ജന്മനാ കൈകളില്ല; കേരള സർവ്വകലാശാല ബിരുദ പരീക്ഷയിൽ ഒന്നാം റാങ്കിന്റെ വിജയത്തിളക്കത്തിൽ കൺമണി

By Web Team  |  First Published Jun 20, 2022, 11:45 AM IST

കാലു കൊണ്ട് വരച്ച ചിത്രങ്ങൾക്ക് നിരവധി സമ്മാനങ്ങളാണ് കൺമണി നേടിയത്. ഇപ്പോഴും സം​ഗീത കച്ചേരി അവതരിപ്പിക്കുന്നുണ്ട്.  


തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ (kerala university) ബിപിഎ മ്യൂസിക് വോക്കൽ പരീക്ഷയിൽ (BPA Music Vocal Exam) ഒന്നാം റാങ്ക് നേടിയിരിക്കുന്നത് മാവേലിക്കര സ്വദേശിനിയായ (Kanmani) കൺമണി എന്ന വിദ്യാർത്ഥിനിയാണ്. ഇതിന് മുമ്പും കൺമണി എന്ന പേര് മാധ്യമങ്ങളിൽ ഇടം നേടിയിട്ടുണ്ട്. തിരുവനന്തപുരം സ്വാതി തിരുനാൾ ഗവ.സംഗീത കോളജ് വിദ്യാർഥിനിയാണ് കൺമണി. കൈകളില്ലാതെയായിരുന്നു കൺമണിയുടെ ജനനം. കാലു കൊണ്ട് ചിത്രം വരച്ചാണ് തന്റെ പരിമിതിയെ ചിരിയോടെ നേരിട്ടത്. സം​ഗീതക്കച്ചേരികൾ അവതരിപ്പിച്ചും കൺമണി ശ്രദ്ധ നേടി. 

കാലു കൊണ്ട് വരച്ച ചിത്രങ്ങൾക്ക് നിരവധി സമ്മാനങ്ങളാണ് കൺമണി നേടിയത്. ഇപ്പോഴും സം​ഗീത കച്ചേരി അവതരിപ്പിക്കുന്നുണ്ട്.  സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടാനാണ് ആഗ്രഹം. ജി.ശശികുമാറും രേഖയുമാണു കൺമണിയുടെ മാതാപിതാക്കൾ. സഹോദരൻ: മണികണ്ഠൻ. 2019ൽ സർഗാത്മക മികവിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്കാരവും കൺമണിക്ക് ലഭിച്ചു. തന്റെ വിജയത്തിന് പിന്നിൽ മാതാപിതാക്കളും സഹോദരനുമാണെന്ന് കൺമണി പറയുന്നു. തന്റെ വിജയത്തെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിൽ കൺമണി പങ്കുവെച്ചിരുന്നു. 

Latest Videos

ഫേസ്ബുക്ക് കുറിപ്പ്

ഇന്ന് ഒരുപാട് സന്തോഷമുള്ള ദിനമാണ്. BPA മ്യൂസിക് വോക്കലിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സന്തോഷം എല്ലാവരോടുമായി ഞാൻ പങ്കിടുന്നു. ഈ നിമിഷത്തിൽ, ഒരുപാട് വ്യക്തിത്വങ്ങളെ ഞാൻ നന്ദിയോടെ സ്മരിക്കുന്നു. വിദ്യ നൽകിയ എല്ലാ അധ്യാപിക - അധ്യാപകന്മാരെയും, എനിക്ക് അവസരങ്ങൾ ഒരുക്കിത്തന്ന സ്കൂളുകളുടെയും, കോളേജിന്റെയും മാനേജ്മെന്റുകളെയും, എന്നെ ചേർത്ത് നിർത്തിയ എന്റെ സുഹൃത്തുക്കളെയും, അകമഴിഞ്ഞു പിന്തുണച്ച എല്ലാ ബന്ധുമിത്രാദികളോടും , പ്രോത്സാഹങ്ങൾ തന്ന എന്റെ നല്ലവരായ എല്ലാ നാട്ടുകാർക്കും, ഈ വേളയിൽ, സന്തോഷവും നന്ദിയും അറിയിക്കുന്നു. ഇത്രയും നാൾ എന്നിൽ വിശ്വസിച്ച്, വിദ്യ പകർന്നു നൽകിയ എല്ലാ ഗുരുക്കന്മാരോടും ഞാൻ നന്ദി രേഖപ്പെടുത്തുന്നു. ഇതെല്ലാം സാധ്യമാക്കി തന്ന, എന്റെ എല്ലാമെല്ലാമായ അച്ഛനും, അമ്മയ്ക്കും, എന്റെ അനിയൻകുട്ടനും ഞാൻ എന്നും കടപ്പെട്ടവളായിരിക്കും. തുടർന്നും, എല്ലാ പ്രോത്സാഹനങ്ങളും, പിന്തുണയും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ;
നിങ്ങളുടെ സ്വന്തം കണ്മണി. 

 

 

click me!