ഹസാരി ബാഗിലെ സ്കൂളിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത്.ഇതുമായി ബന്ധപ്പെട്ടാണ് സ്കൂൾ പ്രിൻസിപ്പളിനെയും പരീക്ഷാ സെന്‍റർ സൂപ്രണ്ടിനെയും സി ബി ഐ അറസ്റ്റ് ചെയ്തത്.
ദില്ലി : നീറ്റ് യുജി പരീക്ഷ പേപ്പർ ക്രമക്കേടിൽ നിർണ്ണായക അറസ്റ്റ്. മുഖ്യ സൂത്രധാരൻ അമിത് സിങിനെ ജാർഖണ്ഡിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്തു. ഹസാരി ബാഗിലെ സ്കൂൾ പ്രിൻസിപ്പൾ ഇസാൻ ഉൾ ഹഖ്, പരീക്ഷാ സെന്‍റർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കം കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ഹസാരി ബാഗിലെ സ്കൂളിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത്. ഇതുമായി ബന്ധപ്പെട്ടാണ് സ്കൂൾ പ്രിൻസിപ്പളിനെയും പരീക്ഷാ സെന്‍റർ സൂപ്രണ്ടിനെയുമടക്കം നേരത്തെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു.
നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയില്‍ ഗുജാറത്തിലും ബിഹാറിലുമടക്കം സിബിഐ റെയ്ഡ് നടത്തി. ഗോദ്ര, അഹമ്മദാബാദ് ഉള്‍പ്പെടെ ഏഴ് ഇടങ്ങളിലാണ് സിബിഐ പരിശോധന നടത്തിയത്.
undefined
നാളെ വിദ്യാഭ്യാസ ബന്ദ്
നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപകമായി എസ്എഫ്ഐയും എഐഎസ്എഫും വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സമരാഹ്വാനം. ഇന്ന് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ സംയുക്തമായി ദില്ലി ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിൽ എൻടിഎ പിരിച്ചുവിടണമെന്നും നീറ്റ് വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ട സംഘടനകൾ ,വരും ദിവസങ്ങളിലും സംയുക്ത സമരം തുടരുമെന്ന് അറിയിച്ചു. സമരത്തിൻറെ പശ്ചാത്തലത്തിൽ നഗരത്തിൻറെ വിവിധ ഭാഗങ്ങളിൽ കനത്ത സുരക്ഷ സന്നാഹം ഒരുക്കിയിട്ടുണ്ട്.
നീറ്റ് പരീക്ഷ വിവാദം
'അസാധാരണം' എന്ന് വിളിക്കാവുന്നതായിരുന്നു എൻടിഎ പുറത്തിറക്കിയ മെറിറ്റ് പട്ടിക. 67 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചു. 720 ൽ 720 മാർക്ക് ലഭിച്ചവര്‍ 67 പേരെന്നായിരുന്നു വിവരം. ഇതിൽ ആറ് പേർ ഒരേ സെന്‍ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്ന വിവരം പിന്നാലെ പുറത്ത് വന്നു. ഒന്നാം റാങ്ക് ലഭിച്ചവരിൽ 44 പേർക്ക് ഗ്രേസ് മാർക്ക് നൽകിയെന്നാണ് എൻടിഎ വിശദീകരിച്ചത്. സമയക്കുറവ് കൊണ്ട് പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്ന പരാതി ഉന്നയിച്ചവർക്കും എൻസിഇആർടി പാഠപുസ്തകത്തിലെ ഉത്തരത്തിന്‍റെ പിഴവിനും ഗ്രേസ് മാർക്ക് നൽകിയതാണ് ഉയർന്ന റാങ്ക് നേടിയവരുടെ എണ്ണം കൂടാൻ കാരണമെന്ന് പിന്നീട് എൻടിഎ വാർത്താ കുറിപ്പ് ഇറക്കി.
മുൻകോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നാണ് എൻടിഎ അവകാശപ്പെട്ടത്. ഇതിൽ വിദ്യാർത്ഥികളും അധ്യാപകരും അസ്വഭാവികത ഉന്നയിച്ചു. ചോദ്യ പേപ്പർ ചോർന്നതാണെന്ന ആക്ഷേപം, ബീഹാർ പൊലീസ് എടുത്ത കേസിന് പിന്നാലെ ശക്തമായി.പിന്നാലെയാണ് ചോദ്യപേപ്പർ ചോർച്ചയുടെ വിവരങ്ങൾ പുറത്ത് വന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നീളുന്ന ക്രമക്കേടിന്‍റെ കഥകളാണ് നീറ്റ് പരീക്ഷാ വിവാദത്തിന് പിന്നാലെ പുറത്തുവന്നത്.
നീറ്റ് പരീക്ഷ നടന്ന മെയ് 4 നാലിന് തന്നെ ബീഹാറിൽ ചോദ്യപേപ്പർ ചോർന്നെന്ന വിവരം പുറത്ത് വന്നിരുന്നു. കേസ് എടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയതോടെ കണ്ണികൾ ഒരോന്നായി പുറത്തു വന്ന് തുടങ്ങി. 13 പേരെ പൊലീസ് ഒരാഴ്ച്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്തത്. നാല് വിദ്യാർത്ഥികളും പ്രധാന ഇടനിലക്കാരും പിടിയിലായി. പരീക്ഷാ തലേന്ന് വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ രഹസ്യകേന്ദ്രത്തിൽ വച്ച് പഠിക്കാനായി കൈമാറിയെന്ന്, അറസ്റ്റിലായ വിദ്യാർത്ഥി അവിനാഷിന്‍റെ മൊഴി പുറത്തുവന്നു.