ചരിത്ര നേട്ടം കൈവരിച്ച് കേരള സർവ്വകലാശാല; ഉന്നത നിലവാരത്തെ അടയാളപ്പെടുത്തുന്ന നേട്ടമെന്ന് മന്ത്രി ആർ ബിന്ദു

By Web Team  |  First Published Jun 21, 2022, 3:05 PM IST

അഖിലേന്ത്യാ തലത്തിൽ തന്നെ ഉയർന്ന ഗ്രേഡായ 3.67 ഗ്രേഡ് പോയിന്റോടെയാണ് കേരള സർവ്വകലാശാല അഭിമാനനേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. 


തിരുവനന്തപുരം:  നാക് റീ അക്രെഡിറ്റേഷനിൽ (NAAC Accreditation ) A++ നേടിയ കേരള സർവ്വകലാശാലക്ക് (kerala university) അഭിനന്ദനമറിയിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു (R Bindu). കേരളത്തിൽ ആദ്യമായിട്ടാണ് ഒരു സർവ്വകലാശാലക്ക് ഈ അം​ഗീകാരം ലഭിക്കുന്നത്.

''വളരെയധികം അഭിമാനവും സന്തോഷവുമുണ്ട്. നമ്മുടെ സർവ്വകലാശാലകളുടെയെല്ലാം മാതൃസർവ്വകലാശാലയാണ് കേരള സർവ്വകലാശാല. നല്ല ടീം വർക്കിന്റെ ഭാ​ഗമായിട്ട് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഉന്നത നിലവാരത്തിന്റെ വളരെ മൂർത്തമായ സാക്ഷ്യപത്രമാണ് സർവ്വകലാശാല ഇപ്പോൾ ആർജിച്ചിരിക്കുന്നത്. അത് കേരളത്തിന്റെ ഉന്നതവി​ദ്യാഭ്യാസ മേഖലയുടെ ​ഗുണമേൻമ, നമ്മുടെ രാജ്യം തന്നെ അം​ഗീകരിക്കുന്ന നിലയിലുള്ള അടയാളപ്പെടുത്തലാണ്. വിസിക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനമറിയിക്കുന്നു. ഇത് വരാനിരിക്കുന്ന നേട്ടങ്ങളുടെ മുന്നോടിയായിട്ടുള്ള ഒന്നായിട്ടാണ് കാണുന്നത്. കേരളത്തിലെ എല്ലാ സർവ്വകലാശാലകളും മികവിന്റെ കേന്ദ്രങ്ങളായി വളർന്നു കൊണ്ടിരിക്കുകയാണ്. അതുപോലെ നമ്മുടെ എല്ലാ കലാലയങ്ങളും നാക് ഉൾപ്പെടെയുള്ള ദേശീയ അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായ  റാങ്കിം​ഗിൽ വളരെ ഉയർന്ന നിലവാരം പുലർത്തുന്ന അവസ്ഥയിലേക്ക് വളർന്നു കൊണ്ടിരിക്കുകയാണ്. അതിൽ വളരെ അഭിമാനമുണ്ട്.'' ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. 

Latest Videos

അഖിലേന്ത്യാ തലത്തിൽ തന്നെ ഉയർന്ന ഗ്രേഡായ 3.67 ഗ്രേഡ് പോയിന്റോടെയാണ് കേരള സർവ്വകലാശാല അഭിമാനനേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. സർവ്വകലാശാലകളിൽ ഗുണമേന്മാ വർദ്ധനവിനായി നടക്കുന്ന ശ്രമങ്ങളുടെ ഉജ്ജ്വലനേട്ടങ്ങളിൽ ഒന്നാണ് കേരള സർവ്വകലാശാല നാക് അക്രഡിറ്റേഷനിൽ നേടിയ എ++ ഗ്രേഡ് എന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഗുണമേന്മാ വർദ്ധനവിന് വേണ്ടി  സർവ്വകലാശാലകളിൽ നടക്കുന്ന പരിശ്രമങ്ങളിൽ ഊർജ്ജസ്വലമായി പങ്കുചേർന്ന് കേരളത്തിന് സമുന്നതസ്ഥാനം നേടിത്തന്ന കേരള സർവ്വകലാശാലക്ക് മന്ത്രി ആർ ബിന്ദു അഭിനന്ദനങ്ങളറിയിച്ചു. 

click me!