പഠിപ്പിക്കുന്ന കുഞ്ഞുങ്ങളെ ഏറെ സ്നേഹിക്കുന്ന ടീച്ചർമാർക്ക് എന്റെ അഭിനന്ദനങ്ങൾ. അധ്യാപിക ഹീതു ലക്ഷ്മിയെ ഫോണിൽ വിളിച്ച് നേരിട്ട് അഭിനന്ദനം അറിയിച്ചു.
തിരുവനന്തപുരം: ബഡ്സ് സ്കൂളിലെ കലോത്സവവുമായി ബന്ധപ്പെട്ട ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾ വേദിയിൽ നൃത്തം ചെയ്യുന്നതും അവരുടെ ചുവടുകൾ തെറ്റാതിരിക്കാൻ സദസ്സിൽ ഏറ്റവും പിന്നിൽ നിന്ന് ചുവടുകൾ കാണിച്ചു കൊടുക്കുന്ന ഹീതു എന്ന അധ്യാപികയും ആയിരുന്നു ഈ വീഡിയോയുടെ ഉള്ളടക്കം. നിരവധി പേരാണ് അധ്യാപികയെ അഭിനന്ദിച്ച് പ്രതികരിച്ചത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഇപ്പോൾ ഹീതു ടീച്ചറെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
undefined
ഭിന്നശേഷി കുട്ടികൾ സമൂഹത്തിൽ വലിയ ശ്രദ്ധയും പരിഗണനയും അർഹിക്കുന്നവരാണ്. പ്രോത്സാഹനം കൊണ്ട് പ്രതിഭയുടെ മൂർച്ച കൂടുന്നവരാണ് ഇവർ. പറവൂർ വടക്കേക്കര ബഡ്സ് സ്കൂളിലെ കലോത്സവവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ശ്രദ്ധയിൽപ്പെട്ടു. വേദിയിൽ നൃത്തം ചെയ്യുന്ന കുട്ടികൾക്ക് പ്രോത്സാഹനം നൽകിക്കൊണ്ട് കാണികൾക്ക് പുറകിലായി നൃത്തം ചെയ്യുന്ന അധ്യാപികമാരുടെ വീഡിയോ കണ്ടപ്പോൾ ഏറെ അഭിമാനം തോന്നി. പഠിപ്പിക്കുന്ന കുഞ്ഞുങ്ങളെ ഏറെ സ്നേഹിക്കുന്ന ടീച്ചർമാർക്ക് എന്റെ അഭിനന്ദനങ്ങൾ. അധ്യാപിക ഹീതു ലക്ഷ്മിയെ ഫോണിൽ വിളിച്ച് നേരിട്ട് അഭിനന്ദനം അറിയിച്ചു. സ്നേഹത്തിന്റെ പൂക്കൾ വിരിയുന്ന പൂന്തോട്ടങ്ങൾ ആവട്ടെ ഓരോ വിദ്യാലയവും.