പഠനത്തോടൊപ്പം തൊഴിലുറപ്പാക്കാന്‍ 'കർമ്മചാരി പദ്ധതി'; മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഉന്നത ഉദ്യോ​ഗസ്ഥ സമിതി

By Web Team  |  First Published Feb 9, 2023, 11:47 AM IST

പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി കോർപ്പറേഷൻ പരിധിയിലാണ് കർമ്മചാരി പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.


തിരുവനന്തപുരം: തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കർമ്മചാരി പദ്ധതിയുടെ ആലോചനായോഗം തിരുവനന്തപുരത്ത് ചേർന്നു. പഠനത്തോടൊപ്പം തൊഴിൽ എന്നതാണ് കർമ്മചാരി പദ്ധതിയുടെ മുദ്രാവാക്യം. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, തൊഴിൽ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ, മൂന്നു വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പദ്ധതിയുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ മൂന്ന് വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിച്ചു. 

പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി കോർപ്പറേഷൻ പരിധിയിലാണ് കർമ്മചാരി പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവയുടെ പട്ടിക ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കും.

Latest Videos

undefined

ഈ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പൽമാർ, ഹയർസെക്കന്ററി പ്രിൻസിപ്പൽമാർ തുടങ്ങിയവർക്ക് പദ്ധതി സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകണം.ഓൺലൈൻ പോർട്ടൽ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. വിദ്യാർത്ഥികൾക്ക് സ്ഥാപനങ്ങൾ ജോലി നൽകുമ്പോൾ ഇവർക്ക് ലഭിക്കേണ്ട വേതനം സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിക്കണം. 

മന്ത്രിതല യോഗത്തിന് പിന്നാലെ എറണാകുളം ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിലേയും ഉന്നതവിദ്യാഭ്യാസ വകുപ്പിലേയും തൊഴിൽ വകുപ്പിലെയും ഉയർന്ന ഉദ്യോഗസ്ഥരുടെ ഒരു യോഗം സംഘടിപ്പിക്കും. പദ്ധതിയിൽ ചേരുന്ന വിദ്യാർത്ഥികളെ ഇ.എസ്.ഐ/പി.എഫ് പദ്ധതിയിൽ ചേർക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പരിശോധിക്കാനും യോഗം തീരുമാനിച്ചു.

മലയാളി വിദ്യാര്‍ത്ഥികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് പഠിക്കും, ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി'

click me!