സ്റ്റാര്‍ട്ടപ്പ് നിക്ഷേപസാധ്യതകളുമായി 'ഇഗ്നൈറ്റ്' കൊല്ലത്ത്; അവസരമൊരുക്കി കെ എസ് യു എം; വിശദാംശങ്ങളറിയാം

By Web Team  |  First Published Jan 21, 2023, 2:03 PM IST

സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുക, കേരളത്തിലെ നിക്ഷേപകരുടെ ഓഹരി സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ഗുണകരമാക്കുക എന്നീ ലക്ഷ്യങ്ങളും 'ഇഗ്നൈറ്റി'നുണ്ട്. 


കൊല്ലം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ നിക്ഷേപിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അവസരമൊരുക്കുന്നു. സ്റ്റാര്‍ട്ടപ്പുകളിലുള്ള നിക്ഷേപമനുസരിച്ച് മികച്ച റിട്ടേണ്‍സ് ലഭിക്കുമെന്നതാണ് പ്രത്യേകത. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ നിക്ഷേപിക്കാന്‍  പ്രോത്സാഹിപ്പിക്കുന്നതിനും ബോധവല്ക്കരിക്കുന്നതിനുമായി കെഎസ് യുഎം സംഘടിപ്പിക്കുന്ന 'ഇഗ്നൈറ്റ് 'പരിപാടി ഇതിന്‍റെ ഭാഗമാണ്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനും സ്റ്റാര്‍ട്ടപ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനും നിക്ഷേപകര്‍ക്ക് അവസരം ലഭിക്കും.

കേരളത്തിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഏകദിന പരിപാടിയുടെ മൂന്നാംപതിപ്പ് ജനുവരി 28 ന് കൊല്ലം ബീച്ച് ഓര്‍ക്കിഡ് ഹോട്ടലില്‍ നടക്കും. സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ താല്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ദി സീഡിംഗ് കേരള 23 ന്‍റെ മുന്നോടിയായാണ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇഗ്നൈറ്റ് പരിപാടി സംഘടിപ്പിക്കുന്നത്. 40ലധികം സ്റ്റാര്‍ട്ടപ്പുകളും ആറിലധികം നിക്ഷേപകരും സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ ശേഷിയുള്ള 30ലധികം നിക്ഷേപകരും  'ഇഗ്നൈറ്റില്‍ 'പങ്കെടുക്കും.

Latest Videos

undefined

സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുക, കേരളത്തിലെ നിക്ഷേപകരുടെ ഓഹരി സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ഗുണകരമാക്കുക എന്നീ ലക്ഷ്യങ്ങളും 'ഇഗ്നൈറ്റി'നുണ്ട്. നിക്ഷേപകശേഷിയുള്ളവര്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലേക്ക് വരുന്നതിലൂടെ സംരംഭക-സാമ്പത്തിക മേഖലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.

കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍വെസ്റ്റര്‍ നെറ്റ് വര്‍ക്കുകള്‍ താരതമ്യേന കുറവാണ്.  സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ കഴിവുള്ള ധാരാളം ആളുകള്‍ കേരളത്തിലുണ്ട്. പാരമ്പര്യരീതിയിലുള്ള നിക്ഷേപ പദ്ധതികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് പകരം കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിലെ സാധ്യതകളെ കുറിച്ച് അവരെ ബോധവല്ക്കരിക്കാന്‍ ഇത്തരം പരിപാടികളിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകളില്‍ നേരിട്ട് നിക്ഷേപിക്കുന്നതിനു പുറമേ സംസ്ഥാന സര്‍ക്കാരിന്‍റെ അംഗീകാരമുള്ള ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയിലൂടെയും സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാം. ദേശീയ ശ്രദ്ധ നേടിയ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപത്തിനു വഴി തെളിച്ച  ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയിലൂടെ കേരളത്തിലെ നാല്പതോളം സ്റ്റാര്‍ട്ടപ്പുകളില്‍ നൂറുകോടിയോളം രൂപയുടെ നിക്ഷേപമാണ് പുറമെ നിന്നുള്ള നിക്ഷേപകര്‍ നടത്തിയിട്ടുള്ളത്. അതില്‍ നിന്നും മികച്ച രീതിയിലുള്ള ഇന്‍വെസ്റ്റ്മെന്‍റ് റിട്ടേണ്‍സും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് ഇത്തരത്തിലുള്ള വിപുലമായ അവസരം  ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ മറ്റ് ജില്ലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും പങ്കെടുക്കാം. ഇന്‍വെസ്റ്റര്‍ കഫേ, നിക്ഷേപകര്‍ക്കുള്ള ക്ലാസ്, ഓഹരി ഉടമകളുടെ യോഗം, നെറ്റ് വര്‍ക്കിംഗ് സെഷന്‍, റൗണ്ട് ടേബിള്‍ ചര്‍ച്ച തുടങ്ങിയവ പരിപാടിയുടെ പ്രത്യേകതകളാണ്. സ്റ്റാര്‍ട്ടപ്പ് പിച്ചിംഗ്, നിക്ഷേപകര്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കുമിടയിലെ ആശയവിനിമയം മെച്ചപ്പെടുത്തേണ്ട രീതി തുടങ്ങിയവ പരിപാടിയില്‍ ചര്‍ച്ച ചെയ്യും.

ക്വയിലോണ്‍ മാനേജ്മെന്‍റ് അസോസിയേഷന്‍, കേരള എയ്ഞ്ചല്‍ നെറ്റ് വര്‍ക്ക്, കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, ടെക്നോപാര്‍ക്ക് കൊല്ലം, അമൃത വിശ്വവിദ്യാപീഠം, ടി.കെ.എം, എം.ഇ.എസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍, ജൂനിയര്‍ ചേംബര്‍ ഇന്‍റര്‍നാഷണല്‍, ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്‍റര്‍, റോട്ടറി ക്ലബ് എന്നിവരുമായി സഹകരിച്ചാണ് കെഎസ് യുഎം ഇഗ്നൈറ്റ് സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷന് സന്ദര്‍ശിക്കുക:  https://bit.ly/igniteKollam. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7012928335, 04712700270.

വൻ സന്നാഹങ്ങളൊരുക്കിയിട്ടും പിടികൊടുക്കാതെ പിടി സെവൻ; കാട്ടാന ഉൾക്കാട്ടിലേക്ക് നീങ്ങുന്നത് വെല്ലുവിളി


 

click me!