തട്ടിപ്പ് സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷിക്കാൻ ഡിജിപിയുടെ ഉത്തരവിട്ടു. കൊല്ലം-ആലപ്പുഴ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നും പിന്നിൽ വൻ സംഘമുണ്ടെന്നാണ് വിവരമെന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിയമന തട്ടിപ്പ്. വ്യാജ നിയമന ഉത്തരവുമായി മൂന്ന് പേർ പിഎസ്‍സി ആസ്ഥാനത്ത് എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. പിഎസ്‍സി സെക്രട്ടറിയുടെ പരാതിയില്‍ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്. തട്ടിപ്പ് സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷിക്കാൻ ഡിജിപിയുടെ ഉത്തരവിട്ടു. കൊല്ലം-ആലപ്പുഴ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നും പിന്നിൽ വൻ സംഘമുണ്ടെന്നാണ് വിവരമെന്നും പൊലീസ് അറിയിച്ചു.
വ്യാജ ഉത്തരവ് കിട്ടയതിന് പിന്നാലെ സർട്ടിഫിക്കറ്റ് പരിശോധനക്കായി മൂന്ന് പേരാണ് പിഎസ്‍സി ആസ്ഥാനത്ത് എത്തിയത്. സർട്ടിഫിക്കറ്റ് പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് അസ്വാഭാവികത തോന്നി. ടൂറിസം, വിജിലൻസ്, ഇൻകംടാക്സ് എന്നിടങ്ങളില്‍ ക്ലർക്കായി നിയമം ലഭിച്ചുവെന്നാണ് വ്യാജ രേഖ കൈയിലുണ്ടായിരുന്നത്. രേഖയിൽ ഒരു ബോർഡ് അംഗത്തിന്‍റെ പേരിലാണ് ഒപ്പിട്ടിരിക്കുന്നത്. ഇത്തരമൊരു നിയമന കത്ത് അയച്ചിട്ടില്ലെന്ന് വ്യക്തമായതോടെ ഉദ്യോഗസ്ഥർ പിഎസ്‍സി സെക്രട്ടറിയെ വിവരം അറിയിച്ചു. പിഎസ്‍സിയുടെ പേരിൽ തട്ടിപ്പ് നടന്നുവെന്ന് തെളിഞ്ഞതോടെയാണ് ഇവരെ പൊലീസിന് കൈമാറിയത്.
undefined
കൊല്ലം- ആലപ്പുഴ ജില്ലകളിൽ ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് തട്ടിപ്പ് നടന്നത്. ഓരോരുത്തരിൽ നിന്നും നാല് ലക്ഷം രൂപ വാങ്ങിയാണ് തട്ടിപ്പ് നടന്നത്. പണം വാങ്ങിയവർ നിയമന ഉത്തരവ് കൈമാറിയ ശേഷം പിഎസ്‍സി ഓഫീസിലേക്ക് സർട്ടിഫിക്കറ്റ് പരിശോധനക്കായി പോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് കസ്റ്റഡിലുള്ളവർ നൽകിയ മൊഴി. സംഭവത്തില്‍ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥയും തട്ടിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. തൃശൂരിലും തട്ടിപ്പ് നടന്നിട്ടുണ്ട്.
സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ കഴക്കൂട്ടം അസി.കമ്മീഷണർ, അടൂർ ഡിവൈഎസ്പി ഉള്‍പ്പെടുന്ന പ്രത്യേക സംഘം തട്ടിപ്പ് അന്വേഷിക്കുമെന്ന് ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ് അറിയിച്ചു. കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മീഷണറിന് പുറമേ അടൂർ ഡിവൈഎസ്പിയും സംഘത്തിലുണ്ടാകും. മെഡിക്കൽ കോളേജ്, തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്ഒമാരും സംഘത്തിലുണ്ടാകും.