തൊഴിലരങ്ങത്തേക്ക്; ഫെബ്രുവരിയിൽ സർവകലാശാലകളിൽ തൊഴിൽ മേളകൾ: മന്ത്രി ഡോ. ആർ. ബിന്ദു

By Web Team  |  First Published Jan 12, 2023, 8:35 AM IST

വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന ജീവിത നിലവാരത്തിലേക്കു കേരളത്തെ ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണു നവവൈജ്ഞാനിക സമൂഹ സൃഷ്ടിക്കായി സർക്കാർ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതെന്നു മന്ത്രി പറഞ്ഞു.


തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസം നേടുന്നവർക്കു കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഫെബ്രുവരിയിൽ സംസ്ഥാനത്ത് സർവകലാശാലാ അടിസ്ഥാനത്തിൽ തൊഴിൽ മേളകൾ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കലാലയങ്ങളിലെ കരിയർ ഗൈഡൻസ്, പ്ലേസ്മെന്റ് സെല്ലുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

കേരള നോളജ് ഇക്കോണമി മിഷൻ സംഘടിപ്പിക്കുന്ന വനിതകൾക്കായുള്ള പ്രത്യേക തൊഴിൽ പദ്ധതി 'തൊഴിലരങ്ങത്തേക്ക്'-ന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്ലേസ്മെന്റ് ഓഫിസർമാർക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Latest Videos

undefined

വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന ജീവിത നിലവാരത്തിലേക്കു കേരളത്തെ ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണു നവവൈജ്ഞാനിക സമൂഹ സൃഷ്ടിക്കായി സർക്കാർ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതെന്നു മന്ത്രി പറഞ്ഞു. ഇതിന്റ ഭാഗമായി തൊഴിൽ, ഉത്പാദന മേഖലകളിൽ കൂടുതൽ മുന്നേറ്റമുണ്ടാകേണ്ടതുണ്ട്.

സർവകലാശാലകളിൽനിന്നു വിവിധ കോഴ്സുകൾ പഠിച്ചിറങ്ങുന്നവരെ പൂർണമായി ഉൾക്കൊള്ളാൻ അതതു തൊഴിൽ കമ്പോളങ്ങൾക്കു കഴിയാതെ വരുന്ന സാഹചര്യമുണ്ട്. ഇതു മറികടക്കുന്നതിന് ഓരോ വിദ്യാർഥിയുടേയും അഭിരുചിക്ക് ഇണങ്ങുന്ന തൊഴിൽ മേഖല കണ്ടെത്താനുള്ള സാഹചര്യം കലാലയങ്ങളിൽത്തന്നെ സൃഷ്ടിക്കപ്പെടണം. നൈപുണ്യ വികസനം ആവശ്യമായവർക്കു ക്യാംപസുകളിൽനിന്നുതന്നെ അത് ആർജിക്കാനുള്ള സൗകര്യവുമുണ്ടാകണം. കെ-ഡിസ്‌ക്, അസാപ് പോലുള്ള പദ്ധതികൾ ഈ ലക്ഷ്യം മുൻനിർത്തിയുള്ളതാണ്.

തൊഴിൽ മേഖലകളിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള വിവിധ പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തിനുതന്നെ അഭിമാനമായ നിലയിൽ വനിതകൾ പഠിച്ചിറങ്ങുന്നുണ്ടെങ്കിലും ഇതിൽ തൊഴിൽ ലഭിക്കുന്നവർ ഇന്നും കുറവാണ്. 20 ശതമാനത്തോളമാണു സംസ്ഥാനത്ത് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം. തൊഴിലന്വേഷകരായ സ്ത്രീകളെ തൊഴിൽ സജ്ജാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള നോളജ് ഇക്കണോമി മിഷൻ തൊഴിലരങ്ങത്തേക്ക് എന്ന പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ ക്യാംപസുകളിൽ ഈ പദ്ധതിക്കു വലിയ പ്രാധാന്യം നൽകുന്നതിന് ബന്ധപ്പെട്ട പ്ലേസ്മെന്റ് ഓഫിസർമാർ പ്രത്യേക ശ്രദ്ധ നൽകണമെന്നും മന്ത്രി പറഞ്ഞു.

click me!