ഇന്ത്യയിലെ മികച്ച പത്ത് മെഡിക്കൽ കോളേജുകളിൽ എട്ടാമത് അമൃത. സർവകലാശാല റാങ്കിങ്ങിൽ അമൃത വിശ്വ വിദ്യാപീഠം അഞ്ചാമത്. ഫാർമസി കോളേജ് വിഭാഗത്തിലും അമൃതയ്ക്ക് നേട്ടം.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2022-ലെ എൻ.ഐ.ആർ.എഫ് റാങ്കിങിൽ കൊച്ചി അമൃത, രാജ്യത്തെ മികച്ച എട്ടാമത്തെ മെഡിക്കൽ കോളേജ് ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ നാലാം വർഷമാണ് രാജ്യത്തെ മികച്ച പത്ത് മെഡിക്കൽ കോളേജുകളുടെ പട്ടികയിൽ അമൃത ഉൾപ്പെടുന്നത്.
ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസാണ് ഒന്നാമത്. സർവകലാശാലകളുടെ റാങ്കിങിൽ ഇത്തവണയും അമൃത വിശ്വ വിദ്യാപീഠം അഞ്ചാമത് എത്തി. തുടർച്ചയായ ആറാം വർഷമാണ് രാജ്യത്തെ മികച്ച 10 സർവകലാശാലകളുടെ പട്ടികയിൽ അമൃത വിശ്വ വിദ്യാപീഠം ഇടംപിടിക്കുന്നത്.
undefined
എഞ്ചിനീയറിങ്, ഫാർമസി, ഡെന്റൽ കോളേജ് വിഭാഗം റാങ്കിങിലും ഇത്തവണ മികച്ച നേട്ടമാണ് അമൃത സ്വന്തമാക്കിയത്. ഫാർമസി കോളേജ് വിഭാഗത്തിൽ 14-ാം റാങ്കാണ് അമൃത നേടിയത്. രാജ്യത്തെ മികച്ച 15 ഫാർമസി കോളേജുകളിൽ ഇടംപിടിച്ച കേരളത്തിൽ നിന്നുള്ള ഏക വിദ്യാഭ്യാസ സ്ഥാപനമാണ് അമൃത.
എഞ്ചിനീയറിങ്, ഡെന്റൽ കോളേജ് വിഭാഗങ്ങളിൽ 19-ാം റാങ്കും അമൃത സ്വന്തമാക്കി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓവറോൾ റാങ്കിങിൽ 16-ാം സ്ഥാനവും അമൃത വിശ്വ വിദ്യാപീഠത്തിനാണ്. അമൃത വിശ്വ വിദ്യാപീഠം ചാൻസലർ കൂടിയായ മാതാ അമൃതാനന്ദമയി ദേവിയുടെ വിശാലമായ വീക്ഷണവും, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പരിശ്രമവുമാണ് ഇത്തവണയും എൻഐആർഎഫ് റാങ്കിങിൽ മികച്ച മുന്നേറ്റം നടത്താൻ സഹായിച്ചതെന്ന് അമൃത വിശ്വ വിദ്യാപീഠം വൈസ് ചാൻസലർ ഡോ. വെങ്കട്ട് രംഗൻ പറഞ്ഞു. അമൃത വിശ്വവിദ്യാപീഠത്തിന് 2021 ൽ നാക് എപ്ലസ് പ്ലസ് അംഗീകാരം ലഭിച്ചിരുന്നു.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്നതിനായാണ് കേന്ദ്ര വിഭ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻ.ഐ.ആർ.എഫ്) എല്ലാ വർഷവും റാങ്കുകൾ പ്രഖ്യാപിക്കുന്നത്. ഓവറോൾ, യൂണിവേഴ്‌സിറ്റി, കോളേജ്, റിസർച്ച് ഇൻസ്റ്റിറ്റിയൂഷൻസ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, ഫാർമസി, മെഡിക്കൽ, ഡെന്റൽ, ലോ, ആർക്കിടെക്ചർ എന്നിങ്ങനെ 11 വിഭാഗങ്ങളിലാണ് റാങ്കിങ് ഏർപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആണ് ഈ വർഷത്തെ എൻ.ഐ.ആർ.എഫ് റാങ്കുകൾ പ്രഖ്യാപിച്ചത്.