Compassionate Kozhikode : കോഴിക്കോട് ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ്പ് പ്രോഗ്രാം; ജൂലായ് 7 വരെ അപേക്ഷിക്കാം

By Web Team  |  First Published Jun 30, 2022, 1:55 PM IST

ബിരുദധാരികളായ യുവതീ യുവാക്കൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് ജില്ലാ കല്കടറുടെ ഇന്റേർൺഷിപ്പ് പ്രോഗ്രാം.
 


കോഴിക്കോട്: ഡി.സി.ഐ.പി. - ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ്പ് പ്രോഗ്രാം (internship programme) - 2022 ജൂലായ് - ഒക്ടോബർ ബാച്ചിലേക്കുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലായ് 7 വരെ നീട്ടി. ബിരുദധാരികളായ യുവതീ യുവാക്കൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് (Compassionate Kozhikode) ജില്ലാ കളക്ടറുടെ ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാം.

പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാൻ അവസരം നൽകികൊണ്ട് സർക്കാർ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതൽക്ക് തന്നെ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കുടുതൽ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുക എന്നതാണ്‌ പരിപാടിയുടെ ലക്ഷ്യം. പാർശ്വവൽക്കരിക്കപ്പെട്ട വിവിധ സാമൂഹ്യവിഭാഗങ്ങളുടെ പ്രശ്നങ്ങളെ മനസ്സിലാക്കി കൊണ്ട് ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ അവസരം ലഭിക്കുന്നത് വഴി കൂടുതൽ വിശാലവും കരുണാർദ്രവുമായ ജീവിതവീക്ഷണമുള്ള സാമൂഹ്യപ്രതിബദ്ധരായ യുവജനസമൂഹത്തെ വാർത്തെടുക്കാൻ പരിപാടി മുഖാന്തിരം സാധിക്കുന്നു. വിവിധ സർക്കാർ പദ്ധതികളെ വിശകലനം ചെയ്യാൻ അവസരമൊരുക്കുക വഴി വിമർശനാത്മകമായി വിഷയങ്ങളെ സമീപിക്കുവാനും, പ്രശ്ന പരിഹാരത്തിനുമുള്ള കഴിവ് ആർജ്ജിക്കുന്നതിനും യുവജനങ്ങളെ സഹായിക്കും വിധമാണ്‌ പരിപാടി ക്രമീകരിച്ചിട്ടുള്ളത്.

Latest Videos

കംപാഷനേറ്റ് കോഴിക്കോട്, ഓപ്പറേഷൻ സുലൈമാനി, കംപാഷനേറ്റ് കോഴിക്കോട് സ്കോളർഷിപ്, ക്യാമ്പ്‌സെസ് ഓഫ്  കോഴിക്കോട്, ഉദയം, എനാബിളിങ് കോഴിക്കോട് , ക്രാഡിൽ, നമ്മുടെ കോഴിക്കോട്, ഉയരാം ഒന്നിച്ചു, ഹാപ്പി ഹിൽ, കാർബൺ ന്യൂട്രൽ കോഴിക്കോട്, എഡ്യൂ മിഷൻ, ഒപ്പം തുടങ്ങിയ ജില്ലാ ഭരണകൂടത്തിന്റെ പദ്ധതികളിൽ  ഇന്റേൺസിന്റെ ഇടപെടലുകൾ അത്യധികം പ്രശംസ അർഹിക്കുന്നതായിരുന്നു. നിപ്പ  പ്രതിരോധത്തിലും മഹാ പ്രളയത്തിന്റെ അനിതരസാധാരണമായ അതിജീവന പ്രവർത്തനങ്ങളിലും കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനങ്ങളിലുമെല്ലാം നിർണ്ണായക പങ്കാണ്‌ ഡി.സി.ഐ.പി. ഇന്റേർൺസ് വഹിക്കുന്നത്. 

ഇന്റേർൺഷിപ്പിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് വെബ്സൈറ്റ് സന്ദർശിച്ച് പ്രോഗ്രാം സംബന്ധിച്ച വിശദാംശങ്ങൾ വായിച്ച് മനസ്സിലാക്കിയതിന്‌ ശേഷം ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് നൽകുകയാണ്‌ വേണ്ടത്. നാല്‌ മാസമാകും ഇന്റേർൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. രണ്ട് ഘട്ടങ്ങളിലായാണ്‌ തിരഞ്ഞെടുപ്പ്. അപേക്ഷകളിൽ നിന്ന് പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ തുടർന്ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഇന്റർവ്യൂവിന്റെ തിയ്യതിയും വിശദാംശങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവരെ പിന്നീട് അറിയിക്കുന്നതാണ്‌. പുതിയ ബാച്ച് ജൂലായ് രണ്ടാം വാരം ആരംഭിക്കും.

വിശദ വിവരങ്ങൾക്ക് ജില്ലാ കലക്ടറുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകൾ സന്ദർശിക്കുകയോ 9847764000, 04952370200 എന്ന നമ്പറുകളിൽ വിളിക്കുകയോ projectcellclt@gmail.com എന്ന ഇ മെയിലിൽ ബന്ധപ്പെടുകയോ ചെയ്യാം.

 

click me!