''ചെറുപ്പം മുതലേ പുരാണത്തോടും സ്പോർട്സിനോടും താത്പര്യമുണ്ടായിരുന്നു. ഒരു മത്സരമായിട്ടല്ല, ഒരു പാഷനായിട്ടാണ് ഞാനിതിനെ കാണുന്നത്...''
കുഞ്ഞുങ്ങളെ കഥ പറഞ്ഞു കൊടുത്ത് ഉറക്കുന്ന അച്ഛനമ്മമാരുണ്ടോ ഇന്നത്തെക്കാലത്ത്? ഉണ്ടെന്ന് മറുപടി പറയുന്നു, ധനേഷ് ദാമോദരൻ എന്ന അച്ഛൻ. വെറും കഥകളല്ല, ധനേഷ് മകൻ അദ്വൈത് കൃഷ്ണക്ക് പറഞ്ഞു കൊടുത്തത്. പഞ്ചതന്ത്രവും പറയിപെറ്റ പന്തിരുകുലവും രാമായണത്തിലെയും മഹാഭാരത്തിലെയും കഥകൾ പറഞ്ഞാണ് ധനേഷ് മകനെ ഉറക്കിയത്. അതുകൊണ്ടാണ് അദ്വൈത് കൃഷ്ണ എന്ന ആറാം ക്ലാസുകാരൻ പുരാണ ക്വിസ് മത്സരവേദികളിൽ സമ്മാനങ്ങൾ നേടി മുന്നേറുന്നത്. ഈ അച്ഛനും മകനും ക്വിസ് മത്സരവേദികളിലെ സജീവ സാന്നിദ്ധ്യങ്ങളാണ്. പ്രത്യേകിച്ച് രാമായണത്തെ അടിസ്ഥാനമാക്കിയ ക്വിസ് മത്സരങ്ങളിൽ. ധനേഷ് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.
30 വർഷം കൊണ്ട് ഏകദേശം 150 ലധികം ക്വിസ് മത്സര വേദികൾ. അവയിലെല്ലാം ഒന്ന്, അല്ലെങ്കിൽ രണ്ടാം സ്ഥാനം. ചിലയിടങ്ങളിൽ മത്സരാർത്ഥി. മറ്റ് ചില സ്ഥലങ്ങളിൽ ക്വിസ് മാസ്റ്റർ. ക്വിസ് മത്സരങ്ങളിലെ ധനേഷിന്‍റെ സാന്നിദ്ധ്യം ഇങ്ങനെയൊക്കെ. പുരാണങ്ങളോട് താത്പര്യം തോന്നുന്നത് നാലാം ക്ലാസിൽ പഠിക്കുന്ന സമയത്താണെന്ന് ധനേഷ് പറയുന്നു. ''എല്ലാ ക്വിസ് മത്സരങ്ങളിലും ഞാൻ പങ്കെടുക്കാറുണ്ട്. ഇപ്പോ കൂടുതലായി ശ്രദ്ധിക്കുന്നത് സ്പോർട്സ്, രാമായണം എന്നീ വിഷയങ്ങളിലാണെന്ന് മാത്രം. ഒരു മത്സരമായിട്ടല്ല, ഒരു പാഷനായിട്ടാണ് ഞാനിതിനെ കാണുന്നത്. നാലാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് പുരാണ വിഷയങ്ങളോട് താത്പര്യം തോന്നുന്നത്. വായനാശീലമുണ്ടായിരുന്നു. പക്ഷേ പുസ്തകങ്ങൾ വെറുതെ വായിച്ചു തള്ളുന്ന രീതിയായിരുന്നില്ല. എല്ലാ പുസ്തകങ്ങളും വളരെ ആഴത്തിൽ തന്നെ വായിക്കുമായിരുന്നു. 2005 കാലഘട്ടത്തിൽ, ജോലി കിട്ടിയ സമയത്ത്, ക്വിസ് മത്സരങ്ങളിൽ നിന്ന് ഒഴിവായി.'' പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ക്വിസ് മത്സരവേദികളിലേക്ക് ധനേഷ് തിരികെയെത്തുന്നത്.കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ ഏഴിലോട് സ്വദേശിയാണ് ധനേഷ് ദാമോദരന്‍.
''2018 - ൽ ഒരു ക്വിസ് പ്രോഗ്രാം നടത്താനുള്ള ഓഫർ വന്നു. പുരാണ ക്വിസ് മത്സരങ്ങളിൽ ഞാൻ പങ്കെടുക്കുന്നതായി അറിഞ്ഞ്, ക്വിസ് മാസ്റ്ററായിട്ടാണ് വിളിച്ചത്. അതിന് വേണ്ടി തയ്യാറെടുക്കുന്ന സമയത്ത് കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കാറുണ്ടായിരുന്നു. ഇപ്പോഴത്തെ കാലത്ത് ആരും കുട്ടികൾക്ക് കഥകളൊന്നും പറഞ്ഞു കൊടുക്കാറില്ലല്ലോ? രാത്രിയിൽ ഉറങ്ങാൻ കിടക്കുന്ന സമയത്താണ് ഞാൻ മകന് കഥകൾ പറഞ്ഞു കൊടുക്കുന്നത്. രാമായണകഥകളും പഞ്ചതന്ത്രം കഥകളുമായിരുന്നു പറഞ്ഞു തുടങ്ങിയത്. നാലഞ്ച് ദിവസങ്ങൾക്ക് ശേഷം അവനോട് കുറച്ച് ചോദ്യങ്ങൾ ചോദിച്ചപ്പോൾ കൃത്യമായി ഉത്തരം പറയാൻ തുടങ്ങി. പുരാണങ്ങളോട് അവന് താത്പര്യമുണ്ടെന്നും കാര്യങ്ങൾ ഓർമ്മിച്ചെടുക്കാൻ കഴിയുന്നുണ്ടെന്നും എനിക്ക് മനസ്സിലയി. അങ്ങനെ രണ്ടാം ക്ലാസ് മുതൽ ഞാൻ അവനെ ക്വിസ് മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ തുടങ്ങി. മൂന്നാം ക്ലാസിലെത്തിയപ്പോഴേക്കും അവൻ എക്സ്പെർട്ടായി. പ്ലസ് ടൂ തലത്തിലുള്ള മത്സരത്തിൽ പങ്കെടുത്ത് മുഴുവൻ മാർക്കും സ്കോർ ചെയ്തിരുന്നു.'' മകന്‍ അദ്വൈത് കൃഷ്ണയെക്കുറിച്ച് ധനേഷിന്‍റെ വാക്കുകള്‍. മൂന്നു വർഷം കൊണ്ട് 30ലധികം മത്സരങ്ങളിൽ അദ്വൈത് കൃഷ്ണ പങ്കെടുത്തിട്ടുണ്ട്. നവോദയ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് അദ്വൈത് കൃഷ്ണ.
''പണ്ടുമുതലേ കഥാപുസ്തകങ്ങൾ വായിക്കുന്ന ശീലമുണ്ടായിരുന്നു എന്ന് പറഞ്ഞല്ലോ.. അന്ന് വായിച്ചിരുന്ന ബാലരമ, പൂമ്പാറ്റ, ബാലമംഗളം ഇതിലെല്ലാം പുരാണകഥകളുണ്ട്. അമർചിത്രകഥയൊക്കെ പുരാണങ്ങളെ അടിസ്ഥാനമാക്കിയാണുള്ളത്. വായിച്ചു തുടങ്ങുന്ന സമയത്ത് തന്നെ കാണുന്നത് ഇത്തരം കഥകളാണ്. ഇതുകൊണ്ടൊക്കെ സ്വാഭാവികമായി പുരാണങ്ങളോട് ഒരു താത്പര്യം വന്നുതുടങ്ങിയതാണ്. സ്കൂളിൽ പഠിക്കുന്ന സമയത്താണ് ക്വിസ് പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ തുടങ്ങിയത്. എല്ലാ ക്വിസ് പ്രോഗ്രാമുകളിലും പങ്കെടുക്കുമായിരുന്നു. അന്നൊക്കെ രാമായണ മാസത്തിൽ ഒന്നോ രണ്ടോ ക്വിസ് മത്സരങ്ങൾ മാത്രമേ ഉണ്ടാകാറുളളൂ. 2010 ന് ശേഷമാണ് പുരാണങ്ങളെ അടിസ്ഥാനപ്പെടുത്തിയ ക്വിസ് മത്സരങ്ങൾ വ്യാപകമായത് എന്ന് എനിക്ക് തോന്നുന്നു. രാമായണവും മഹാഭാരതവും വെറും കഥകൾ മാത്രമാണെന്ന തെറ്റിദ്ധാരണ ഇപ്പോഴത്തെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. വിശ്വാസികളായാലും അവിശ്വാസി ആയാലും വായിക്കേണ്ട പുസ്തകമാണ് രാമായണം. രാമായണം മാത്രമല്ല, എല്ലാ പുരാണങ്ങളും. നമ്മുടെ യുക്തിക്ക് നിരക്കാത്ത ചില കഥകളുണ്ടാകും അതിൽ. നല്ലത് മാത്രം എടുക്കുക''. കൊവിഡ് കാലത്ത് ഓൺലൈൻ ക്വിസ് മത്സരങ്ങളിലും ധനേഷ് പങ്കെടുത്ത് വിജയി ആയിരുന്നു.
ഒരുമിച്ച് പഠിച്ച അമ്മയും മകളും ബിരുദധാരികൾ; കൈരളിക്ക് ഫസ്റ്റ് ക്ലാസ്! ആതിരക്ക് ഡിസ്റ്റിംഗ്ഷൻ!
''കുട്ടികളോട് ഞാൻ പറയാറുള്ളത്, കഥ എന്നുള്ളത് ഒഴിവാക്കിയിട്ട്, രാമായണവും മഹാഭാരതവും വായിച്ച് നമ്മുടേതായ രീതിയിൽ വ്യാഖ്യാനിച്ചു കൊണ്ടു പോകാം എന്നാണ്. രാമായണത്തിലും മഹാഭാരതത്തലും, പ്രധാനപ്പെട്ടവരെങ്കിലും അപ്രശസ്തരായ ചില കഥാപാത്രങ്ങളുണ്ട്. ഉദാഹരണത്തിന് കർണൻ, ഭരതൻ എന്നിവർ. അവരുടെ മനോവ്യാപാരത്തിന് അനുസരിച്ച് നമുക്ക് സഞ്ചരിച്ചു കൊണ്ട് നമ്മുടേതായ രീയിതിൽ ആവിഷ്കരിക്കാൻ സാധിക്കും. അതാണ് ശരിക്ക് ചെയ്യേണ്ടത്. മനസ്സിരുത്തി വായിക്കുന്നവരോട് മാത്രമേ നമുക്കിങ്ങനെ പറയാൻ കഴിയൂ. ഇലിയഡ്, ഒഡിസി പോലുള്ള ഇതിഹാസങ്ങളെ വായിക്കാതെ തന്നെ മഹത്തരമാണെന്ന് ആളുകൾ പുകഴ്ത്തുന്നുണ്ട്. എന്നാൽ നമ്മുടെ ഇതിഹാസങ്ങളായ രാമയണവും മഹാഭാരതവുമായി താരതമ്യപ്പെടുത്തിയാൽ അതൊന്നുമല്ല എന്ന് തോന്നും. ഇവയെല്ലാം വായിച്ച വ്യക്തികൾക്ക് അത് മനസ്സിലാകും.'' സ്പോർട്സിനെക്കുറിച്ചുള്ള പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ് ധനേഷ്. പുരാണങ്ങളെ വിഷയമാക്കിയ ഒരു പുസ്തകത്തെക്കുറിച്ചുള്ള ആലോചന മനസ്സിലുണ്ടെന്നും ധനേഷ് പറയുന്നു. പഞ്ചായത്ത് വകുപ്പിൽ ഹെഡ് ക്ലർക്ക് ആയി ജോലി ചെയ്യുകയാണ് ഇദ്ദേഹം. ഭാര്യ രമ്യ ഹയർസെക്കണ്ടറി അധ്യാപിക. രണ്ടാമത്തെ മകൻ മകൻ അഭിനവ് കൃഷ്ണ രണ്ടാം ക്ലാസിലാണ്.