5ാം വയസ്സിൽ ലോറി അപകടം, അച്ഛൻ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു; ഇന്ന് കോളേജ് അധ്യാപകൻ; കരുത്തായി കണ്ണീരുപ്പ്

By Web Team  |  First Published Oct 5, 2023, 6:54 PM IST

യുകെജിയിൽ പഠിക്കുമ്പോൾ റോഡ് ക്രോസ് ചെയ്യുന്ന സമയത്ത് ഷൂ ടാറിൽ ഒട്ടിപ്പിടിച്ചു. റോഡ് പണി നടക്കുന്ന സമയമായതിനാൽ എതിരെ നിന്നും വാഹനം വരുന്നത് കണ്ടില്ല. 


കണ്ണൂർ: ഇന്ന് ലോക അധ്യാപക ദിനം. അപകടത്തെയും ദുരിതങ്ങളെയും അതിജീവിച്ച് അധ്യാപകനായി മാറിയ ഒരാളുണ്ട് ഇവിടെ കണ്ണൂരിൽ. കൃഷ്ണമേനോൻ വനിതാ കോളേജിലെ സാമ്പത്തിക ശാസ്ത്രം അധ്യാപകനായ എസ്.ബി.പ്രസാദ്. ഉപേക്ഷിക്കപ്പെട്ട ബാല്യത്തിന്റെ കണ്ണീർ തീരത്തിരുന്നാണ് പ്രസാദ് സാര്‍ സംസാരിച്ചു തുടങ്ങുന്നത്. ഓർമ്മകളിലിപ്പോഴും അച്ഛനെപ്പോള്‍ വരുമെന്നറിയാതെ, റെയിൽവേ സ്റ്റേഷനിലിരുന്ന് ഉറക്കെ നിലവിളിക്കുന്ന ഒരു അഞ്ചുവയസ്സുകാരനുണ്ട്. ഓർമ്മകളങ്ങനെയാണ്. ഓർക്കുന്തോറും വക്കുകളിൽ ചോര പൊടിയും. കണ്ണീരുപ്പ് ചുവയ്ക്കുന്ന ഒരു ഭൂതകാലത്തിൽ നിന്ന് ഇന്ന്  എത്തിനിൽക്കുന്ന വർത്തമാന കാലത്തിൽ പ്രസാദ് മാഷിന് സ്നേഹിക്കാനാളുണ്ട്, സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. 

'ജനിച്ചത് ആന്ധ്രാപ്രദേശിലാണ്. കൃത്യമായി പറഞ്ഞാൽ ആന്ധ്രാപ്രദേശിലെ വിജയവാഡ. യുകെജിയിൽ പഠിക്കുമ്പോൾ റോഡ് ക്രോസ് ചെയ്യുന്ന സമയത്ത് ഷൂ ടാറിൽ ഒട്ടിപ്പിടിച്ചു. റോഡ് പണി നടക്കുന്ന സമയമായതിനാൽ എതിരെ നിന്നും വാഹനം വരുന്നത് കണ്ടില്ല. ഒരു ലോറി വന്ന് കാലിന് മുകളിലൂടെ കയറിയിറങ്ങിപ്പോയി, കൈകളുടെ എല്ലിനും പൊട്ടലേറ്റു. ആ അപകടത്തിൽ വലതുകാലും കയ്യും നഷ്ടപ്പെട്ടു.' കുഞ്ഞുനാളിലെ അപകടത്തെക്കുറിച്ച് പ്രസാദ് മാഷ് ഓർത്തെടുക്കുന്നതിങ്ങനെ. 

Latest Videos

undefined

വേർപിരിഞ്ഞ് പോയ മാതാപിതാക്കളുടെ മക്കളായിരുന്നു താനും അനുജത്തിയും എന്നും പ്രസാദ് മാഷ്. 'അച്ഛന്റെ കൂടെ ഞാനും, അമ്മയുടെ കൂടെ അനിയത്തിയും. ഒരു ദിവസം അച്ഛനെന്നെയും കൊണ്ട് റെയിൽവെ സ്റ്റേഷനിൽ എത്തി, ഇപ്പോ വരാമെന്ന് പറഞ്ഞ് പോയി. അച്ഛൻ വന്നില്ല. വൈകുന്നേരം വരെ അച്ഛനെയും കാത്ത് ഞാനാ പ്ലാറ്റ്ഫോമിലിരുന്നു. വൈകുന്നേരം ഏതോ ഒരു ട്രെയിൻ വന്നു. അതിൽ കയറി കിടന്നുറങ്ങി. ഉണർന്നപ്പോൾ ചെന്നൈയിലാണ്. അപകടത്തിലെ മുറിവുകൾ കരിഞ്ഞു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഒറ്റക്കാലിൽ ചാടിച്ചാടിയാണ് നടപ്പ്. എന്നെക്കണ്ടപ്പോൾ അവിടെ ഇഡ്ഢലിയും ദോശയുമൊക്കെ ഉണ്ടാക്കുന്ന കുറെ അമ്മമാർ ചോദിക്കാതെ തന്നെ വയറുനിറയെ ഭക്ഷണം തന്നു. അന്ന് വൈകിട്ട് ട്രെയിൻ കയറി എത്തിയത് കോഴിക്കോട്.' ജീവിതം പറിച്ചുനട്ടതിങ്ങനെയെന്ന് പ്രസാദ് സാർ ഒന്ന് നിർത്തി തുടർന്നു. 

ആ കുരുന്നിന് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ഒരു രക്ഷകനെത്തി. ശ്രീകണ്ഠാപുരത്തെ ഡോക്ടർ ലത്തീഫ്. അദ്ദേഹം റെയിൽവേസ്റ്റേഷനിൽ വെച്ചാണ് എന്നെ കാണുന്നത്. ഒന്നും പറഞ്ഞില്ല, നേരെ കൊണ്ടുപോയി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. അവിടെയായിരുന്നു പിന്നീട്. അവിടെ വെച്ചാണ് എനിക്കൊരു അമ്മയെ കിട്ടുന്നത്. ഖദീജയെന്ന നഴ്സ്. പിന്നീട് തലശ്ശേരി രൂപതയിലെ ബാലഭവനിലേക്ക്. എംഎ വരെ പഠിച്ചു. സ്കൂൾ അധ്യാപകനായി ആദ്യ ജോലി. ഇപ്പോൾ ഏഴ് വർഷമായി കോളേജ് അധ്യാപകൻ. 

ഈ വർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസറായിരുന്നു പ്രസാദ് സാർ. ജീവിതത്തിലെ ഏറ്റവും സന്തോഷിക്കുന്ന നിമിഷങ്ങളാണിതെന്ന് അദ്ദേഹം പറയുന്നു. 150 പേർക്ക് ഇതുവരെ കൃത്രിമ കാലുകൾ വിതരണം ചെയ്യാൻ സാധിച്ചു. ആ കാലുവെച്ച് ഇറങ്ങിപ്പോകുമ്പോൾ അവർ നമുക്ക് നൽകുന്ന സ്നേഹമുണ്ട്. ലത്തീഫ് ഡോക്ടറെ ഡാഡിയെന്നും ഭാര്യയെ മമ്മിയെന്നുമാണ് ഞാൻ വിളിച്ചുകൊണ്ടിരുന്നത്. എല്ലാ വെക്കേഷനും എന്നെ വീട്ടിലേക്ക് കൊണ്ടുപോകും. വയറുനിറയെ ഭക്ഷണം തരും.

2010ലാണ് ലത്തീഫ് ഡോക്ടർ മരിച്ചത്. അന്ന് ആശുപത്രിക്കിടക്കയിൽ മുറിവുണക്കിയ ഖദീജ നഴ്സ് ഇപ്പോൾ എവിടെയാണെന്നറിയില്ല. ഒന്നുകൂടി കാണണമെന്ന് ആഗ്രഹമുണ്ട് പ്രസാദ് സാറിന്. അതുപോലെ നാട്ടിലൊന്ന് പോയി അനിയത്തിയെ കാണാനും. പക്ഷേ കണ്ടാൽ തിരിച്ചറിയില്ലല്ലോ എന്ന് പ്രസാദ് തൊണ്ടയിലൊരു സങ്കടം വന്നുമുട്ടുന്നുണ്ട്. നന്മലാഭങ്ങളുടെ സ്നേഹനിക്ഷേപം കൊണ്ട് സമ്പന്നനാണ് ഇപ്പോൾ ഈ അധ്യാപകൻ. കൈപിടിച്ച നാടിനോട് നെഞ്ച് നിറയെ സ്നേഹം മാത്രം. 

ഇന്ന് ലോക അധ്യാപക ദിനം
 

click me!