ജപ്പാനില്‍ ഗവേഷണവും പ്രൊജക്റ്റുകളും ചെയ്യാന്‍ അവസരം; ധാരണാപത്രത്തില്‍ ഒപ്പിട്ട് കോഴിക്കോട് എന്‍ഐടി

By Web Team  |  First Published Oct 22, 2023, 12:49 PM IST

ഇന്ത്യ- ജപ്പാൻ സഹകരണത്തിന്റെ ഭാഗമായി എൻഐടി കോഴിക്കോട് നിന്നുള്ള പ്രതിനിധി സംഘം ജപ്പാൻ സന്ദർശിച്ചപ്പോഴാണ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്.


കോഴിക്കോട്: ജാപ്പനീസ് വ്യവസായങ്ങളുമായും സർവകലാശാലകളുമായും സഹകരിച്ച് വ്യവസായ ബന്ധങ്ങളും ഗവേഷണവും നൈപുണ്യ വികസനവും മെച്ചപ്പെടുത്താൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് (എന്‍ഐടി) ഒരുങ്ങുന്നു. രണ്ട് ധാരണാപത്രങ്ങൾ ഒപ്പുവച്ചു. ജാപ്പനീസ് സർവ്വകലാശാലകളുമായും വ്യവസായങ്ങളുമായും ഉള്ള സഹകരണം നൈപുണ്യ വികസനത്തിനും തൊഴിൽ വർദ്ധനയ്ക്കും ഉത്തേജനം നൽകുമെന്ന് എൻഐടി കോഴിക്കോട് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. ഇന്ത്യയിലും ജപ്പാനിലും മറ്റ് രാജ്യങ്ങളിലും സംയുക്ത ഗവേഷണം, വിദ്യാഭ്യാസം, ഫീൽഡ് സ്റ്റഡീസ്, കൺസൾട്ടൻസി പ്രോജക്ടുകൾ എന്നിവ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ധാരണാപത്രങ്ങൾ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നൈപുണ്യ വികസനവും മാനവ വിഭവശേഷി കൈമാറ്റ പരിപാടികളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യ - ജപ്പാൻ സഹകരണത്തിന്റെ ഭാഗമായാണ് ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യുന്നത്. എൻഐടിസി വിദ്യാർത്ഥികള്‍ക്ക് ജപ്പാനിൽ ഗവേഷണവും പ്രൊജക്ടുകളും ചെയ്യാനുള്ള അവസരം ലഭിക്കുമെന്ന് പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. കൂടാതെ ജാപ്പനീസ് വ്യവസായങ്ങളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സംയുക്ത സംരംഭങ്ങൾ ആരംഭിക്കാനും നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താനും ധാരണാപത്രം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Videos

undefined

ഇന്ത്യാ ജപ്പാൻ ലബോറട്ടറി കെയോ സർവകലാശാലയുമായുള്ള ധാരണാപത്രം അക്കാദമിക പഠനങ്ങളിൽ സഹകരണം ഉറപ്പാക്കുന്നതിലും സംയുക്ത പ്രസിദ്ധീകരണങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ, റിപ്പോർട്ടുകൾ എന്നിവ പ്രസിദ്ധീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. സംയുക്ത വെബിനാറുകൾ, സെമിനാറുകൾ, ശില്പശാലകൾ, കോൺഫറൻസുകൾ, ട്രെയിനിങ് റിസോഴ്സുകളുടെ കൈമാറ്റം എന്നിവ സംഘടിപ്പിക്കും. ഓൺലൈൻ, ഓഫ്‌ലൈൻ പരിശീലനത്തിനും പിന്തുണയ്‌ക്കുമുള്ള പരിശീലന മൊഡ്യൂളുകളുടെ വികസനത്തിനും കൈകോർക്കും.

വിദ്യാഭ്യാസ രംഗത്തെ സഹകരണം ചർച്ച ചെയ്യാന്‍ ഫിൻലാൻഡ് സംഘം കേരളത്തിൽ; മന്ത്രി വി ശിവൻകുട്ടി സ്വീകരിച്ചു

ഇത് ഗവേഷണ - വികസന സഹകരണവും ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രാമും പ്രോത്സാഹിപ്പിക്കുക മാത്രമല്ല, നൈപുണ്യ വികസനത്തിനായി സ്റ്റുഡന്റ് എക്സ്ചേഞ്ച്, എൻഐടിസിയിൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പുകളുടെ എക്സ്ചേഞ്ച് പ്രോഗ്രാം എന്നിവയും സാധ്യമാക്കും. എൻഐടി സി യും ജപ്പാനിലുള്ള നെഹാൻ ടെക്നോളോജിസ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രം കോഴിക്കോട് എൻഐടിയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി ജപ്പാനിലെ ക്യാമ്പസുകളിൽ സൗകര്യമൊരുക്കുന്നതിനും വ്യാവസായിക പരിശീലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എൻഐടിസിയുടെ ഇൻകുബേഷൻ സെന്ററുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംയുക്ത പ്രോജക്ടുകൾ, ബോധവൽക്കരണ പരിപാടികൾ, പ്രദർശനങ്ങൾ, മറ്റ്  പ്രവർത്തനങ്ങൾ എന്നിവ കാലാകാലങ്ങളിൽ നടപ്പാക്കാനും ഈ സഹകരണം സഹായിക്കും.

ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ഇന്ത്യ- ജപ്പാൻ സഹകരണത്തിന്റെ ഭാഗമായി എൻഐടി കോഴിക്കോട് നിന്നുള്ള ഒരു പ്രതിനിധി സംഘം ജപ്പാൻ സന്ദർശിച്ചപ്പോഴാണ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്. എൻഐടിസിയിലെ സെന്റർ ഫോർ ഇന്റർനാഷണൽ റിലേഷൻസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച  സന്ദർശനത്തിന്റെ ഭാഗമായി ടോക്കിയോയിലെ ഇന്ത്യൻ എംബസിയിൽ വച്ച് "ഇന്തോ-ജപ്പാൻ സ്‌കിൽ കണക്റ്റ്: ദി റോൾ ഓഫ് മെക്കാട്രോണിക്‌സ് & ഓട്ടോമേഷൻ" എന്ന സെമിനാറും സംഘടിപ്പിച്ചു. ജപ്പാനിലെ നെഹാൻ ടെക്നോളജി കെ കെ യിൽ നിന്നുള്ള പ്രതിനിധികൾ, ജപ്പാനിൽ നിന്നുള്ള നിരവധി പ്രമുഖ വ്യവസായ, വിദ്യാഭ്യാസ  പ്രതിനിധികൾ, എംബസിയിലെ ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമെ കോഴിക്കോട് എൻഐടിയിലെ പൂർവ വിദ്യാർത്ഥികളും സെമിനാറിൽ പങ്കെടുത്തു.

ജപ്പാനിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്,  എൻഐടി സി ഡയറക്ടർ പ്രഫ.പ്രസാദ് കൃഷ്ണ, ജെട്രോ (ജപ്പാൻ എക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷൻ) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കേസുയ നകാജൊ, ജപ്പാനിലെ എബാര കോർപ്പറേഷൻ ഡയറക്ടർ ശ്രി. മിവ തച്ചിയാമ, ബെംഗളൂരുവിലെ ട്രാൻസ് ഡിസിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് ടെക്നോളജിയിലെ പ്രൊഫസർ ഡോ. ടി.പി സേതുമാധവൻ, മിസോൺ ആൻഡ് മലബാർ ഏഞ്ചൽ നെറ്റ് വർക്ക് ചെയർപേഴ്സണും കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) പ്രതിനിധിയും കോഴിക്കോട് എൻ.ഐ.ടിയിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഷിലൻ സഗുണൻ, സെന്റർ ഫോർ ഇന്റർനാഷണൽ റിലേഷൻസ് വൈസ് ചെയർപേഴ്സൺ ഡോ.ബൈജു ജി.നായർ എന്നിവർ സംസാരിച്ചു.

സെന്റർ ഫോർ ഇന്റർനാഷണൽ റിലേഷൻസ് ചെയർപേഴ്സൺ പ്രൊഫ. എം.കെ രവിവർമ്മ, ഇലക്ട്രിക്കൽ വെഹിക്കിൾ എഞ്ചിനീയറിംഗ്, സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ആൻഡ് സ്കിൽ ഡെവലപ്മെന്റ് എന്നിവയെ പ്രതിനിധീകരിക്കുന്ന ഫാക്കൽറ്റി അംഗങ്ങളായ ഡോ. നിഖിൽ, ഡോ.അമിത് സിംഗ്, ദില്ലിയിലെ ആർ എസ് ഗ്രൂപ്പിൽ നിന്നുള്ള അധ്യാപകനായ പ്രകാശ് ഷെട്ടി, യുഎസ്എയിലെ കാൽപൈനിൽ നിന്നുള്ള എൻഐടി കാലിക്കറ്റിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ജിജോ ജോൺ, വൈസേസിക കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നുള്ള അരുൺ കെ.ജെ, നൈപുണ്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും നൈപുണ്യവികസനത്തിനുള്ള ആസൂത്രണ തന്ത്രത്തിനുമായി എൻ.എസ്.ഡി.സി ഇന്റരർ  നാഷണൽ അടുത്തിടെ ജപ്പാന്റെ നിയമിച്ച ജപ്പാന്റെ ഉപദേഷ്ടാവായി നിയമിച്ച അനിൽ രാജ് എന്നിവരും പങ്കെടുത്തു.

ഗവേഷണ സഹകരണം, ഇന്റേൺഷിപ്പുകൾ, നൈപുണ്യ വികസനം എന്നിവയ്ക്കുള്ള വിദ്യാർത്ഥി കൈമാറ്റങ്ങൾ എന്നിവയെക്കുറിച്ച് സുസുക്കി മോട്ടോർ കോർപ്പറേഷനുമായി ഹമാമത്സുവിലെ അവരുടെ ആസ്ഥാനത്ത് കൂടുതൽ ചർച്ചകൾ നടന്നു. കൂടാതെ രാകുറ്റെൻ ഗ്രൂപ്പ് ഇൻകോർപ്പറേറ്റഡ്, ടോക്കിയോ, ജപ്പാൻ എക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷൻ (ജെട്രോ), ടോക്കിയോ എന്നിവരുമായും ചർച്ചകൾ നടന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!