ഐടി രംഗത്തെ വിവിധ മേഖലകളെയും ഗണിത യുക്തിയെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യബാങ്കിൽ നിന്നായിരുന്നു ചോദ്യങ്ങൾ.
തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ (little kites unit) കൈറ്റിന്റെ 'ലിറ്റിൽ കൈറ്റ്‌സ്' യൂണിറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ (entrance exam) പൂർത്തിയായി. സംസ്ഥാനത്തെ 2,007 കേന്ദ്രങ്ങളിലായി 1,03,548 കുട്ടികൾ പരീക്ഷയെഴുതി. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത് മലപ്പുറം ജില്ലയിലാണ് (13,000). പരീക്ഷാ നടത്തിപ്പിനായി അയ്യായിരത്തിലധികം വരുന്ന കൈറ്റ് മാസ്റ്റർ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി.
കൈറ്റ് വികസിപ്പിച്ച സ്വതന്ത്ര സോഫ്റ്റ് വെയർ മുഖേനയാണ് പരീക്ഷനടത്തിയത്. ഐടി രംഗത്തെ വിവിധ മേഖലകളെയും ഗണിത യുക്തിയെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യബാങ്കിൽ നിന്നായിരുന്നു ചോദ്യങ്ങൾ. സോഫ്റ്റ് വെയർ അധിഷ്ഠിതമായി മൂല്യനിർണയം നടത്തി ഒരാഴ്ചയ്ക്കകം ഫലം പ്രസിദ്ധപ്പെടുത്തുമെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. പരീക്ഷ എഴുതിയവരിൽ 60,000 പേർക്ക് വിവിധ യൂണിറ്റുകളിലായി പ്രവേശനം ലഭിക്കും. ഓരോ യൂണിറ്റുകളിലും മികച്ച റാങ്ക് നേടുന്ന കുട്ടികളെയാണ് തെരഞ്ഞെടുക്കുന്നത്.
പ്രവേശനം നേടുന്നവർക്ക് അടുത്ത മൂന്നു വർഷം ഹാർഡ്വെയർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ എന്നീ മേഖലകൾക്കുപുറമെ മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഇ-കൊമേഴ്‌സ്, ഇ-ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ തുടങ്ങിയ വിവിധ മേഖലകളിൽ പരിശീലനം നൽകും.