ഇഷ്ടം പോലെ സ്കോളർഷിപ്പുകൾ! ആർക്കൊക്കെ ലഭിക്കും? അപേക്ഷിക്കേണ്ടതെങ്ങനെ? വിശദാംശങ്ങൾ ഇവയാണ്... !

By Web Team  |  First Published Jan 24, 2024, 6:06 AM IST

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് 2023-24 അധ്യായന വർഷത്തിൽ വിദേശ സർവ്വകലാശാലകളിൽ ബിരുദം/ബിരുദാനന്തര ബിരുദം/പിഎച്ച്ഡി കോഴ്‌സുകൾക്ക് ഉന്നത പഠനം നടത്തുന്നതിന് അനുവദിക്കുന്ന വിദേശ പഠന സ്‌കോളർഷിപ്പ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27  വരെ നീട്ടി.


തിരുവനന്തപുരം: സംസ്ഥാനത്തെ  ടോപ് ക്ലാസ് സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാലയങ്ങളിൽ 9, 11 ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി / ഇ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ “Top Class School Education for OBC, EBC and DNT” പദ്ധതി പ്രകാരം അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 31ഉം ഈ അപേക്ഷകൾ ബന്ധപ്പെട്ട സ്കൂളുകളിൽ പരിശോധിക്കുന്നതിനും അപേക്ഷകളിലെ ന്യൂനതകൾ പരിഹരിച്ച് സമർപ്പിക്കുന്നതിനുമുള്ള അവസാന തീയതി ഫെബ്രുവരി 15ഉം അപേക്ഷകൾ ജില്ലാ തലത്തിൽ പരിശോധിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 26ഉം ആയി ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://scholarships.gov.in.

സെൻട്രൽ സെക്ടറൽ സ്കോളർഷിപ്പ്

Latest Videos

undefined

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ് / സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2023-24 അധ്യയന വർഷത്തെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് (ഫ്രഷ് / റിന്യൂവൽ) അപേക്ഷകൾ ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി. അപേക്ഷകർ കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി / വൊക്കേഷൻ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2023ലെ 12ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനം കൂടുതൽ മാർക്കു വാങ്ങി വിജയിച്ചവരും ഏതെങ്കിലും റഗുലർ ബിരുദ കോഴ്സിന് ഒന്നാം വർഷം ചേർന്നവരുമായിരിക്കണം.

കറസ്പോണ്ടൻസ് കോഴ്സിനോ ഡിസ്റ്റൻസ് കോഴ്സിനോ ഡിപ്ലോമ കോഴ്സിനോ ചേർന്നവർക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയില്ല. പ്രായം 18-25നും മധ്യേ ആയിരിക്കണം. അപേക്ഷകർ നാഷണൽ സ്കോളർഷിപ്പ് പോർട്ടലായ www.scholarship.gov.in എന്ന വെബ്സൈറ്റ് വഴി ഫ്രെഷ് / റിന്യൂവൽ സ്കോളർഷിപ്പ് അപേക്ഷിക്കാം. സ്ഥാപനങ്ങൾക്ക് അപേക്ഷ പരിശോധിക്കുവാനുള്ള അവസാന തീയതി ഫെബ്രുവരി 15. വിശദവിവരങ്ങൾക്ക്: :www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in , 9447096580. ഇ-മെയിൽ: centralsectorscholarship@gmail.com.

ഉറുദു സ്‌കോളർഷിപ്പ്

2022-23 അധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് നേടിയവർക്കും, ഉറുദു രണ്ടാം ഭാഷയായെടുത്ത് ഹയർ സെക്കൻഡറി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർഥികൾക്കും ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്‌കോളർഷിപ്പ്) നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ വിദ്യാർഥികൾക്കാണ് 1,000 രൂപയുടെ സ്കോളർഷിപ്പ്. www.minoritywelfare.kerala.gov.in ലെ സ്‌കോളർഷിപ്പ് മെന്യു ലിങ്ക് മുഖേന ജനുവരി 30വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471 2300524, 0471-2302090.

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ ഉപരിപഠന സ്‌കോളർഷിപ്പ്

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് 2023-24 അധ്യായന വർഷത്തിൽ വിദേശ സർവ്വകലാശാലകളിൽ ബിരുദം/ബിരുദാനന്തര ബിരുദം(Degree only)/പിഎച്ച്ഡി കോഴ്‌സുകൾക്ക് ഉന്നത പഠനം നടത്തുന്നതിന് അനുവദിക്കുന്ന വിദേശ പഠന സ്‌കോളർഷിപ്പ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27  വരെ നീട്ടി.

വിദേശ ഉപരി പഠനത്തിനായി വിദ്യാർത്ഥികൾ ഇന്ത്യയിലെ ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ അല്ലെങ്കിൽ കേരള സംസ്ഥാന ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്നോ വിദ്യാഭ്യാസ വായ്പ നേടിയിട്ടുള്ളവർക്ക് ലോൺ സബ്‌സിഡിയാണ് സ്‌കോളർഷിപ്പായി അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ  കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപ വരെയുളള എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കും. 

ടൈംസ് ഹയർ എഡ്യൂക്കേഷൻ ലോക റാങ്കിംഗിൽ ഉൾപ്പെട്ട വിദേശ യൂണിവേഴ്‌സിറ്റികളിൽ അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്കു മാത്രമേ സ്‌കോളർഷിപ്പിന് അർഹതുയുണ്ടാകു. തെരഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിയ്ക്ക് കോഴ്‌സ് കാലാവധിക്കുളളിൽ പരമാവധി 5,00,000/- രൂപ സ്‌കോളർഷിപ്പ് അനുവദിക്കും. ഒറ്റത്തവണ ലഭിക്കുന്ന സ്‌കോളർഷിപ്പ് പദ്ധതിയാണിത്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷാ ഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനം www.minoritywelfare.kerala.gov.in ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090, ഇ-മെയിൽ: scholarship.dmw@gmail.com

അബ്കാരി തൊഴിലാളി ക്ഷേമനിധി: പ്രൊഫഷണൽ വിദ്യാർഥികൾക്കു സ്കോളർഷിപ്പ്

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് 2022-23 (നിലവിൽ തുടർ വിദ്യാഭ്യാസ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക്) അധ്യയന വർഷത്തിലെ സ്‌കോളർഷിപ്പ്, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ലാപ്‌ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. 

ടി.ടി.സി, ഐ.ടി.ഐ/ഐ.ടി.സി, പ്ലസ്ടു, ഡിഗ്രി കോഴ്സ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രൊഫഷണൽ കോഴ്സുകൾ, വിവിധ ഡിപ്ലോമ കോഴ്സുകൾ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതും ഈ കോഴ്സുകളുടെ യോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയിട്ടുള്ളതുമായ അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളായ വിദ്യാർഥി/വിദ്യാർഥിനികൾ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മേഖലാ ഓഫീസുകളിൽ നിന്നും സൗജന്യമായി ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് അപേക്ഷയുടെ രണ്ട് പകർപ്പുകൾ, യോഗ്യത പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാ രിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി ഫെബ്രുവരി 29ന് വൈകിട്ട് 5 ന് മുമ്പ് ബന്ധപ്പെട്ട മേഖലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാർക്ക് അപേക്ഷ സമർപ്പിക്കണം. 

പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾ എൻട്രൻസ് കമ്മീഷണറുടെ അലോട്ടുമെന്റിന്റെ പകർപ്പ് ഹാജരാക്കിയാൽ മാത്രമെ ലാപ്‌ടോപ്പ് വിതരണത്തിന് പരിഗണിക്കൂ. മറ്റു സംസ്ഥാനങ്ങളിൽ മേൽ പറഞ്ഞ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ അപേക്ഷകളിൽ ഈ കോഴ്സുകൾ കേരള ഗവൺമെന്റ് അംഗീകൃതമാണെന്ന് സ്ഥാപന മേധാവി രേഖപ്പെടുത്തണം. ഒരു കോഴ്‌സിന് ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് നൽകൂ എന്നതിനാൽ ഒരു തവണ സ്‌കോളർഷിപ്പ് ലഭിച്ചവർ വീണ്ടും ആ കോഴ്‌സ് കാലയളവിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതില്ല. അപൂർണമായ അപേക്ഷകളോ നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളോ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് അതത് മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം.

കലാ- കായിക- ശാസ്ത്രരംഗത്തെ മികവിന് സ്‌കോളർഷിപ്പ്‌

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാർ സ്ഥാപനത്തിലെ തൊഴിലാളികളുടെ മക്കളിൽ കലാ – കായിക - ശാസ്ത്രരംഗത്ത് മികവ് തെളിയിച്ചവർക്ക് 2022-23 (നിലവിൽ തുടർ വിദ്യാഭ്യാസ കോഴ്സുകളിൽ പഠിക്കുന്നവർക്ക്) അധ്യയന വർഷത്തെ സ്‌കോളർഷിപ്പ്‌ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

കലാ- കായിക- ശാസ്ത്രരംഗത്ത് സംസ്ഥാന തലത്തിലും, സർവകലാശാലതലത്തിലും ഒന്നാം സ്ഥാനം/ രണ്ടാംസ്ഥാനം/ മൂന്നാംസ്ഥാനം നേടിയിട്ടുള്ള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾ (വിദ്യാർത്ഥി/ വിദ്യാർത്ഥിനികൾ), കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മേഖലാ ഓഫീസുകളിൽ നിന്നു സൗജന്യമായി ലഭിക്കുന്ന അപേക്ഷ ഫോറം വാങ്ങി പൂരിപ്പിച്ച് അപേക്ഷയുടെ രണ്ട് പകർപ്പുകൾ, വിദ്യാർത്ഥിയുടെ ബാങ്ക് പാസ് ബുക്ക്, സർട്ടിഫിക്കറ്റ് (കലാ- കായിക- ശാസ്ത്രരംഗം) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി ഫെബ്രുവരി 29നു വൈകിട്ട് അഞ്ചിനു മുമ്പ് ബന്ധപ്പെട്ട മേഖലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർമാർക്ക് അപേക്ഷ സമർപ്പിക്കണം.

അപൂർണമായ അപേക്ഷകളോ നിശ്ചിത തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളോ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് അതാത് മേഖലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്. തിരുവനന്തപുരം- 0471 2460667, എറണാകുളം- 0484 2368531, കോഴിക്കോട്- 0495 2768094.

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്

സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക്  സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്‌റ്റൈപന്റ് (റിന്യൂവൽ) പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

2022-23 സാമ്പത്തിക വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർക്കാണ് പുതുക്കുന്നതിന് അവസരം.  ബിരുദ വിദ്യാർഥിനികൾക്ക്  5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന  വിദ്യാർഥിനികൾക്ക്  6,000 രൂപാ വീതവും, പ്രൊഫഷണൽ കോഴ്‌സ് വിദ്യാർഥിനികൾക്ക്  7,000 രൂപാ വീതവും ഹോസ്റ്റൽ സ്‌റ്റൈപന്റ്  ഇനത്തിൽ 13,000 രൂപാ വീതവുമാണ് പ്രതിവർഷം സ്‌കോളർഷിപ്പ് നല്കുന്നത്.  ഒരു വിദ്യാർഥിനിക്ക് സ്‌കോളഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്‌റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന്  അപേക്ഷിക്കാം. 

കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും  ഹോസ്റ്റൽ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാം. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷകർക്ക്  ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.   www.minoritywelfare.kerala.gov.in ലെ സ്‌കോളർഷിപ്പ് ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ജനുവരി 30നകം നൽകണം.  കൂടുതൽ വിവരങ്ങൾക്ക്:  0471 2300524, 0471-2302090.

click me!