പാഠപുസ്തക പരിഷ്‌കരണം കേരളത്തിന്റെ നല്ല ഭാവിക്കുള്ള ചുവടുവയ്പ്പ്: മന്ത്രി കെ.എൻ. ബാലഗോപാൽ

By Web Team  |  First Published Jun 17, 2022, 8:30 AM IST

ഉള്ളടക്കത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയാണു പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കുകയെന്നു പരിപാടിയിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.


തിരുവനന്തപുരം: കേരളത്തിന്റെ നല്ല ഭാവിക്കുള്ള ചുവടുവയ്പ്പാണു (Curriculam reform) പാഠപുസ്തക പരിഷ്‌കരണമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ (KN Balagopal). പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിനു മുന്നോടിയായുള്ള സംസ്ഥാനതല ആശയരൂപീകരണ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഘടന, ഉള്ളടക്കം, പൊതുസ്വഭാവം എന്നിവ സംബന്ധിച്ച് ഗൗരവമായ ചർച്ചകളും മികച്ച  ആശയങ്ങളും രൂപപ്പെടേണ്ടതുണ്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസത്തുണ്ടായ ഭൗതിക വളർച്ചയ്ക്കൊപ്പം അക്കാദമിക നിലവാരം മുന്നേറാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഉള്ളടക്കത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയാണു പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കുകയെന്നു പരിപാടിയിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മതേതരത്വം, സമഭാവന തുടങ്ങിയ മൂല്യങ്ങളിൽ അധിഷ്ഠിതമായതും കുട്ടികളിൽ സർഗാത്മകത, വിമർശന ചിന്ത എന്നിവയ്ക്കു വഴിയൊരുക്കുന്നതുമായ വിദ്യാഭ്യാസ രീതിയാണു രൂപപ്പെടേണ്ടത്. സ്‌കൂൾ കാലഘട്ടത്തിൽ ഓരോ കുട്ടിക്കും അവരുടെ കഴിവുകൾ വളർത്തിയെടുക്കാൻ സാധിക്കണം. നവകേരള സൃഷ്ടിക്ക് ഉതകുന്ന രീതിയിലുള്ള സമഗ്രമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാവണം പരിഷ്‌കരിച്ച പാഠ്യപദ്ധതി. അധ്യാപകർക്കു നിരന്തരമായ ശാക്തീകരണം ഉറപ്പുവരുത്തുവാനുള്ള ഒരു പ്രധാന ഉപാധിയായി ഡിജിറ്റൽ സങ്കേതത്തെ മാറ്റിത്തീർക്കണമെന്നും മന്ത്രി പറഞ്ഞു

Latest Videos

Kerala SSLC Result 2022 : എസ്എസ്എല്‍സി പരീക്ഷ പുനർമൂല്യനിർണയ അപേക്ഷ ജൂൺ 16 മുതൽ; സേ പരീക്ഷ ജൂലൈയിൽ

കല, സാംസ്‌കാരിക മേഖലകൾക്കു പരിഷ്‌കരിച്ച പാഠ്യ പദ്ധതിയിൽ അർഹമായ സ്ഥാനം നൽകണമെന്നു ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. വൈജ്ഞാനികതയുടെയും വൈകാരികതയുടെയും ശ്രേഷ്ഠമായ മിശ്രണമാകണം വിദ്യാർഥികളിൽ ഉണ്ടാകേണ്ടതെന്നു മുൻ ചീഫ്  സെക്രട്ടറി കെ. ജയകുമാർ പറഞ്ഞു. ആദർശങ്ങൾക്കു സ്ഥാനം നൽകാതെ പ്രയോഗികതയ്ക്കു മാത്രം ഊന്നൽ നൽകുന്നതാണു ദേശീയ വിദ്യാഭ്യാസ നയം, എന്നാൽ സാമൂഹിക സമത, സാമൂഹിക ബോധം  തുടങ്ങിയ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതി ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2005 ലെ ദേശീയ പാഠ്യപദ്ധതി നിർദേശങ്ങൾക്കനുസൃതമായി കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007 ലാണ് തയാറാക്കിയത്. പിന്നീട് സമഗ്രമായ പരിഷ്‌കാരണത്തിനു തുടക്കമിടുന്നത് ഇതാദ്യമായാണ്. സ്റ്റീറിങ് കമ്മിറ്റി, കോർ കമ്മിറ്റി എന്നിങ്ങനെ പ്രത്യേക സമിതികൾ ചേർന്നാണ് വിഷയം ചർച്ച ചെയ്യുന്നത്. സ്‌കൂൾ വിദ്യാഭ്യാസത്തിൻറെ അക്കാദമിക കാഴ്ചപ്പാട്, സമീപനം, വിനിമയം, മൂല്യനിർണയം എന്നിവ ഉൾക്കൊള്ളുന്ന സാമൂഹികരേഖയാണ് പാഠ്യപദ്ധതി. കാഴ്ചപ്പാടും സമീപനവും  വ്യക്തമാക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂട്, ഉള്ളടക്കവുമായി ബന്ധപ്പെട്ട സിലബസും പാഠപുസ്തകങ്ങളും, മറ്റു പഠന-ബോധന സാമഗ്രികളായ ടീച്ചർ ടെക്സ്റ്റ്, വർക്ക് ബുക്ക്, ഐ.സി.ടി. സൗഹൃദ വിദ്യാഭ്യാസത്തിന് സഹായകമായ ഡിജിറ്റൽ സംവിധാനങ്ങളും വിഭവങ്ങളെല്ലാം ഉൾക്കൊളളുന്നതാണ് പാഠ്യപദ്ധതി. പഠനത്തിന്റെ ആസൂത്രണം, നിർവഹണം, വിലയിരുത്തൽ എന്നിവ എങ്ങനെയാവണമെന്ന് നിർദ്ദേശിക്കുന്ന സമഗ്രരേഖ കൂടിയാണിത്.
 

click me!