ല്‍ മലയാള പഠനവകുപ്പിന് കീഴില്‍ തുടങ്ങിയതാണ് ഗ്രന്ഥശേഖരം. പനയോല, മുളക്കരണം, ചെപ്പേട്, കടലാസുകള്‍ തുടങ്ങിയവയിലായി എണ്ണായിരത്തഞ്ഞൂറോളം ഗ്രന്ഥങ്ങളുണ്ട്. വൈദ്യം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, കാവ്യം, നാടകം തുടങ്ങിയവയെല്ലാമാണ് വിഷയങ്ങള്‍. മലയാളം, സംസ്‌കൃതം, തമിഴ്, കന്നഡ ഭാഷകളിലും വട്ടെഴുത്ത്, ഗ്രന്ഥ, തമിഴ്, കന്നട എഴുത്തുകളിലുമാണ് ഇവയുള്ളത്.
undefined
മൂല്യനിർണയം വേഗത്തിലാക്കാൻ പുതിയ സംവിധാനമൊരുക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റി
കോഴിക്കോട്: ഉത്തരക്കടലാസുകളില്‍ ബാര്‍കോഡിങ് ഏര്‍പ്പെടുത്തി മൂല്യനിര്‍ണയ ജോലികള്‍ വേഗത്തിലാക്കാന്‍ ഒരുങ്ങി കാലിക്കറ്റ് സര്‍വകലാശാല. ആദ്യഘട്ടത്തില്‍ അടുത്ത മാസം നടക്കുന്ന ബി.എഡ്. രണ്ടാം സെമസ്റ്റര്‍ പരീക്ഷക്കുള്ള ഉത്തരക്കടലാസിലാണ് ബാര്‍കോഡ് നടപ്പാക്കുക. ഇതോടെ ഉത്തരക്കടലാസുകള്‍ പരീക്ഷാഭവനിലെത്തിച്ച് ഫാള്‍സ് നമ്പറിടേണ്ട ജോലി ഒഴിവാകും. പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് നേരിട്ട് മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് തപാല്‍ വകുപ്പ് മുഖേനയാകും ഉത്തരക്കടലാസുകള്‍ കൊണ്ടുപോവുക.
മൂല്യനിര്‍ണയ ക്യാമ്പില്‍ മേല്‍നോട്ടത്തിന് പരീക്ഷാഭവന്‍ ഉദ്യോഗസ്ഥരുണ്ടാകും. ഒരോ ഉത്തരക്കടലാസിന്റെയും ബന്ധപ്പെട്ട ബാര്‍കോഡ് പരീക്ഷാ കേന്ദ്രത്തില്‍ നിന്നു തന്നെ സര്‍വകലാശാലാ സോഫ്റ്റ് വെയറിലേക്ക് കൈമാറും. പരീക്ഷ കഴിയുന്നതിന് മുമ്പ് തന്നെ ആകെ എത്ര പേര്‍ പരീക്ഷയെഴുതി, ഹാജരാകാത്തവര്‍ ആരെല്ലാം തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും. മൂല്യനിര്‍ണയ കേന്ദ്രത്തില്‍ നിന്ന് മാര്‍ക്ക് കൂടി സോഫ്റ്റ് വെയറിലേക്ക് നല്‍കുന്നതോടെ ഫലപ്രഖ്യാപനം വേഗത്തിലാകും. പുനര്‍മൂല്യനിര്‍ണയത്തിനായി ഉത്തരക്കടലാസുകള്‍ പരീക്ഷാഭവനിലെത്തിച്ച് സൂക്ഷിക്കുകയും ചെയ്യും.
നേരത്തേ ചോദ്യക്കടലാസുകള്‍ ഓണ്‍ലൈനായി വിതരണം ചെയ്യുന്നത് വിജയകരമായി തുടങ്ങിയത് ബി.എഡ്. പരീക്ഷക്കായിരുന്നു. സര്‍വകലാശാലക്ക് കീഴില്‍ 72 ബി.എഡ്. കോളേജുകളാണുള്ളത്. പുതിയ പരീക്ഷാരീതി പരിചയപ്പെടുത്തുന്നതിനായി ബി.എഡ്. കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും അധ്യാപകര്‍ക്കുമായി പരിശീലനപരിപാടി സംഘടിപ്പിച്ചു.