കണ്ണൂർ ജില്ലയിലെ പള്ളിപ്രം എന്ന സ്ഥലത്തുള്ള വിവാഹ വേളയാണ് ഈ വീഡിയോ ദൃശ്യങ്ങളിലുളളതെന്ന് കമന്റുകളിൽ പറയുന്നു. മന്ത്രി ഷെയർ ചെയ്ത വീഡിയോയ്ക്ക് മിനിറ്റുകൾക്കുള്ളിൽ തന്നെ നിരവധി പേരാണ് പ്രതികരണമറിയിച്ചിട്ടുള്ളത്.
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലാകെ വൈറലായ ഒരു വീഡിയോ പങ്കുവെച്ച് മന്ത്രി വി ശിവന്‍കുട്ടി. ഒരു കല്യാണവീടും അവിടുത്തെ വിളമ്പുകാരുമാണ് ഈ വീഡിയോയിലുള്ളത്. 'അത് പൊളിച്ചു' എന്ന തലക്കെട്ടോടെയാണ് മന്ത്രി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഈ വീഡിയോയിലുണ്ട്' എന്നാണ് കാഴ്ചക്കാരുടെ പ്രതികരണം. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലെ പള്ളിപ്രം എന്ന സ്ഥലത്തുള്ള വിവാഹ വേളയാണ് ഈ വീഡിയോ ദൃശ്യങ്ങളിലുളളതെന്ന് കമന്റുകളിൽ പറയുന്നു. മന്ത്രി ഷെയർ ചെയ്ത വീഡിയോയ്ക്ക് മിനിറ്റുകൾക്കുള്ളിൽ തന്നെ നിരവധി പേരാണ് പ്രതികരണമറിയിച്ചിട്ടുള്ളത്.
പണ്ടൊക്കെ നാട്ടിൻപുറത്തെ വിവാഹ വീടുകളിൽ പാചകവും അനുബന്ധജോലികളും എല്ലാം ചെയ്തിരുന്നത് അയൽവാസികളും സുഹൃത്തുകളും കുടുംബാംഗങ്ങളുമെല്ലാം ചേർന്നായിരുന്നു. അത്തരമൊരു കാഴ്ചയുടെ ഗൃഹാതുരത്വം കൂടി നൽകുന്നുണ്ട് ഈ വൈറൽ വീഡിയോ. കൂട്ടത്തിലൊരു ചേട്ടന്റെ ഡാൻസിനെക്കുറിച്ചാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിലെ പാട്ടിന്റെ അകമ്പടിയുമുണ്ട് ഈ വൈറൽ വീഡിയോയ്ക്ക്.
കണ്ണൂർ പള്ളിപ്പുറം മേലേച്ച് മുക്ക് ശമീറിന്റെ മകൾ സ്നേഹയുടെ വിവാഹ തലേന്നുള്ള വീഡിയോ ആണിത്. ജനുവരിയിലാണ് ഈ വിവാഹം നടന്നത്. സുഹൃത്തായ ഷിജിന്റെ എൽജിഎം സ്റ്റുഡിയോക്ക് വേണ്ടി ലിജോയ് എന്നയാളാണ് അന്ന് വീഡിയോ പകർത്തിയത്. അവിടെ ആ ചുവടുകൾക്ക് വലിയ സന്തോഷമുണ്ടായിരുന്നുവെന്ന് ലിജോയ് പറയുന്നു. അന്നേ ദിവസം രാത്രി ഒമ്പതരയോടെയാണ് ആ ദൃശ്യം പകർത്തിയത്. കലവറയ്ക്ക് തൊട്ടുപിന്നിലായി ഗാനമേള നടക്കുകയായിരുന്നു. കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലെ ഉയ്യാരം പയ്യാരം എന്ന പാട്ടിനാണ് കുശ്നിക്കാരും വിളമ്പുകാരും ചെറുതായി ചുവടുവച്ചത്.
അധികം തിരക്കില്ലാത്ത സമയമായിരുന്നതുകൊണ്ട് അവർ വിളമ്പുകാരും ആശ്വാസത്തിലാണ് ജോലി ചെയ്തത്. വിളമ്പുന്നവരും കുശ്നിക്കാരുമെല്ലാം അവസാനമാണ് ഭക്ഷണം കഴിക്കുക, ഒപ്പം വൈകിയെത്തുന്ന ചിലരുമുണ്ടാകും. ആ സമയത്ത് നല്ലൊരു പാട്ടുകൂടി കേട്ടതോടെ അവർ സ്വയം ഡാൻസ് ചെയ്യുകയായിരുന്നു. അതൊരു സമയവും സന്ദർഭവും ഒത്തുചേർന്ന, കുറച്ചുസമയത്തേക്ക് മാത്രം ലഭിക്കുന്ന മൊമന്റ്സ് ആയിരുന്നുവെന്ന് കാമറ ഭാഷയിൽ ലിജോയുടെ വാക്കുകൾ.