സൗദി അറേബ്യയിൽ തൊഴിലവസരം, കുറഞ്ഞ ശമ്പളം 4110 റിയാൽ; വിസ, താമസ സൗകര്യം, ടിക്കറ്റ് ഇൻഷുറൻസ് എന്നിവ സൗജന്യം

By Web Team  |  First Published Aug 30, 2024, 10:53 PM IST

വിദ്യാഭ്യാസ യോഗ്യതയ്ക്ക് പുറമെ രണ്ട് വർഷത്തെ ജോലി പരിചയവും അപേക്ഷകർക്ക് നിർബന്ധമാണ്. നാൽപത് വയസിൽ താഴെ പ്രായമുള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം.


തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (MoH - ഈസ്റ്റേണ്‍ ഹെല്‍ത്ത് ക്ലസ്റ്റര്‍) വനിതാ നഴ്സുമാരെ നിയമിക്കുന്നു. അഭിമുഖം 2024 സെപ്റ്റംബർ അവസാന വാരം മുംബൈയിൽ വച്ച് നടക്കും. അപേക്ഷകർ നഴ്സിംഗിൽ ബി.എസ്.സി/ പോസ്റ്റ് ബി.എസ്.സി /എം.എസ്.സി എന്നിവയിലേതെങ്കിലും യോഗ്യത നേടിയവരും, രണ്ടു വർഷം നഴ്സിംഗ് തൊഴിൽ പരിചയം ഉള്ളവരുമായിരിക്കണമെന്നാണ് വ്യവസ്ഥ.
  
അഡൾട്ട് ഓങ്കോളജി നഴ്സിംഗ്, ഡയാലിസിസ്, എമർജൻസി റൂം (ER), അഡൾട്ട് ഐസിയു, നിയോനാറ്റൽ ഐസിയു, Nerves, ഓപ്പറേഷൻ തിയേറ്റർ (OT / OR), ഓര്‍ഗന്‍ ട്രാൻസ്‍പ്ലാന്റേഷൻ, പീഡിയാട്രിക് ഓങ്കോളജി നഴ്സിംഗ്, PICU, സർജിക്കൽ എന്നീ സ്പെഷ്യലിറ്റികളിലേക്ക് ആണ് നിയമനം. നാൽപത് വയസിൽ താഴെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹത. കുറഞ്ഞ ശമ്പളം 4110 സൗദി റിയാൽ (ഏകദേശം 90,000 ഇന്ത്യൻ രൂപ). തൊഴിൽ പരിചയം അനുസരിച്ച് ശമ്പളത്തിലും വർദ്ധനവുണ്ടാവും. വിസ, താമസ സൗകര്യം, എയർടിക്കറ്റ് ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കുമെന്നും ഒഡെപെക് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റാ, ആധാർ, ഡിഗ്രി, രജിസ്ട്രേഷൻ, തൊഴിൽ പരിചയം എന്നിവയുടെ സർട്ടിഫിക്കറ്റ് കൂടാതെ ഒരു വർഷത്തിൽ കൂടുതൽ കാലാവധിയുള്ള പാസ്‍പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം 2024 സെപ്റ്റംബർ അഞ്ചാം തീയ്യതിക്ക് മുമ്പ് GCC@odepc.in എന്ന ഇ-മെയിലിലേക്ക് അയക്കേണ്ടതാണ്. ഈ റിക്രൂട്ട്മെൻ്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണെന്നും അറിയിച്ചിട്ടുണ്ട്. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!