മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം കുറയുമെന്ന് ചൂണ്ടിക്കാണിച്ച് ഒരു അഭിഭാഷകനാണ് സുപ്രീകോടതിയെ സമീപിച്ചത്.
ദില്ലി: മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ്-പിജി കട്ട്ഓഫ് പെര്‍സന്‍റൈല്‍ പൂജ്യമാക്കിയത് തുടരും. കേന്ദ്രആരോഗ്യമന്ത്രാലയത്തിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം കുറയുമെന്ന് ചൂണ്ടിക്കാണിച്ച് ഒരു അഭിഭാഷകനാണ് സുപ്രീകോടതിയെ സമീപിച്ചത്. എന്നാല്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ തീരുമാനം ഹര്‍ജിക്കാരനെ ബാധിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ജനറല്‍ വിഭാഗത്തിന് 50 പെര്‍സന്‍റൈല്‍ ആയിരുന്നത് പൂജ്യമായിട്ടാണ് കുറച്ചത്. രാജ്യത്ത് മെഡിക്കല്‍ പിജി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനെ തുടര്‍ന്നായിരുന്നു തീരുമാനം. ഇതോടെ എല്ലാവര്‍ക്കും പ്രവേശം ലഭിക്കും.
എന്നാല്‍ നീറ്റ് പിജി കട്ട് ഓഫ് പൂജ്യം ശതമാനമാക്കിയ കേന്ദ്ര തീരുമാനത്തിനെതിരെ തമിഴ്നാട് സർക്കാർ രംഗത്ത് വന്നിരുന്നു. നീറ്റിന് പിന്നിലെ തട്ടിപ്പ് വെളിപ്പെട്ടെന്ന് കായിക, യുവജന ക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു. റാങ്ക് പട്ടികയിലെ ആർക്കും പ്രവേശനം ലഭിക്കും എങ്കില്‍ നീറ്റ് പരീക്ഷ എന്തിനാണ്? നീറ്റ് പരീക്ഷ നടത്തുന്നത് സ്വകാര്യ കോച്ചിംഗ് സെന്ററുകൾക്ക് വേണ്ടിയാണെന്ന വാദം സത്യമെന്ന് തെളിഞ്ഞെന്നും ഉദയനിധി ആരോപിച്ചിരുന്നു.
കഴിഞ്ഞ മാസങ്ങളില്‍ 20ല്‍ അധികം വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതോടെ തമിഴ്നാട്ടില്‍ ജീവനൊടുക്കിയിരുന്നു. ഇത് തമിഴ്നാട്ടില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ഭരണകക്ഷിയായ ഡിഎംകെ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ത്തുകയും നീറ്റ് പരീക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കോച്ചിംഗ് സെന്ററുകള്‍ക്കും സ്വകാര്യ മെഡിക്കൽ കോളേജുകള്‍ക്കും തടിച്ചുകൊഴുക്കാന്‍ മാത്രമാണ് നീറ്റ് പരീക്ഷ നടത്തുന്നതെന്ന് ഇതോടെ വ്യക്തമായെന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പ്രതികരണം. നിരവധി പാവപ്പെട്ടവരുടെ മരണത്തിലേക്ക് നയിച്ച നീറ്റ് അനീതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ ഉത്തരം നൽകേണ്ടി വരുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ തമിഴ്നാട് സര്‍ക്കാര്‍ നീറ്റ് വിരുദ്ധ ബില്‍ അവതരിപ്പിച്ചിരുന്നു. നീറ്റ് വിരുദ്ധ ബില്ലിന് അംഗീകാരം നൽകാതിരുന്ന ഗവർണറെ ഉദയനിധി സ്റ്റാലിൻ രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്ര സർക്കാരിന് അനുകൂലമായി പ്രവർത്തിക്കുന്ന ഗവർണറുടെ പേര് ആർ.എൻ രവി എന്നല്ല ആർഎസ്എസ് രവിയെന്നാക്കണമെന്ന് ഉദയനിധി തുറന്നടിച്ചു. ഗവർണർ ധൈര്യമുണ്ടെങ്കിൽ തമിഴ്നാട്ടിൽ മത്സരിച്ച് ജയിക്കണം. ഡിഎംകെയുടെ സാധാരണ പ്രവർത്തകനെ എതിരാളിയായി നിർത്താം. ഗവർണർക്ക് പോസ്റ്റുമാന്റെ പണി മാത്രമാണുള്ളത്. മുഖ്യമന്ത്രി പറയുന്നത് മാത്രം ഗവർണർ കേന്ദ്രത്തെ അറിയിച്ചാൽ മതി. നിങ്ങളുടെ സിദ്ധാന്തം തമിഴ്നാട്ടിൽ പറഞ്ഞാൽ ചെരുപ്പ് കൊണ്ട് അടി കിട്ടുമെന്നും ഉദയനിധി പരിഹസിച്ചു.